മുഹമ്മ: അപകടത്തില്‍പെട്ട പിഞ്ചുകുഞ്ഞടക്കമുള്ളവരെ നിമിഷങ്ങള്‍ക്കകം ആശുപത്രിയിലെത്തിക്കാന്‍ മനോധൈര്യംകാട്ടി യുവാവ് മാതൃകയായി. വലിയകലവൂര്‍ മറ്റത്തില്‍വെളിയില്‍ ആന്റണിയുടെ മകന്‍ ബിനു(22)ആണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.ദേശീയപാതയില്‍ ബിവറേജിന് സമീപം ഇന്നലെ വൈകിട്ട് 4.40 ഓടെയാണ് കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചത്. കൊല്ലം കാവനാട് ശ്രീവിലാസം പുത്തന്‍വീട്ടില്‍ അംബികാദേവി(60)ഡ്രൈവര്‍ ശിവകുമാര്‍(49),ഭാര്യ ഷീല(48)ഇരട്ടകുട്ടികളായ മക്കള്‍ ഇര്‍ഷാന,ഇര്‍ഷാനി എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ട കാറില്‍ നിന്നും ഇവരെ പുറത്തെടുക്കാനും ആശുപത്രിയിലെത്തിക്കാനും മുന്‍കൈയെടുത്തത് ബിനുവാണ്. ടൈല്‍സ് പണിക്കാരനായ ബിനു റോഡരികില്‍ നില്‍ക്കുമ്പോഴാണ് തൊട്ടുമുമ്പില്‍ അപകടമുണ്ടായത്. ദൃക്‌സാക്ഷികളില്‍ പലരും പകച്ചുനിന്നപ്പോള്‍ ഈ യുവാവ് മനോധൈര്യം കൈവിടാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു. കാറിലിടിച്ച ശേഷം നിയന്ത്രണം തെറ്റിയ ടാങ്കര്‍ലോറി സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്താണ് നിന്നത്.കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ ദുരന്തമൊഴിവായി.
കലവൂര്‍ ബിവറേജിന് സമീപം വാഹനാപകടങ്ങള്‍ നിത്യസംഭവമാകുകയാണ്. രണ്ടാഴ്ചയ്‌ക്കിടെ നിരവധി അപകടങ്ങള്‍ ഇവിടെയുണ്ടായി. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വൃദ്ധ കഴിഞ്ഞ ദിവസമാണ് ലോറിയിടിച്ച് മരിച്ചത്.ബിവറേജില്‍ മദ്യംവാങ്ങാനെത്തുന്നവര്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കുചെയ്യുന്നതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















