തിരുവനന്തപുരം: ജഡായു നേച്ചര്‍ പാര്‍ക്ക് കേരള ടൂറിസം രംഗത്ത് പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് 65 ഏക്കര്‍ സ്ഥലത്താണ് ബിഒടി മാതൃകയില്‍ കേരളത്തിലെ ടൂറിസം രംഗത്ത് ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തവുമായി ജഡായു നേച്ചര്‍ പാര്‍ക്ക്. 70 അടി ഉയരുമുള്ള ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പക്ഷിപ്രതിമ ഈ പാര്‍ക്കിലാണ് സ്ഥാപിക്കുന്നത്. ത്രിഡി തീയേറ്റര്‍, ഡിജിറ്റര്‍ മ്യൂസിയം, അഡൈ്വഞ്ചര്‍ സോണ്‍, ലോക നിലവാരത്തിലുള്ള ആയുര്‍വേദ, സിദ്ധ കേവി റിസോര്‍ട്ട് എന്നിവ ഇവിടെ ഉണ്ടായിരിക്കും. കേരളത്തിലെ ആദ്യത്തെ കേബിള്‍ കാറും ജഡായു പാര്‍ക്കിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദുബായ് കോര്പ്പറേഷന് ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് അന്താരാഷ്ട്ര കോര്‍പ്പറേഷന്‍സ് സ്റ്റേറ്റ് ഹോള്‍ഡര്‍ റിലേഷന്‍സ് ഡയറക്ടര്‍ മജീദ് അല്‍മാരി എന്നിവര്‍ പാര്‍ക്ക് ആകാശമാര്‍ഗം ചുറ്റിക്കണ്ടു. കേരള സര്‍ക്കാരില്‍ നിന്ന് ലീസിന് എടുത്ത ഭൂമിയില്‍ ആദ്യഘട്ടത്തില്‍ നൂറുകോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.
മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള അഡൈ്വഞ്ചര്‍ സോണിന്റെ ആദ്യഘട്ടം ജനുവരിയില്‍ ആരംഭിക്കും. പെയിന്റ് ബാള്‍, ലേസര്‍ ടാഗ്, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, റോക്ക് ക്ലൈമ്പിംഗ്, ബോള്‍ഡറിംഗ്, എടിഎസ് റാപ്പളിംഗ് തുടങ്ങി ആരെയും ത്രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് അഡൈ്വഞ്ചര്‍ പാര്‍ക്കില്‍ കാത്തിരിക്കുന്നത്. കേരള ടൂറിസം രംഗത്ത് പുതിയ നാഴികക്കല്ലായിരിക്കും ജഡായു പാര്‍ക്ക് എന്നും കേരളത്തിലെത്തുന്ന വിനോദയാത്രികളുടെ അനുഭവങ്ങള്‍ പുതിയ തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ ഇത് ഗുണകരമായിരിക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ ജഡായുപ്പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് രാജീവ് അഞ്ചല്‍ പറഞ്ഞു. ജഡായു പ്രതിമ രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹമാണ്.
വിദേശ, സ്വദേശ വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമായി ജഡായു നേച്ചര്‍ പാര്‍ക്ക് മാറുമെന്ന് ജഡായുപ്പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അജിത്കുമാര്‍ പറഞ്ഞു.
65 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പുരാണത്തില്‍ പരാമര്‍ശിക്കുന്ന ജഡായു എന്ന പക്ഷിയുടെ രൂപത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ പ്രതിമ ഇവിടെയായിരിക്കും. 200 അടി നീളവും 150 വീതിയും 70 ഉയരവുമാണ് ഈ പ്രതിമയ്ക്ക്. 15000 ചതുരശ്രയടി സ്ഥലത്താണ് പ്രതിമ നിര്‍മ്മിക്കുന്നത്. മൂന്നു നിലകളുള്ള പ്രതിമയ്ക്കുള്ളില് സവിശേഷമായ ഡിജിറ്റല്‍ മ്യൂസിയം, ത്രിഡി തീയറ്റര്‍, സാങ്കേതിക വിദ്യയുടെ അദ്ഭുതങ്ങള്‍, സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടി ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: