വിളപ്പില്‍ശാല: പടവന്‍കോട് ജുമാ മസ്ജിദില്‍ നിന്ന് കുടുംബത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. പടവന്‍കോട് എംഎകെ മന്‍സിലില്‍ അബ്ദുള്‍ സലാം (51), ഭാര്യ ഷെരീഫ (48), മക്കളായ ഷമീര്‍, ഷമീന്‍ എന്നിവര്‍ക്കാണ് പള്ളി കമ്മിറ്റി വിലക്ക് കല്‍പ്പിച്ചതെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പടവന്‍കോട് പള്ളിക്ക് സമീപത്ത് അബ്ദുള്‍ സലാമിന് 30 സെന്റ് വസ്തുവുണ്ട്. പള്ളിക്ക് അരികിലൂടെയാണ് ഈ വസ്തുവിലേക്കുള്ള വഴി. ഈ വഴിയുമായി ബന്ധപ്പെട്ട് അബ്ദുള്‍ സലാമും പള്ളി കമ്മറ്റിയുമായി കോടതിയില്‍ തര്‍ക്കം നിലനിന്നിരുന്നു. അടുത്തിടെ അബ്ദുള്‍ സലാമിന് അനുകൂലമായി ജില്ലാ കോടതിയില്‍ നിന്ന് വിധിയുണ്ടായി. ഇതില്‍ ക്ഷുഭിതരായ പള്ളി ഭാരവാഹികള്‍ സസ്പെന്ഷന് എന്ന ഓമനപ്പേരിട്ട് തങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നെന്ന് അബ്ദുള്‍ സലാം പറയുന്നു. കഴിഞ്ഞയാഴ്ച ജുമാ നമസ്കാരത്തിനുശേഷം ഭാരവാഹികള്‍ വിശ്വാസികളെ വിളിച്ചുകൂട്ടിയാണ് തന്നെയും കുടുംബത്തെയും പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ നിന്നു വിലക്കിയ തീരുമാനം അറിയിച്ചതെന്ന് അബ്ദുള്‍ സലാം പറഞ്ഞു. മക്കളുടെ വിവാഹം, കുടുംബത്തില്‍ ഉണ്ടാകുന്ന മംഗളകര്‍മങ്ങള്‍, മറ്റ് മതപരമായ ആചാരങ്ങള്‍ എന്നിവയ്ക്കൊന്നും വിലക്ക് നിലനിന്നാല്‍ ജമാ അത്ത് അനുമതി ഉണ്ടാകില്ല. ഇത് തങ്ങളെ ഊരു വിലക്കുന്നതിനു തുല്യമാണെന്നും അബ്ദുള്‍ സലാം ആരോപിക്കുന്നു.
എന്നാല്‍ പള്ളിയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന ആരോപണം പടവന്‍കോട് മുസ്ലിം ജമാ അത്ത് ഭാരവാഹികള്‍ നിഷേധിച്ചു. പള്ളിക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യത്തിന് കോടതിയില്‍ പോയതിന് ആവലാതിക്കാരനോട് വിശ്വാസികള്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. മറ്റ് ആരോപണങ്ങള്‍ കരുതികൂട്ടി പള്ളി കമ്മറ്റിയെ ആക്ഷേപിക്കാന്‍ ഉദ്ധേശിച്ചുള്ളതാണെന്നും ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: