പരപ്പനങ്ങാടി: ജല അതോറിറ്റിയുടെ പരപ്പനങ്ങാടി, തിരൂരങ്ങാടി സെക്ഷനുകളില്‍ കോണ്‍ട്രാക്ടറുമാരുടെ വന്‍അഴിമതികള്‍ മറനീക്കി പുറത്ത് വരുന്നു. ചെയ്യാത്ത അറ്റകുറ്റപ്പണികളുടെ പേരില്‍ ഇക്കൂട്ടര്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.
പമ്പിംഗ് ലൈനിലും സപ്ലൈ ലൈനിലും അറ്റകുറ്റപ്പണികള്‍ നടത്തുത്തേണ്ടത് അത്യാവശ്യമായതിനാല്‍ ഓരോ പ്രദേശത്തും കോണ്‍ട്രാക്ടറുമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാത്ത അറ്റകുറ്റപ്പണിയുടെ പേരില്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വന്‍തുകയാണ് ഇവര്‍ അടിച്ചെടുക്കുന്നത്. എപ്ലോയ്‌മെന്റില്‍ നിന്നും താല്‍ക്കാലികമായി നിയോഗിക്കുന്ന പമ്പ് ഓപ്പറേറ്റര്‍മാര്‍ക്കും ക്ലീനിംഗ് സ്റ്റാഫിനും സിഎല്‍ആര്‍ വേതന വ്യവസ്ഥയാണ് നിലവിലുള്ളത്. ഇത് യഥാക്രമം ഒരു ഷിഫ്റ്റിന് 397 രൂപയും ക്ലീനിംഗ് സ്റ്റാഫിന് 365 രൂപയുമാണ്. കോണ്‍ട്രാക്ടറുടെ കൈകളിലൂടെയാണ് ഇവര്‍ക്ക് വേതനം എത്തുന്നത്. അപ്പോള്‍ അത് 368 രൂപയും 336 രൂപയുമായി ചുരുങ്ങുമെന്ന് മാത്രം. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുവരെ വിഹിതം പറ്റുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പരപ്പനങ്ങാടി സെക്ഷനില്‍ നിന്ന് സമീപകാലത്ത് സ്ഥലം മാറിപ്പോയ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഴുവന്‍ തുകയും ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പക്ഷേ ഇപ്പോഴും പഴയ അവസ്ഥ തന്നെയാണ് തുടരുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് സംഘടനാ സംവിധാനമില്ലാത്തതാണ് ഇത്തരം ചൂഷണക്കാര്‍ക്ക് ധൈര്യം പകരുന്നത്.
ആര്‍എച്ച്, സിഎല്‍ആര്‍ തസ്തികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന ആവശ്യവുമായി സര്‍വീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തില്‍ കയ്യിട്ടുവാരുന്ന കോണ്‍ട്രാക്ടറുമാരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ടെണ്ടര്‍ നടക്കാത്ത സ്ഥലങ്ങളില്‍ പോലും അറ്റകുറ്റപ്പണി നടത്തിയെന്ന് അവകാശപ്പെട്ട് കള്ളബില്ലുണ്ടാക്കുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതരും തയ്യാറാകുന്നില്ല. വകുപ്പിനെ കുത്തുപാളയെടുപ്പിക്കാനുള്ള ചിലരുടെ ആസൂത്രിതശ്രമമാണെന്നും ആരോപണമുണ്ട്. ഇങ്ങനെ പോയാല്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം വൈകാതെ നിശ്ചലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: