തിരുവനന്തപുരം: ന്യായാധിപ നിയമനത്തിനുള്ള കൊളീജിയം യഥാര്‍ഥത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് നാഷണല്‍ ലോ സ്കൂള്‍ ചെയര്മാന് ഡോ എന്‍.ആര്. മാധവമേനോന്. ജനാധിപത്യസംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ദേശീയ നിയമ ദിനാചരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അസാധാരണമായ അധികാരം ഉള്ളവരാണ് ജഡ്ജിമാര്‍. ഭാരത ജനതയുടെ ഭാവി നിശ്ചയിക്കാന്‍ അധികാരമുള്ളവരാണ് സുപ്രീംകോടതി ജഡ്ജിമാര്‍. അവരെ നിയമിക്കുന്നതില്‍ സുതാര്യതയും ജനാധിപത്യ സ്വഭാവവും അത്യാവശ്യമാണ്. കൊളീജിയം സംവിധാനത്തില്‍ അതില്ല. നിയമനം സുതാര്യമാക്കാന്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷനെ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ തീരുമാനപ്രകാരം അട്ടിമറിച്ചത് അംഗീകരിക്കാനാകില്ല. കമ്മീഷന് സംവിധാനത്തില്‍ പരിമിതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു സുപ്രീംകോടതി നല്‍കേണ്ടിയിരുന്നത്. കമ്മീഷനില്‍ കേന്ദ്ര നിയമമന്ത്രി ഉള്ളത് അംഗീകരിക്കാന്‍ ആകില്ലെന്നത് ജഡ്ജിമാരുടെ കൊളോണിയല്‍ മനഃസ്ഥിതിയാണ്. ജഡ്ജി നിയമനത്തില്‍ ജനാധിപത്യഅംശം കൂടിയേ തീരൂ. അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്ലാവര്ക്കും നീതി ഉറപ്പാക്കി ധര്‍മം ഉറപ്പുവരുത്താന്‍ മതാതീതമായുള്ള നിയമം നടപ്പാക്കണം. അങ്ങനെ വരുമ്പോഴാണ് ധര്‍മരാജ്യം ആകുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. നിയമം, അഭിഭാഷകന്, ജഡ്ജി എന്നിവര്‍ക്കുവേണ്ടി മാത്രമല്ല ജനങ്ങള്‍ക്കും കൂടിയുള്ളതാണ് നിയമം. ഗാന്ധിജി രാമരാജ്യം വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ റൂള്‍ ഓഫ് ലാ എന്ന പൗരസ്ത്യ സങ്കല്പത്തിനു തുല്യമായ കാഴ്ചപ്പാടാണ് നിയമവിദഗ്ധര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വവും സോഷ്യലിസവുമാണ് ഭരണഘടനയിലുള്ളത് എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നമ്മുടെ ഭരണഘടനയിലില്ല. ഇന്ത്യയെ വെട്ടിമുറിച്ചപ്പോഴും വിവിധ മതങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മതത്തിന്റെ പേരില്‍ വിവേചനം പാടില്ല എന്ന് വ്യക്തമായി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊതു സിവില്‍കോഡ് ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നടപ്പിലാക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണിത്. ആ അടിസ്ഥാന തത്ത്വങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ അഭിഭാഷക പരിഷത്ത് ദക്ഷിണ ഭാരത സെക്രട്ടറി അഡ്വ ആര്. രാജേന്ദ്രന്, കൊളീജിയം, പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി.ആര്. ശ്യാം അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം അഡ്വ വെളളായണി രാജഗോപാല്‍, സംസ്ഥാന സമിതി അംഗം പി. സന്തോഷ്കുമാര്‍, ജില്ലാ സെക്രട്ടറി അഡ്വ കരിയം സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് അഡ്വ അണിയൂര്‍ അജിത്കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: