കൊച്ചി: സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെപിസിസി ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരടക്കം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. പെരുമ്പാവൂര്‍ യൂണിയനിലെ എസ്എന്‍ഡിപി പ്രവര്‍ത്തകരായ 60 പേരാണ് കോണ്‍ഗ്രസ്സിലെ സ്ഥാനങ്ങള്‍ രാജിവച്ചത്.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസിനും രാജിക്കത്തുകള്‍ അയച്ചിട്ടുണ്ട്. സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തിന് ശേഷം കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കണോയെന്ന് തീരുമാനിക്കുമെന്ന് പെരുമ്പാവൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടി.എന്‍. സദാശിവന്, കുറുപ്പംപ്പടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എന്‍.എ. തങ്കപ്പന്, ബീന ദിവാകരന്, യൂത്ത് കോണ്‍ഗ്രസ് മുടക്കുഴ മണ്ഡലം സെക്രട്ടറി ജിതിന് ഇടയത്ത്, മഴുവന്നൂര്‍ മണ്ഡലം എക്സിക്യൂട്ടീവ് മെമ്പര്‍ മനോജ് വലമ്പൂര്‍, യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ അനീഷ് ബാലകൃഷ്ണന്, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ ശകുന്തള ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്രയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സംഘടനാ പരമായി നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: