കൗമാരത്തിന്റെ സങ്കീര്‍ണതകള്‍ പങ്കുവെയ്ക്കുന്ന ‘താങ്ക്യു വെരിമച്ച്’ എന്ന സിനിമയുടെ ചിത്രീകരണം ദല്‍ഹിയില്‍ പൂര്‍ത്തിയായി. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള അറിവുകള്‍ പകരുന്നതിനൊപ്പം തന്നെ കച്ചവട സിനിമയുടെ എല്ലാ വിധ ചേരുവുകളും കൂട്ടിച്ചേര്‍ത്താണ് സിനിമ ഒരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
കൗമാര മനസുകളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് നടന് ബാബു നമ്പൂതിരി ചിത്രീകരണത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും മാതാപിതാക്കള്‍ നിര്‍ദേശം കൊടുക്കേണ്ട അവസ്ഥയിലാണ് ഇന്നത്തെ കൗമാര പ്രായക്കാര്‍. വീട്ടില്‍ നിന്നോ പുറത്തുനിന്നോ ഉള്ള ഒരു ചെറിയ സമ്മര്‍ദ്ദം പോലും അതിജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍, ബാബു നമ്പൂതിരി വ്യക്തമാക്കി.
കുട്ടികള്‍, മാതാപിതാക്കള്‍, കുട്ടികളുടെ വളര്‍ച്ചയില്‍ കണ്ണികളാകുന്ന സമൂഹത്തിലെ മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം മുതല്‍കൂട്ടാകുന്ന ഒരു ചലച്ചിത്രമാകും ഇതെന്ന് സംവിധായകന് സജിന്‍ലാല്‍ പറഞ്ഞു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം പത്രപ്രവര്ത്തകന് ആര്. അജിത്ത്കുമാറിന്റേതാണ്. സിനിമ ഡിസംബര്‍ അവസാന വാരം തിയറ്ററുകളിലെത്തും. മുത്തശനായി ബാബു നമ്പൂതിരിയാണ് വേഷമിടുന്നത്.
വിവിധ സിനിമകളിലൂടെ ശ്രദ്ധേയനായ അരുണ്‍ സിദ്ധാര്ത്ഥന് നായകനാകുന്നു. പുതുമുഖ നടന് അശ്വിനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ലെന, കല്ല്യാണി, വി.കെ ബൈജു, ഗൗരികൃഷ്ണ, കലാശാല ബാബു, ടോണി, കരുണാകരന് കടമ്മനിട്ട തുടങ്ങിയവര്‍ക്കൊപ്പം ഐ.ജി ശ്രീജിത്ത്, തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരും അഭിനയിക്കുന്നു. പിആര്‍ഒ അജയ് തുണ്ടത്തില്‍, പി.ഇ ഉഷയുടെ വരികള്‍ക്ക് റെജു ജോസഫ് സംഗീതം പകരും. ഷിബു തോമസാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍. ഛായാഗ്രഹണം: ശശി രാമകൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: