ആലപ്പുഴ: ജില്ലയിലെ 108 ആംബുലന്‍സുകളില്‍ തുറവൂരിലെയടക്കം നാലെണ്ണം ടയറും മറ്റും കേടായി കിടക്കുകയാണെന്നും നന്നാക്കാന്‍ നടപടിയെടുക്കണമെന്നും കോട്ടയത്തുനിന്നു സിവില്‍ സ്‌റ്റേഷന്‍ വഴി ആലപ്പുഴയിലേയ്‌ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമയക്രമം പാലിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസ് സര്‍വീസിന്റെ സമയക്രമം പാലിക്കാന്‍ നടപടിയെടുക്കുമെന്ന് ഡിറ്റിഒ അറിയിച്ചു.
ഓഗസ്റ്റില്‍ 853 റേഷന്‍ കടകളിലും 25 മൊത്ത വ്യാപാര ശാലകളിലും 19 മണ്ണെണ്ണ മൊത്ത വിതരണകേന്ദ്രങ്ങളിലും പരിശോധന നടത്തിയതായും 203 റേഷന്‍ കടകളിലും മൂന്ന് അരി മൊത്ത വ്യാപാരശാലകളിലും മൂന്നു മണ്ണെണ്ണ മൊത്ത വിതരണകേന്ദ്രങ്ങളിലും ക്രമക്കേട് കണ്ടെത്തി പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
നീരേറ്റുപുറത്തെ കുടിവെള്ള പ്ലാന്റില്‍നിന്ന് പൈപ്പ് സ്ഥാപിച്ച് വെള്ളക്കിണര്‍ ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളമെത്തിച്ച് തലവടി പ്രദേശത്തെ കുടിവെള്ളം ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും തിരുവല്ലയില്‍നിന്നുള്ള കുടിവെള്ളം എടത്വായ്‌ക്കു നല്‍കണമെന്നും തലവടി ഗ്രാമപഞ്ചായത്തംഗം ആര്‍. അജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിലും പനച്ചുവടുമുള്ള റെയില്‍വേ ക്രോസിങ്ങുകളില്‍ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലന്നും ജനുവരിയില്‍ ഭാഗികമായി പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
ഭൂതപ്പണ്ടം കായലില്‍ മത്സ്യകൃഷി നടത്താനുള്ള പദ്ധതി തയാറാക്കാന്‍ അഡാക്കിനെ ചുമതലപ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ നെല്ലു സംഭരണത്തിന് രജിസ്‌ട്രേഷന്‍ നടത്താന്‍ ഉടമ്പടി വയ്‌ക്കുന്നതിന് 200 രൂപയുടെ മുദ്രപത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ജില്ലാ രജിസ്ട്രാര്‍ പറഞ്ഞു. ഉടമ്പടികള്‍ക്ക് 200 രൂപയുടെ മുദ്രപത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതായും അദ്ദേഹം പറഞ്ഞു. സുനാമി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പുന്നപ്രയിലെ കോളനിയിലുള്ള 176 വീടുകളിലെ കക്കൂസിന്റെ നിര്‍മാണ അപാകത പരിഹരിച്ചതായി നിര്‍മിതി കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.
















