ശിവാകൈലാസ്
തിരുവനന്തപുരം: ആവശ്യത്തിന് ജീവനക്കാരില്ലാതെ, ശുദ്ധീകരണം കാര്യക്ഷമമാക്കാതെ തലസ്ഥാനജില്ലയിലെ ജനങ്ങളെ ചെളിവെള്ളം കുടിപ്പിക്കുകയാണ് വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള അരുവിക്കര പ്ലാന്റ്. റോ വാട്ടര്‍ ടെറിബിഡിറ്റി എന്ന പേരില്‍ സാങ്കേതികമായി അറിയപ്പെടുന്ന ചെളിയുടെ സാന്നിധ്യം അരുവിക്കര ശുദ്ധജല പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ അളവിലും കൂടുതലായുണ്ടെന്നാണ് വിവരം.
അന്തര്‍ദേശീയ നിലവാരമനുസരിച്ച് ഒരു പിപിഎമ്മില്‍ കൂടുതല്‍ ചെളിയുടെ അംശം കുടിവെള്ളത്തില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ അരുവിക്കര പ്ലാന്റില്‍ നിന്നെത്തുന്ന കുടിനീരില്‍ ചെളിയുടെ അളവ് പത്ത് പിപിഎം വരെയുണ്ടെന്നാണ് സൂചന. ശുദ്ധീകരണ വേളയില്‍ ഫില്‍ട്ടര്‍ ബെഡില്‍ അടിഞ്ഞ് കൂടുന്ന ചെളി നീക്കം ചെയ്യാനും കൃത്യമായ അളവില്‍ കെമിക്കലൈസേഷന്‍ നടത്താനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അരുവിക്കരയില്‍ നിന്ന് കുടിനീരിനു പകരം ചെളിനീരെത്താന് കാരണം. ശുദ്ധീകരണം പൂര്‍ത്തിയായാല്‍ 12 ഓളം ശാസ്ത്രീയ പരിശോധനകള്‍ നടത്തി വേണം വെള്ളം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടത്. അരുവിക്കര പ്ലാന്റില്‍ ഇതിനായി കോടികള്‍ മുടക്കി ലാബും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലാബ് ടെക്നിഷ്യന്മാരെ നിയമിച്ചിട്ടില്ല. താത്കാലിക ജീവനക്കാരോ ഓപ്പറേറ്റര്‍മാരോ വെള്ളത്തിലെ ടെറിബിഡിറ്റി അളവും ക്ലോറിന്‍ പരിശോധനയും മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. ജലത്തില്‍ അടങ്ങിയിരിക്കുന്ന ഓയില്‍, ഇ ക്വാളിഫാം ബാക്റ്റീരിയ, മറ്റ് മാലിന്യങ്ങള്‍ ഇവയൊന്നും അരുവിക്കരയില്‍ നിന്നെത്തുന്ന കുടിവെള്ളത്തില്‍ പരിശോധിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം.
ജപ്പാന് കുടിവെള്ള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 74 എംഎല്‍ഡി പ്ലാന്റ്, 86 എംഎല്‍ഡി ശേഷിയുള്ള ചിത്തിരകുന്ന് പ്ലാന്റ്, 72 എംഎല്‍ഡിയുടെ മറ്റൊരു പ്ലാന്റ് എന്നിങ്ങനെ മൂന്ന് ജല സംഭരണികളാണ് അരുവിക്കരയിലുള്ളത്. ഇതില്‍ ജപ്പാന് കുടിവെള്ള പദ്ധതി പ്ലാന്റിന്റെ ജല ശുദ്ധീകരണവും വിതരണ നിയന്ത്രണവും ഡിഗ്രി മൗണ്ടെന്ന സ്വകാര്യകമ്പനിക്കാണ്. വാട്ടര്‍ അതോറിറ്റി നേരിട്ട് ശുദ്ധീകരണം നടത്തുന്ന 86 എംഎല്‍ഡി പ്ലാന്റില്‍ നിന്നും ജപ്പാന് കുടിവെള്ള പദ്ധതി പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം വിതരണത്തിനായി സംഭരിക്കുന്നത് ഒരു ടാങ്കിലാണ്. അതുകൊണ്ടു തന്നെ ഏത് പ്ലാന്റില്‍ നിന്നെത്തിയ വെള്ളമാണ് മാലിന്യം കലര്‍ന്നതെന്ന് കണ്ടെത്താനാവില്ല. ആലം, കുമ്മായം തുടങ്ങിയ ശുദ്ധീകരണ പദാര്‍ഥങ്ങള്‍ കൃത്യമായ അളവില്‍ കലര്‍ത്തുന്നതില്‍ ആരാണ് വീഴ്ച വരുത്തിയതെന്ന് പരിശോധിക്കാനും സാധിക്കില്ല. രണ്ടു ദിവസം മഴ തുടര്‍ച്ചയായി നിന്നാല്‍ ദിവസങ്ങളോളം ഡാമിലെ വെള്ളം കലങ്ങി മറിയും. ഈ അവസരങ്ങളില്‍ ആലവും കുമ്മായവും സാധാരണയില്‍ കൂടുതല്‍ ചേര്‍ക്കണം. ഇത് അരുവിക്കരയില്‍ പാലിക്കാറില്ല.
റാ വാട്ടറില്‍ നിന്ന് വെള്ളം നേരിട്ട് ക്ലാരിഫെയര്‍ ടാങ്കില്‍ എത്തിക്കുകയാണ് ജല ശുദ്ധീകരണത്തിന്റെ ആദ്യഘട്ടം. ഇവിടെ നിന്ന് ചെളി നീക്കം ചെയ്ത് കെമിക്കലൈസേഷന്‍ പ്ലാന്റിലെത്തിക്കും. അതിനുശേഷം ചെറു കല്ലുകളും ശുദ്ധീകരിച്ച മണലും ചേര്‍ത്തുണ്ടാക്കിയ ഫില്‍ട്ടര്‍ ബെഡില്‍ എത്തിക്കും. ശുദ്ധീകരണത്തിന്റെ അവസാന ഘട്ടമാണിത്. ഫില്‍ട്ടര്‍ ബെഡില്‍ നിന്ന് അരിച്ചെടുക്കുന്ന വെള്ളം ക്ലോറിന്‍ കലര്‍ത്തി വിതരണത്തിന് സജ്ജമാക്കും. ഈ പ്രക്രിയയില്‍ വരുന്ന പിഴവാണ് വെള്ളത്തില്‍ ചേറ് നിറയാന്‍ കാരണമാകുന്നത്. ഫില്‍ട്ടര്‍ ബെഡില്‍ അടിഞ്ഞുകൂടുന്ന ചേറ് നീക്കം ചെയ്യാന്‍ ജീവനക്കാരില്ലാത്തതിനാല്‍ വിതരണത്തിനായി ശേഖരിക്കുന്ന കുടിവെള്ളത്തില്‍ ചെളി നിറയുന്നു. പരിശോധനകള്‍ പ്രഹസനമാകുന്നതോടെ ജനം ചെളിവെള്ളം കുടിക്കേണ്ട ഗതികേടിലേക്ക് തള്ളിവിടപ്പെടുന്നു.
ഒരു പ്ലാന്റില്‍ മൂന്ന് ഷിഫ്റ്റിലായി 21 ജീവനക്കാര്‍ വേണ്ടിടത്ത് 11 പേര് മാത്രമാണ് ഇവിടെയുള്ളത്. ഓപ്പറേറ്ററെ സഹായിക്കാന്‍ ആവശ്യത്തിന് വര്‍ക്കര്‍മാരും അരുവിക്കരയിലില്ല. പ്ലാന്റില്‍ ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ഓവര്‍സിയര്‍മാരെയും നിയമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ജീവനക്കാര്‍ കൃത്യമായി ജോലിക്കെത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടാറില്ല. ഉത്തരവാദപ്പെട്ടവര്‍ ഉറക്കം നടിച്ചതോടെ അരുവിക്കര ജല ശുദ്ധീകരണ ശാലയില്‍ നിന്നെത്തുന്ന കലക്കവെള്ളം കുടിക്കേണ്ട ഗതികേടിലാണ് നഗരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: