മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ദയനീയ പരാജയത്തിന്റെ പ്രധാന ഉത്തരവാദികള്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാരാണെന്ന് വിമതവിഭാഗം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ രാജി കേവലം തമാശ മാത്രമാണെന്നും യുഡിഎഫിനെ വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ഉള്ള കഴിവൊന്നും ഡിസിസി പ്രസിഡന്റിനില്ലെന്നും വിമതര്‍ പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല. മന്ത്രിമാരായ ആര്യാടനും അനില്‍കുമാറും അവര്‍ക്ക് ഇഷ്ടമുള്ളവരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വെച്ചതും ആ നിലക്കാണ്. അര്‍ഹതപ്പെട്ട ആര്‍ക്കും സീറ്റ് നല്‍കിയില്ല. പല വാര്‍ഡുകളിലും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത മന്ത്രിയുടെ ഇഷ്ടക്കാരെ പണം ചില വാക്കി മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിഡ്ഢികളാക്കുന്ന നടപടി നേതൃത്വം അവസാനിപ്പിക്കണം. പാര്‍ട്ടിയില്‍ നിന്നും അന്യയമായി പുറത്താക്കിയ മുഴുവന്‍ പ്രവര്‍ത്തകരെയും തിരിച്ചെടുക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കാപ്പില്‍ അഹമ്മദ്കുട്ടി, സി.ടി.വേലായുധന്, പാലോട്ടില്‍ മുഹമ്മദ്, കാക്കറ വാസു, അബ്ദുറഹിമാന് തച്ചറാവില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: