അടിയന്തരാവസ്ഥയ്ക്കുമുമ്പ് അഞ്ചെട്ടുകൊല്ലക്കാലം സദാ ഒരുമിച്ചുണ്ടായിരുന്ന കോഴിക്കോട്ടു കോവൂര്ക്കാരനായ രാമകൃഷ്ണന് അന്തരിച്ചുവെന്ന വാര്‍ത്ത കേസരി വാരികയില്നിന്നാണറിഞ്ഞത്. മറക്കാനാവാത്ത അടുപ്പമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അന്നു ഭാരതീയജനസംഘത്തിന്റെ അഖിലഭാരതീയ കാര്യദര്‍ശിയും പിന്നീട് ഉപാധ്യക്ഷനുമായിരുന്ന മുതിര്‍ന്ന പ്രചാരകന് നമ്മുടെയൊക്കെ അത്യാദരണീയ പി.പരമേശ്വര്‍ജിയുടെ സാരഥി ആയിരുന്നു രാമകൃഷ്ണന്. സാരഥിയെന്നത് കൊണ്ടു വെറും കാര്‍ ഡ്രൈവര്‍ മാത്രമായിരുന്നില്ല എന്നാണ് സൂചന.
കോഴിക്കോട്ട് ജനസംഘത്തിന്റെ അഖിലഭാരതസമ്മേളനം തീര്‍ച്ചപ്പെടുത്തുകയും അതിന്റെ തയ്യാറെടുപ്പിനു തീവ്രശ്രമങ്ങള്‍ തകൃതിയാവുകയും ചെയ്തപ്പോഴാണ് രാമകൃഷ്ണനെ കണ്ടെത്തിയത്. മുമ്പുണ്ടായിരുന്ന ഡ്രൈവര്‍ക്ക് ആ ഭാരം താങ്ങാന്‍ കഴിവുണ്ടായിരുന്നില്ല. അതിനെക്കാള്‍ ചുമതലാബോധം കമ്മിയായി കാണപ്പെട്ടപ്പോള്‍ പുതിയ ഡ്രൈവറുടെ ആവശ്യകത ബോധ്യപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘടനാ പ്രവര്‍ത്തനം ആവശ്യമായപ്പോള്‍ പൂര്‍ണസമയവും ചെലവഴിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്താനായി പരമേശ്വര്‍ജിയുടെ ശ്രമം. അധ്യാപകനായിരുന്ന കെ.ജി.മാരാര്‍, കോഴിക്കോട് ഓട്ടുകമ്പനി ജോലിക്കാരന് പി.എന്‍.ഗംഗാധരന് തുടങ്ങി നിരവധിപേര്‍ അന്ന് മുന്നോട്ടുവന്നു. ഗംഗാധരന് അയല്‍ക്കാരനായിരുന്ന ആമാടത്തു രാമകൃഷ്ണനെ ജനസംഘം കാര്യാലയത്തില്‍ കൊണ്ടുവന്നു. അന്ന് കാര്യാലയ കാര്യദര്‍ശി ആയിരുന്ന മണ്ടിലേടത്തു ശ്രീധരന്റെ പ്രാഥമിക ‘ഇന്റര്‍വ്യൂ’ കഴിഞ്ഞു പരമേശ്വര്‍ജിക്കു തൃപ്തിപ്പെട്ട് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു.
രാമകൃഷ്ണന്റെ സേവനം ‘നളപാക’മായിരുന്നു. ആ സാരഥ്യത്തില്‍ ഒരനിഷ്ട സംഭവവുമുണ്ടായിട്ടില്ലെന്നു പറയാന്‍ കഴിയും. കെഎല്‍ഡി 6897 അംബാസിഡര്‍ കാര്‍ എന്നും കണ്ടീഷനായിത്തന്നെ രാമകൃഷ്ണന് നിലനിര്‍ത്തി. വാഹനത്തിന്മേലുള്ള നിയന്ത്രണം പരിപൂര്‍ണമായിരുന്നു. ഇന്നത്തെ വാഹനത്തിരക്ക് അന്നില്ല. പക്ഷേ റോഡിന്റെ അവസ്ഥ ഇന്ന് സങ്കല്‍പ്പിക്കാനാവാത്തവിധം മോശമായിരുന്നു. എന്‍എച്ച് 17 അന്നു രൂപം കൊണ്ടിട്ടില്ല.
തൃശൂര്‍ ഷൊര്‍ണൂര്‍, തൃശൂര്‍ എറണാകുളം ഭാഗങ്ങളില്‍ എണ്ണിയാല്‍ തീരാത്തത്ര ലെവല്‍ ക്രോസിങ്ങുകള്‍, ചാലക്കുടിയിലും കുറുമാലിയിലും റെയില്‍ റോഡു പാലങ്ങള്‍ എന്നുവേണ്ട ഇന്ന് അചിന്ത്യമായ അവസ്ഥ. കുറേ ഭേദം എറണാകുളത്തിനു തെക്കോട്ടായിരുന്നു. പക്ഷേ ആ ഭാഗം സംഘടനാപരമായി അത്ര വളര്‍ന്നിരുന്നില്ല. ഇവിടെയൊക്കെ പരമേശ്വര്‍ജിയുമായി രാമകൃഷ്ണന് യാത്ര ചെയ്തു. എറണാകുളം കോഴിക്കോട് ദൂരം നാലുമണിക്കൂര്ക്കൊണ്ട് സഞ്ചരിക്കുക സാധാരണയായിരുന്നു. പ്രമുഖരായ സംഘ-ജനസംഘപ്രവര്‍ത്തകരുടെ വീടുകളില്‍ രാമകൃഷ്ണന് വെറും ഡ്രൈവര്‍ ആയിരുന്നില്ല.
പരമേശ്വര്‍ജി അദ്ദേഹത്തെ ആ വിധത്തിലല്ല കൊണ്ടുനടന്നു പരിചയപ്പെടുത്തിയത്. ഭക്ഷണസമയത്ത് സാധാരണ പ്രവര്ത്തകര്ക്കൊപ്പമിരുത്തിത്തന്നെ പെരുമാറി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെയെല്ലാം അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. അവരുടെ സ്വഭാവവും പെരുമാറ്റ രീതികളും സൂക്ഷ്മനിരീക്ഷണം നടത്തിയെന്നു പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചു.
കോഴിക്കോട് സമ്മേളനക്കാലത്ത് അതിന്റെ ചുമതല വഹിച്ചിരുന്ന രാം ഭാവുഗോഡ് ബൊലേജി, തന്റെ ഉപയോഗത്തിന് മുംബൈയില്‍നിന്ന് ഒരു കാറും ലക്ഷ്മണ് റാവു എന്ന ഡ്രൈവറേയും കൊണ്ടുവന്നിരുന്നു. ലക്ഷ്മണ റാവുവിന് മറാഠിയേ അറിയുമായിരുന്നുള്ളൂ. ഹിന്ദിപോലും കഷ്ടിയായിരുന്നു. കോഴിക്കോട് മറാഠി മാതൃഭാഷക്കാരായ ശ്രീറാം ഗുര്‍ജന്‍, താഹ്മണ്കര് തുടങ്ങിയ സ്വയംസേവകര്‍ ലക്ഷ്മണ് റാവുവിന് സഹായമായി. രാമകൃഷ്ണനും മറ്റുമായി വളരെ വേഗം സംവദിക്കാന്‍ ലക്ഷ്മണന് അതുമൂലം സാധിച്ചു.
കാറിന്റെ കണ്ടിഷന്‍, എപ്പോഴും മികച്ചതാക്കി നിര്‍ത്തുന്നതിലുള്ള ശ്രദ്ധ കാണേണ്ടതു തന്നെ ആയിരുന്നു. ബോണറ്റ് പൊക്കി അഴുക്കുകളെല്ലാം പോക്കി ശുചിയാക്കിവയ്ക്കുന്നത് നോക്കിനില്ക്കാന് തോന്നുമായിരുന്നു. സന്ദര്‍ഭവശാല്‍ മറ്റാരെങ്കിലും വണ്ടി ഓടിക്കേണ്ടിവരുമ്പോള്‍ അവര്‍ നല്കിയ പ്രശംസ ഒന്നാന്തരം സര്‍ട്ടിഫിക്കറ്റു തന്നെ. കാര്‍ കഴുകാന്‍ വളരെക്കുറച്ചു വെള്ളമേ അദ്ദേഹത്തിന് വേണ്ടിയിരുന്നുള്ളൂ. വിക്രമാദിത്യന് മൂന്നു കുമ്പിള് വെള്ളം കൊണ്ട് കുളിക്കുമായിരുന്നുവെന്നു പറയുമ്പോലെ മൂന്ന് ബക്കറ്റ് വെള്ളംകൊണ്ട് കാര്‍ കഴുകിത്തുടച്ചു വെക്കുന്നത് കാണേണ്ടതുതന്നെ. കോഴിക്കോട്ടെ വെള്ളക്ഷാമമായിരിക്കാം അദ്ദേഹത്തെ അതിനു പ്രാപ്തനാക്കിയത്.
അക്കാലത്തു സമകാലീന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും തയ്യാറാക്കിയിരുന്നു. അതിന്റെ ഒരു കെട്ട് കാറിന്റെ ഡിക്കിയിലുണ്ടാവും. പൊതുയോഗങ്ങള്‍, പ്രവര്‍ത്തക ശിബിരങ്ങള്‍ മുതലായ അവസരങ്ങളില്‍ അതിന്റെ വില്പ്പനച്ചുമതലയും രാമകൃഷ്ണന് നിര്‍വഹിച്ചുവന്നു.
രാമകൃഷ്ണന്റെ വിവാഹത്തില്‍ പരമേശ്വര്‍ജിക്കും എനിക്കും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങളെ അദ്ദേഹം വീട്ടില്‍കൊണ്ടുപോയി സല്ക്കരിച്ചു. അതിനിടെ മറക്കാനാവാത്ത ഒരു സംഭവം നടന്നു. ഒരു പരിപാടിക്കായി എനിക്ക് കോഴിക്കോട്ടുനിന്നും വയനാട്ടിലേക്കു പോകേണ്ടിയിരുന്നു. കാര്‍ ഉപയോഗിക്കാന്‍ മണ്ടിലേടത്തു ശ്രീധരന് പറഞ്ഞിട്ടും ഞാന്‍ ബസ്സില്‍ പോയി. കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയ്ക്ക് ആളില്ലാത്ത ഒരു സ്ഥലത്ത് ബസ് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി. യാത്ര തുടരാന്‍ സാധ്യമല്ലാതെ വന്നു. വിവരം കോഴിക്കോട്ടറിയിക്കാന് ഫോണ്‍ സൗകര്യമുള്ള ഇടമന്വേഷിച്ചു നടന്നു.
ഒരു ഹാജിയാരുടെ കട കണ്ടു. അവിടെ ഫോണുണ്ട്. പക്ഷേ നമ്പര്‍ പ്ലീസ് പറഞ്ഞു കാള്‍ ബുക്ക് ചെയ്ത് ബദ്ധപ്പെടാന്‍ പ്രയാസപ്പെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞു ശ്രീധരേട്ടനെ കിട്ടി. രാമകൃഷ്ണനും അദ്ദേഹവും പാഞ്ഞ് സ്ഥലത്തെത്തി. വയനാട്ടില്‍ വിവരമറിയിച്ച് പരിപാടി വേണ്ടെന്നുവെപ്പിച്ചു. കോഴിക്കോട്ടേക്കു മടങ്ങി. എന്തൊക്കെയോ അസ്വാസ്ഥ്യം തോന്നിയതിനാല്‍ ഒരു ഡോക്ടറെ കണ്ട് കുഴപ്പമില്ല എന്നുറപ്പുവരുത്തി. രാമകൃഷ്ണന്റെയും ശ്രീധരേട്ടന്റെയും ശാസനയും കേട്ടു.
കര്‍ണാടകത്തിലെ ഹുബ്ലിയില്‍ ജനസംഘത്തിന്റെ ദേശീയ പ്രതിനിധി സഭ ചേര്‍ന്നപ്പോള്‍, ആ യാത്ര കാറിലാകാമെന്ന് നിര്‍ദ്ദേശം വന്നു. പരമേശ്വര്‍ജി, രാജേട്ടന്, ദേവകിയമ്മ, ഞാന്‍, രാമന്‍പിള്ള എന്നിവരാണെന്നാണ് ഓര്മ. മംഗലാപുരം, കൊല്ലൂര്‍ മൂകാംബിക വഴിയാണ് ഹുബ്ലിയിലെത്തിയത്. മംഗലാപുരത്തുനിന്ന് സി.ജി. കമ്മത്തും മറ്റും അനുഗമിച്ചിരുന്നു. കാലവര്‍ഷം തകര്‍ത്തു പെയ്ത ആ കാലത്തെ യാത്ര മറക്കാനാവില്ല. സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കു പുറമേ സന്ദര്‍ശകര്‍ക്കുള്ള ഭാഗത്ത് രാമകൃഷ്ണന് ഇരിപ്പിടവും താമസവും ഒരുക്കിയിരുന്നു. മടക്കത്തില്‍ ശരാവതി നദിയിലെ ഗരസപ്പോ വെള്ളച്ചാട്ടവും ലിംഗനാമക്കി അണക്കെട്ടും മറ്റും സന്ദര്‍ശിച്ചു.
1972 ലാണെന്നു തോന്നുന്നു, ബെംഗളൂരില്‍ ദക്ഷിണമേഖലയിലെ സംഘടനാകാര്യദര്‍ശി, സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നാലുദിവസത്തെ ശിബിരം നടന്നപ്പോഴും രാമകൃഷ്ണന് കാറില്‍ തന്നെക്കൊണ്ടുപോയി. അക്കുറി വൈറ്റ് ഫീല്‍ഡ് സായിനിലയത്തില്‍ പോകാനും സത്യസായിബാബായുടെ ദര്‍ശനത്തിനും അവസരമുണ്ടായി.
എന്നെ ഡ്രൈവിങ് പഠിപ്പിക്കാന്‍ രാമകൃഷ്ണന് 1975 ല്‍ ഒരു ശ്രമം നടത്തി അക്കാലത്ത് ഏറ്റവും നല്ല റോഡായി കരുതപ്പെട്ട മാവൂര്‍ റോഡില്‍ ഒരു രാത്രി ഗുരുദക്ഷിണ നല്കി വളയം പിടിച്ചു രണ്ടുമൂന്നു മണിക്കൂറിലെ പഠിപ്പ് തൃപ്തികരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ക്ലാസ് എറണാകുളം യാത്ര കഴിഞ്ഞു മടങ്ങിയശേഷമാവാമെന്നുറപ്പിച്ചു പിരിഞ്ഞു. പക്ഷേ അതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപനം വന്ന് അതലസിപ്പോയി. എന്റെ ഡ്രൈവിങ് പഠനവും തീര്‍ന്നു.
എന്റെ തൊടുപുഴയിലെ വീടുമായും അദ്ദേഹത്തിന് ഹൃദയംഗമമായ അടുപ്പമുണ്ടായി.
പരമേശ്വര്‍ജിക്ക് ഒരിക്കല്‍ ‘ദേവീകടാക്ഷ’മുണ്ടായി. ഭേദപ്പെട്ടശേഷം രണ്ടാഴ്ച നിര്‍ബന്ധ വിശ്രമം വേണ്ടിയിരുന്നു. അതിനു തൊടുപുഴയിലെ എന്റെ വീടാകാമെന്ന നിര്‍ദ്ദേശം ഭാസ്കര്‍ റാവുജിക്കും സ്വീകാര്യമായി. സന്ദര്‍ശകരുടെ ബഹളം ഒഴിവാക്കാന്‍ പറ്റിയ സ്ഥലമായിരുന്നു അന്നു തൊടുപുഴ. രാമകൃഷ്ണന് അങ്ങനെ അച്ഛനും അമ്മയും മറ്റുമായി അടുപ്പത്തിലായി. പിന്നീട് പലപ്പോഴും അവിടെ പോകാന്‍ അവസരമുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് കെഎല്‍ഡി 6897 പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതിനാല്‍ അത് രഹസ്യമായി വില്‍പ്പന നടത്തി.
രാമകൃഷ്ണന് ഒരു ലോറി ഡ്രൈവറായി. ലോറി തൊടുപുഴ ഭാഗത്തുകൂടി പോകേണ്ടി വന്നപ്പോഴൊക്കെ അദ്ദേഹം വീട്ടില്‍ ചെന്നു കുശലാന്വേഷണം നടത്തുമായിരുന്നു. അങ്ങനത്തെ അവസരങ്ങളില്‍ അദ്ദേഹം ജന്മഭൂമിയിലും അന്വേഷിച്ചുവരാറുണ്ടായിരുന്നു.
കേസരി സുവര്‍ണജയന്തി പരിപാടികള്‍ക്കിടയ്ക്ക് കോഴിക്കോട്ട് കണ്ടിരുന്നു. പിന്നെ വിവരമുണ്ടായിട്ടില്ല. അന്തരിച്ച വിവരം കേസരിയില്‍ വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ശൂന്യത അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് എന്നെ പരിചയമുണ്ടാവില്ല. രാമകൃഷ്ണന്റെ സ്മരണകള്‍ ഒരിക്കലും മായാതെ മനസ്സില്‍ നില്ക്കുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: