പത്തനംതിട്ട: എസ്എന്‍ഡിപിയോഗം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട യൂണിയനില്‍ തട്ടിപ്പെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സമത്വ മുന്നേറ്റയാത്രയുടെ ശോഭകെടുത്താനെന്ന് എസ്എന്‍ഡിപിയോഗം പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ.പത്മകുമാര്‍ , സെക്രട്ടറി സി.എന്‍.വിക്രമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമത്വ മുന്നേറ്റയാത്രയുടെ ഉദ്ഘാടന ദിവസം തന്നെ ഇത്തരം വാര്‍ത്ത വന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. ഡിസംബര്‍ 3 ന് പത്തനംതിട്ടയിലെത്തുന്ന ജാഥയുടെ ശോഭകെടുത്താനും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള ശ്രമമാണ് വാര്‍ത്തയ്ക്ക് പിന്നിലുള്ളത്.
കഴിഞ്ഞ ഒക്ടോബര്‍ 30ന് പത്തനംതിട്ട സിഐയ്ക്ക് ലഭിച്ച പരാതിയിന്മേല് യാതൊരു അന്വേഷണവും നടത്താതെ മിനിട്ടുകള്‍ക്കകം യൂണിയന് പ്രസിഡന്റിനേയും സെക്രട്ടറിയേയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇത് ശക്തമായ സ്വാധീനംമൂലമാണ്. പോലീസിന് നല്കിയ പരാതിയില്‍ തുകകള്‍ വകമാറ്റി ചിലവഴിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തട്ടിപ്പെന്ന നിലയിലാണ്. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയനില്‍ ഇന്നേവരെ മൈക്രോ ഫിനാന്‍സ് ഫണ്ട് വിതരണം, പിന്നോക്ക വികസന കോര്പ്പറേഷന് ലോണ്‍ വിതരണം, യൂണിയന് ഫണ്ട് വിനിയോഗം എന്നിവയില്‍ യാതൊരു വിധ ക്രമക്കേടുകളും നടന്നിട്ടില്ല. 2007-08 കാലഘട്ടത്തിലോ അതിന് ശേഷമോ ആവശ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭിച്ചില്ല എന്നുള്ള പരാതിയും ഇതുവരെയുണ്ടായിട്ടില്ല. യൂണിയന്റേയും യോഗത്തിന്റേയും എല്ലാ പ്രവര്‍ത്തനങ്ങളേയും എതിര്‍ക്കുന്ന ചില ആളുകള്‍ മാത്രമാണ് പരാതിക്കാരായുള്ളത്. യോഗവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമായി പുറത്തുപോയവര്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നവരാണ് പരാതിഉന്നയിക്കുന്നത്. കൊല്ലം കോടതിയില്‍ ഈ വിഷയങ്ങള്‍തന്നെ കാണിച്ചുകൊടുത്ത കേസ് വാസ്തവമില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: