കിളിമാനൂര്‍: സഹോദരിമാരും കുഞ്ഞുമടക്കം മൂന്നുപേര്‍ ആത്മഹത്യ ചെയ്തസംഭവത്തില്‍ നിരവധി ദുരൂഹതകളും അവ്യക്തതകളും. കേസെടുത്ത കിളിമാനൂര്‍ പോലീസ് അപകടകാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. ആത്മഹത്യയ്ക്ക് കാരണക്കാരനായി സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് സൈനുദ്ദീന്റേത്. ഇദ്ദേഹം വീടിനോട് ചേര്‍ന്ന് കൊപ്രാ കച്ചവടം നടത്തുകയാണ്. മൂത്തമകള്‍ ജാസ്മിയെ വിവാഹം കഴിച്ചത് കൊല്ലം സ്വദേശിയായ റഹീമാണ്. ഇദ്ദേഹം ഖത്തറിലാണ്. ജാസ്മിയും മക്കളും ഇടയ്ക്കിടെ വിദേശത്ത് പോയി വരാറുണ്ട്. ഒടുവില്‍ ആറുമാസങ്ങള്‍ക്കു മുമ്പാണ് ജാസ്മിയും കുട്ടികളും നാട്ടിലെത്തിയത്. ഖത്തറില്‍ വച്ച് ഈ കുടുംബത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ നൂറ്റമ്പതിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്നു റഹീം.
മാസങ്ങള്‍ക്ക് മുമ്പ് ബിസിനസ് നഷ്ടത്തിലാവുകയും റഹീം കടക്കെണിയിലാവുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ ഖത്തറിലെ ലേബര്‍ കമ്മീഷനില്‍ പരാതി നല്കി. നഷ്ടപരിഹാരം നല്കാന് കഴിയാതെ വന്നതോടെ റഹീം ജയിലിലായി.
ഈ സമയം റഹീമിന്റെ കുടുംബ സുഹൃത്തായ യുവാവ് ജാസ്മിന്റെ കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. നഷ്ടപരിഹാര തുക കെട്ടിവച്ചാല്‍ മാത്രമേ റഹീമിന് മോചനം നേടാന്‍ കഴിയുമായിരുന്നുള്ളു. റഹീമിന്റെയും ജാസ്മിയുടെയും പേരിലുള്ള ആലംകോട്ടെ വസ്തു വില്ക്കാന് യുവാവിനെ ഏല്‍പ്പിച്ചു. 90ലക്ഷം രൂപയ്ക്ക് വിറ്റതായും പറയപ്പെടുന്നു. യുവാവിനെയാണ് പണം വിദേശത്തെത്തിക്കാന്‍ ജാസ്മിനും കുടുംബവും ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തുക നല്‍കേണ്ട അവസാന ദിവസമായ 29ന് പണമെത്തിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇത് കുടുംബത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ജാസ്മിനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇയാള്‍ ചതിക്കുകയായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഈ സംഭവം കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ തീവണ്ടിയുടെ മുന്നില്‍ ചാടി സജ്നയും മരിച്ചതോടെ അവ്യക്തതയുടെ വ്യാപ്തി വര്‍ദ്ധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയായ സജ്നയെ ഞായറാഴ്ച ഉച്ചയോടെ ജാസ്മിയും അമ്മ സോഫിയയും ചെന്ന് കണ്ടതായി പോലീസ് പറയുന്നു. കുടുംബം നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.
ഉമ്മയുടെയും, സഹോദരിയുടെയും കുഞ്ഞിന്റെയും വിവരമറിയാന്‍ സജ്ന ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് അപകടം പറ്റിയതായി സജ്നയെ വിവരമറിയിച്ചു. രാത്രിതന്നെ സജ്നയെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പോയി. പക്ഷെ സജ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുലര്‍ച്ചയോടെ സജ്ന മരിച്ചെന്ന വാര്‍ത്തയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇതോടെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ സംശയിക്കപ്പെടുന്ന യുവാവില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: