ആലപ്പുഴ: ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റികളെയും അതിന്റെ ചെയര്‍മാന്മാരെയും ഡിസംബര്‍ രണ്ടിനു മുന്‍പ് തിരഞ്ഞെടുക്കും. ഈ സ്ഥാനങ്ങളിലേക്കും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണം ലഭിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉപാധ്യക്ഷസ്ഥാനം വനിതകള്‍ക്കാണെങ്കില്‍ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്ഥാനം മാത്രം വനിതകള്‍ക്ക് കിട്ടും. അത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതായിരിക്കും.
ഉപാധ്യക്ഷസ്ഥാനം വനിതകള്‍ക്ക് അല്ലെങ്കില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം വനിതകള്‍ക്ക് കിട്ടും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായിരിക്കും ഇത്.
ജില്ലാ പഞ്ചായത്തില്‍ ഉപാധ്യക്ഷസ്ഥാനം വനിതകള്‍ക്കുണ്ടെങ്കില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതകള്‍ക്ക് ലഭിക്കും. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുമാണിവ. ജില്ലാ പഞ്ചായത്തില്‍ ഉപാധ്യക്ഷസ്ഥാനം ഇല്ലെങ്കില്‍ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നല്‍കണം.
വികസനകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും, ക്ഷേമകാര്യം എന്നിവ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനംമാത്രമാണ് നിയമപ്രകാരം വനിതകള്‍ക്ക് കിട്ടുന്നതെങ്കില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രമാകും നല്‍കുക. ഒരു സ്ഥാനം മാത്രമാകുമ്പോള്‍ മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ വനിതകള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല.
പഞ്ചായത്തീരാജ് നഗരപാലികാ നിയമത്തിന്റെ നിശ്ചിത വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.
















