ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അപകടത്തിന്റെ കാരണം അമിത വേഗത. ബസ് പാഞ്ഞത് 70 കിലോമീറ്റര്‍ സ്പീഡിനു മുകളില്‍. വേഗപ്പൂട്ടിനും പൂട്ടിട്ട് സ്വകാര്യ ബസ്സുകള്‍.
ആറ്റിങ്ങലില്‍ ഓടുന്ന സ്വകാര്യ ബസ്സുകളിലെല്ലാം വേഗപ്പൂട്ട് ഘടിപ്പിട്ടിച്ചുണ്ട്. ബസ് സ്റ്റാര്ട്ടാകുമ്പോള്ത്തന്നെ വേഗപ്പൂട്ടും ഓണാകും. പക്ഷെ അവ പ്രവര്‍ത്തിക്കില്ലെന്നു മാത്രം. അതിനുദാഹരണമാണ് മാമത്ത് നടന്ന അപകടം. കൃത്യമായ പരിശോധനകള്‍ വേഗപ്പൂട്ടിന് നടത്താറില്ല. ഹെല്‍മറ്റ് പരിശോധനയിലും സീറ്റ് ബല്‍റ്റിലും മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധ.
ഡ്രൈവര്‍മാരില്‍ അധികവും ട്രെയിനിംഗിനായി കയറുന്നവരാണ്. ഇതിനായി വാഹന ഉടമകള്‍ വന്‍തുകയാണ് ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കുന്നത്. കണ്ടക്ടര്‍മാര്‍ക്ക് ലൈസന്‍സ് വേണമെന്ന നിയവും കാറ്റില്‍പ്പറത്തുകയാണ് സ്വകാര്യ ബസ്സുകള്‍. ഇവയക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് മൗനം പാലിച്ചതാണ് അപകട കാരണം. ആറ്റിങ്ങലില്‍ നിന്ന് പോകുന്ന ബസ്സുകളെക്കുറിച്ച് നിരന്തരം പരാതികളാണ് പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ലഭിക്കുന്നത്. പക്ഷെ ബസ് ഓണേഴ്സിന്റെ ബലത്തിനുമുന്നില്‍ പലപ്പോഴും ഇവര്‍ക്ക് മുട്ടുമടക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വേഗപ്പൂട്ട് ഘടിപ്പിച്ച ബസ്സുകലില്‍ പരിശോധന നടത്താറില്ല. ഡ്രൈവര്‍മാരുടെ ലൈസന്‍സോ വണ്ടിയുടെ ഇന്‍ഷുറന്‍സോ കണ്ടക്ടര്‍മാരുടെ ലൈസന്‍സോ പോലീസ് പരിശോധിക്കാറില്ല.
വഴിയില്‍ത്തടഞ്ഞ് പരിശോധിച്ചാല്‍ ട്രിപ്പ് മുടക്കിയെന്നുപറഞ്ഞ് ബസ് മുഴുവന്‍ ഓട്ടം നിര്‍ത്തി പണിമുടക്കുക പതിവാണ്. ഇതോടെ ഗ്രാമീണ മേഖലയിലേക്ക് പോകേണ്ട യാത്രക്കാര്‍ മോട്ടോര്‍വാഹന വകുപ്പിനും പോലീസിനും എതിരാകും. അതിനാല്‍ ബസ് തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന നടക്കാറില്ല. മറ്റ് യാത്രാ മര്ഗ്ഗങ്ങലില്ലാത്തതിനാല് പലപ്പോഴും ബസ്ലില്‍ മറണ ഭയത്തോടെയാണ് പലരും യാത്രചെയ്യുന്നത്.
സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് പതുക്കെ ഓടിത്തുടങ്ങുന്ന ബസ്സുകള്‍ പകുതി ദൂരം ഇഴയുകയും പിന്നീട് മരണവെപ്രാളത്തില്‍ ഓടുകയുമാണ് ചെയ്യുന്നത്. ചോദ്യം ചെയ്താല്‍ സമയമില്ല എന്നാകും മറുപടി. എന്നാല്‍ ബസ്സുകളുടെ സമയം നിശ്ചയിക്കുന്നത് ബസ് ഓണര്‍മാരുടെ സാന്നിദ്ധ്യത്തിലാണ്. അവര്‍ നിശ്ചയിക്കുന്ന സമയമാണ് അനുവദിച്ചുനല്‍കുന്നത്. എന്നിട്ടും സമയമില്ലെന്ന് പറഞ്ഞു ഓടുന്നത് എന്തിനാണെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. ദൂരത്തിനനുസരിച്ച് സമയം നല്‍കേണ്ട മോട്ടോര്‍ വാഹന വകുപ്പും ഇതിന് ഒത്താശ ചെയ്യുന്നതാണ് പ്രൈവറ്റ് ബസ്സുകളുടെ മരണപ്പാച്ചിലിന് കാരണം. മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികള്‍ എടുത്തില്ലെങ്കില്‍ നിരവധി അശ്വതിമാര്‍ക്ക് ജീവന് നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: