നെടുമങ്ങാട്: ഉപ്യോക്താക്കളെ കേന്ദ്രീകരിച്ചുള്ള സ്റ്റാള്‍ കേരളത്തില്‍ വൈദ്യുതി വിതരണത്തില്‍ കാലങ്ങളായി നടപ്പാക്കപ്പെട്ടിട്ടുള്ള പരിഷ്കാരങ്ങളെക്കുറിച്ചു സൂചനകള്‍ നല്‍കുന്നതായിരുന്നു. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ആദ്യകാലം മുതല്‍ ഉപയോഗിച്ചു വരുന്ന വിവിധ മീറ്ററുകള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. കമ്പ്യൂട്ടര്‍വത്ക്കൃത സ്മാര്‍ട്ട് ബില്ലിങ് സംവിധാനം ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഗുണകരമാകുമെന്നു സ്റ്റാളില്‍ വിശദീകരിച്ചുനല്കിയിരുന്നു. ചെറിയ അളവിലുള്ള വൈദ്യുതി ഉപയോഗം പോലും രേഖപ്പെടുത്താന്‍ നൂതന ഇലക്ട്രോണിക് മീറ്ററുകള്‍ക്കു സാധിക്കും. ഉപഭോഗം
കൂടുതലായ സമയത്തു വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനവും ഓണ്‍ലൈനായി പണമടയ്ക്കാനുള്ള മാര്‍ഗവും ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനാണു കെഎസ്ഇബിയുടെ ശ്രമം. ഓരോ വൈദ്യുതോപകരണത്തിനും ആവശ്യമായ ശരാശരി വൈദ്യുതി യൂണിറ്റ് എത്രയെന്ന പട്ടികയും വിവിധ താരിഫുകളിലുള്ള വൈദ്യുതിനിരക്കിന്റെ പട്ടികയും സ്റ്റാളിലുണ്ടായിരുന്നു. ദൂരദര്‍ശനില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളെ അധികരിച്ചു പ്രദര്‍ശിപ്പിക്കുന്ന പരിപാടിയായ സ്പന്ദനത്തിലെ ഭാഗങ്ങള്‍ കാണാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്.
പണമിടപാടില്‍ ചതി പറ്റാതിരിക്കാന്‍ കരുതിയിരിക്കേണ്ടതെന്തൊക്കെ എന്നു വിശദീകരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാളിനാണു രണ്ടാം സ്ഥാനം. കള്ളനോട്ട് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നമ്മെ എങ്ങനെയൊക്കെ അപകടത്തില്‍ ചാടിക്കാമെന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുമൊക്കെ സ്റ്റാളിനെ വ്യത്യസ്തമാക്കി.
മൂന്നാം സ്ഥാനം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററും(എല്പിഎസ്സി) സര്‍വശിക്ഷാ അഭിയാനും പങ്കിട്ടു. ബഹിരാകാശ രംഗത്ത് ഇന്ത്യക്ക് ഇതുവരെയുണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങളാണ് എല്പിഎസ്സി സന്ദര്‍ശകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ആദ്യ ഉപഗ്രഹമായ ആര്യഭടയെക്കുറിച്ചുള്ള അറിവു മുതല്‍ ചന്ദ്രയാന്‍ യാഥാര്‍ഥ്യമാക്കിയ എല്‍എഎം എന്ജിന് വരെ സ്റ്റാളിലുണ്ടായിരുന്നു. എഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി ഉപഗ്രഹങ്ങളെക്കുറിച്ച് ഉള്‍പ്പെടെയുള്ള വിവരണങ്ങളും ശ്രദ്ധേയമാണ്. സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിജ്ഞാനവും പുതുമയും പകരാനാണു സര്‍വശിക്ഷാ അഭിയാന് പ്രദര്‍ശനത്തില്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: