തിരുവനന്തപുരം: ഒമാനിലും ബഹ്റിനിലും കേരള ടൂറിസം റോഡ്ഷോ സംഘടിപ്പിച്ചു. തലസ്ഥാനനഗരമായ മസ്കറ്റിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നവംബര്‍ 23 നായിരുന്നു ഒമാനിലെ റോഡ് ഷോ. ബഹ്റിലേത് മനാമയിലെ ഇന്റര്‍നാഷല്‍ റീജന്‍സിയില്‍ നവംബര്‍ 25 നും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കേരള ടൂറിസത്തിനു പ്രത്യേക താത്പര്യമുണ്ടെന്ന് സംസ്ഥാന ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഒമാനിലെയും ബഹ്റിനിലെയും റോഡ്ഷോകള്‍ക്ക് മികച്ച പ്രതികരണമായിരുന്നെന്ന് റോഡ്ഷോയ്ക്ക് നേതൃത്വം നല്കിയ ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു.
ഒമാന്‍, ബഹ്റിന് സര്‍ക്കാരുകള്‍ കേരളവുമായുള്ള യാത്രാസൗകര്യം വികസിപ്പിക്കുന്നതിനു പദ്ധതിയിട്ടിട്ടുണ്ട്. കേരളത്തിലേക്ക് പുതിയ സര്‍വീസിനും ഒമാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള ഗേറ്റ്വേ ആകത്തക്കവിധത്തില്‍ മസ്ക്കറ്റിലെയും സലാലയിലെയും അന്ത്രാഷ്ട്ര വിമാനത്താവളങ്ങള്‍ വികസിപ്പിച്ചു വരികയാണ്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗള്‍ഫ് മേഖലയില്‍ കേരള ടൂറിസം റോഡ്ഷോ സംഘടിപ്പിക്കുന്നത്.
മസ്കറ്റില്‍ നടന്ന റോഡ് ഷോയില്‍ 30 പ്രമുഖ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. മനാമയിലെ റോഡ്ഷോയില്‍ 40 കമ്പനികളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്നുള്ള 14 വ്യവസായപങ്കാളികള്‍ രണ്ട് റോഡ് ഷോയിലും പങ്കെടുത്തു. ഒമാന്‍ സഞ്ചാരികള്‍ക്ക് കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടിലും വിസാ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 17,239 സഞ്ചാരികളാണ് ഒമാനില്‍ നിന്ന് കേരളത്തിലെത്തിയത്. ബഹ്റിനില്‍ നിന്ന് 3,674 വിനോദസഞ്ചാരികളെത്തി.
മസ്കറ്റില്‍ നടന്ന റോഡ്ഷോയില്‍ ഒമാന്‍ സുല്‍ത്താനേറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്ര മണി പാണ്ഡേ മുഖ്യാതിഥിയായിരുന്നു. ഒമാന്‍ ടൂറിസം മന്ത്രാലയത്തിലെ മൊഹമ്മദ് അല്‍ റിയാമിയും മസ്കറ്റില്‍ നടന്ന റോഡ്ഷോയില്‍ പങ്കെടുത്തു. ബഹ്റിനിലെ ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ മനാമയിലെ റോഡ്ഷോയില്‍ മുഖ്യാതിഥിയായി. റോഡ് ഷോ വിജയകരമാക്കുന്നതില്‍ ഇരുരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും എല്ലാ സഹകരണവും നല്‍കിയിരുന്നു. ഇന്ത്യ ടൂറിസം ഇന്‍ യുണൈറ്റൈഡ് അറബ് എമിറേറ്റ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഐ.ആര്.വി. റാവു രണ്ട് റോഡ്ഷോയിലും പങ്കെടുത്തു.
അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, ആള് സീസണ്, കാര്‍മേലിയ ഹവെന്‍, ചാണ്ടീസ് വിന്‍ഡ് വുഡ്സ്, ഡിസ്കവര് കേരള ഹോളിഡേയ്സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കൈരളി ദി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, കുമരകം ലേക്ക് റിസോര്‍ട്ട്, റക്സ കളക്ടീവ്, സ്പൈസ് ലാന്റ് ഹോളിഡേയ്സ്, ടി ആന്‍ഡ് യു ലെഷര്‍ ഹോട്ടല്‍, ദി സില്‍വര്‍ ടിപ്സ് മൂന്നാര്‍, ദി സൂരി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, തോമസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവയാണ് കേരളത്തില്‍ നിന്നുണ്ടായിരുന്ന വ്യവസായ പങ്കാളികള്‍.
ദേശീയ ഫോട്ടോഗ്രാഫി മത്സരം
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ)യുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തുന്ന അന്നം 2015 ദേശീയ ഭക്ഷ്യകാര്‍ഷിക ജൈവവൈവിധ്യ മഹോത്സവത്തോട് അനുബന്ധിച്ചുള്ള അഖിലേന്ത്യാ ഫോട്ടോഗ്രാഫിക് മത്സരത്തിനും പ്രദര്‍ശനത്തിനും എന്‍ട്രികള്‍ ക്ഷണിച്ചു.ഭക്ഷണസംസ്കാരവും കാര്‍ഷികജൈവ വൈവിധ്യം എന്നതാണ് വിഷയം. ഒരാള്‍ക്ക് നാല് കളര്‍ ഫോട്ടോകള്‍ വരെ അയയ്ക്കാം.
10,000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി 5,000 രൂപയും മൂന്നാംസമ്മാനമായി 3,000 രൂപയും പ്രോത്സാഹനസമ്മാനമായി അഞ്ചുപേര്‍ക്ക് 1000 രൂപാവീതവും ലഭിക്കും. പടങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 6. ഫോട്ടോകള്‍ അയയ്ക്കേണ്ട വിലാസം സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), ഉദാരശിരോമണി റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010. എന്‍ട്രി ഫോം www.cissa.co.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447243702 എന്ന മൊബൈല്‍ നമ്പരില്‍ വിളിക്കുക.
ഡിസംബര്‍ 10 മുതല്‍ 14വരെ കൊച്ചി രാജേന്ദ്രമൈതാനത്താണ് അന്നം 2015 അരങ്ങേറുന്നത്. 250ല്‍ പരം സ്റ്റാളുകള്‍ ഉള്‍പ്പെട്ട പ്രദര്‍ശനം, ദേശീയ സെമിനാര്‍, കേളികൊട്ട്, സാംസ്കാരിക പരിപാടികള്‍, പാരമ്പര്യ പാചകത്തില്‍ മത്സരങ്ങള്‍, മട്ടുപ്പാവിലെ കൃഷി, ജൈവകൃഷി, ഗാര്‍ഹിക ചവര്‍സംസ്കരണ രീതികള്‍, തുടങ്ങിവിഷയങ്ങളില് ശില്‍പ്പശാലകള്‍ എന്നിവ മേളയെ സജീവമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: