കോഴിക്കോട്: സാധാരണ മനുഷ്യരുടെ ജീവിതത്തിലും വിജയകരമായ കഥകളുണ്ടെന്ന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍. ‘സു..സു… സുധി വാത്മീകം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തില്‍ കണ്ടുപരിചയിച്ച വ്യക്തികളാണ് ‘സു..സു… സുധി വാത്മീകം’ എന്ന സിനിമയില്‍ കഥാപാത്രങ്ങളായി മാറിയത്.
ചിത്രത്തിലെ നായക കഥാപാത്രമായ സുധി വാത്മീകം തന്റെ ഉറ്റ സുഹൃത്തായ സുധീന്ദ്രന്‍ തന്നെയാണ.് ആസ്തമയും വിക്കുമുണ്ടായിരുന്നിട്ടും ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ നല്ല ഉദ്യോഗം നേടിയെടുത്ത് ജീവിതത്തില്‍ വിജയിച്ച സുധിയെയാണ് സിനിമയ്ക്കും വിഷയമാക്കിയത്. അജു വര്‍ഗ്ഗീസ് അവതരിപ്പിച്ച ഗ്രൈഗന് ദാസ് എന്ന കഥാപാത്രം താന്‍ തന്നെയാണ്. സുധിയുടെ അച്ഛനമ്മമാരായി വേഷമിട്ട ടി. ജി. രവിയും, കെപിഎസി ലളിതയും തന്റെ അച്ഛനമ്മമാരെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ പേര് തന്നെയാണ് ടി. ജി. രവിയുടെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയപ്പോള്‍ പ്രകടമായത്ര അസഹിഷ്ണുതയൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് രഞ്ജിത്ത് ശങ്കര്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അന്ന് ഇന്ന് കാണുന്നപോലുള്ള നീക്കമൊന്നും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി എന്‍. രാജേഷ്, എ. വി. ഫര്‍ദിസ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
സു..സു… സുധി വാത്മീകത്തിലെ വിക്കുള്ള നായകകഥാപാത്രമായ ‘സുധി വാത്മീകം’ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രമാണെന്ന് നടന് ജയസൂര്യ അഭിപ്രായപ്പെട്ടു. വെല്ലുവിളി ഏറ്റെടുത്ത് ചെയ്ത നിരവധി കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും അഭിനയിക്കാന്‍ ഇത്രയും ബുദ്ധിമുട്ട് തോന്നിയിരുന്നില്ല.
ഹൃദയസ്പര്‍ശിയായ കഥാപാത്രമാണ് സുധി. ഓരോ വ്യക്തിയുടെയും ഉള്ളില്‍ ഒരു ഹീറോയുണ്ട്. ആ ഹീറോയെ തിരിച്ചറിയുമ്പോഴാണ് ജീവിതത്തില്‍ മാറ്റമുണ്ടാകുന്നത്. സുധിയുടെ ജീവിതത്തിലും ഇത്തരത്തിലുള്ള തിരിച്ചറിവാണ് ഉണ്ടാകുന്നത്. അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്നും ജയസൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: