ശ്രദ്ധിച്ചിട്ടുണ്ടോ, സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യം. അതില്‍ ഒരു കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട്: ദൈവം ഉണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചോദിച്ചാല്‍ അനേകം കാരണങ്ങളുണ്ട്. പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ഒരുപാടു കാരണങ്ങളുണ്ട്. പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊക്കെ ഒരാള്‍ അതൊക്കെ അറിയുമെന്ന വിശ്വാസവുമുണ്ട്. അതുകൊണ്ടാണ് ദൈവം ഉണ്ട് എന്ന് അര്‍ത്ഥശങ്കയില്ലാതെ ഒരു കഥാപാത്രം പറയുന്നത്. ഇനി ദൈവം ആര്, എന്ത്, എങ്ങനെ എന്നൊക്കെ ചോദിക്കാന്‍ പോയാല്‍ അതിന് ഒത്തിരി സമയം വേണ്ടിവരും. നമ്മുടെ വിഷയം അതല്ല. അതിലെ ദൈവം ഉണ്ട് എന്ന വരി മാത്രം.
~ഒരു പ്രപഞ്ചസത്യമായി ദൈവം ഉണ്ട് എന്ന് തോന്നാന്‍ കാരണം തികച്ചും ഒരു വര്‍ഷം മുമ്പ് നമ്മുടെ നഗരത്തില്‍ കുമിഞ്ഞുകൂടിയ ആഭാസത്തിന് ഇപ്പോള്‍ കിട്ടിയ തിരിച്ചടിയാണ്. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മഹാമിശിഹയായി ചാനലുകാരും പത്രക്കാരും ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ പശുപാലനും ഭാര്യയും ദേ എട്ടുനിലയില്‍ പൊട്ടി താഴെ വീണിരിക്കുന്നു. മൃഗങ്ങള്‍ അവരുടെ സംസ്കാരം എവിടെയും എങ്ങനെയും കാണിക്കും. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം തുടങ്ങുന്നതും ഇവിടെ വെച്ചാണ്. സംസ്കാര ജീവിയായ മനുഷ്യന് മൃഗത്തില്‍ നിന്ന് ഉയരാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ പശുപാലനെയും കൂട്ടാളികളെയും പോലുള്ളവര്‍ മൃഗത്വത്തിലേക്ക് യുവാക്കളെയും മറ്റും ആട്ടിത്തെളിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ജനങ്ങളെ നയിച്ച പത്രം പോലും ഈ ആഭാസത്തിന് ഉമ്മറക്കോലായയില്‍ സ്ഥലം അനുവദിച്ചു എന്നതായിരുന്നു സങ്കടകരം. അതു മാത്രമോ ജീവനക്കാരെ ഉമ്മ വെക്കാന്‍ തെരുവിലേക്കയക്കുകയും ചെയ്തു. ഏതു മ്ലേച്ഛതയെയും സ്വര്‍ഗീയമാക്കാന്‍ വിരുതുള്ള ചാനല്‍ കൊമ്പനാനകള്‍ ഉമ്മ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി വാഴ്ത്തുകയും അതിനെതിരു നില്‍ക്കുന്നവരെ ഫാസിസ്റ്റുകളായി മുദ്രകുത്തുകയും ചെയ്തു.
നമ്മുടെ സംസ്കാരം തെരുവില്‍ ഉമ്മവെച്ചു നടക്കലാണെന്ന് യുവതലമുറയെ പഠിപ്പിക്കാന്‍ ഗംഭീരന്‍ ചര്‍ച്ചകളും മറ്റും നടന്നു. കേമന്മാരായ നേതാക്കന്മാര് ചൂടും ചൂരും പകരുന്ന തരത്തില്‍ തന്നെ കെട്ടിയാടി. അത്തരം ചര്‍ച്ചകളിലും ആഭാസം കെട്ടഴിച്ചുവിട്ടു. പശുപാലസംഘങ്ങള്ക്ക് കൈയടിയും സ്വീകരണവും. ഒന്നും പറയണ്ട, അവര്‍ക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ യുവജനങ്ങളുടെ മാനം പോവും എന്ന സ്ഥിതി വരെയായി. അതുകഴിഞ്ഞ് തികച്ചും ഒരു വര്‍ഷം ആവുമ്പോള്‍ കാണുന്നതെന്താ? ഫാസിസ്റ്റുകള്‍ക്കെതിരെ അവതരിച്ച പശുപാലകസംഘങ്ങള് ഏറ്റവും വൃത്തികെട്ട ചളിക്കുണ്ടില്‍ ഇതാ വീണിരിക്കുന്നു.
പണമുണ്ടാക്കാന്‍ നടത്തിയ പിമ്പു പണിയായിരുന്നു ഉമ്മ സമരമെന്ന് ഒരുവിധപ്പെട്ടവരൊക്കെ അന്ന് ആരോപിച്ചത് സത്യമായിരിക്കുന്നു. മാതൃകാദമ്പതികളുടെ മാംസ കച്ചവടം കൊഴുപ്പിക്കാന്‍ വേണ്ടി സഹായം ചെയ്തുകൊടുത്ത സകല മാധ്യമങ്ങളും മേപ്പടി വാര്‍ത്ത ‘ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന പരുവത്തിലാണ് നല്‍കിയിരിക്കുന്നത്. ഇതാണ് പറയുന്നത്, ദൈവമുണ്ട് എന്ന്. അന്ന് കാലികവട്ടം പറഞ്ഞിരുന്നു. ഉമ്മസമരത്തിന്റെ ഒന്നാം ഘട്ടമാണിത്. ഇതിന്റെ വികൃതമായ അടുത്തഘട്ടം അധികം വൈകാതെ നമ്മുടെ മുമ്പില്‍ അനാവൃതമാവും എന്ന്. ഏതായാലും കുറച്ചു വൈകി എന്നത് സത്യമാണ്. ഇമ്മാതിരി പശുപാലന്മാര്ക്ക് നല്ല മുരിക്കുവടി തന്നെ വെട്ടിവെച്ചോളൂ. അതേ രക്ഷയുള്ളൂ.
*********
നമ്മുടെ നരേന്ദ്രമോദിയുടെ മന് കി ബാത്തിന് ഒന്നാം വാര്‍ഷികം. ജനഹൃദയങ്ങളില്‍ ഇടംപിടിച്ച പ്രസ്തുത പരിപാടി വേറിട്ട ഒരു സംസ്കാരമാണ് പ്രസ്ഫുരിപ്പിക്കുന്നത്. ഭാരതം മന് കി ബാത്തിലൂടെ പുതുചക്രവാളം തേടുമ്പോള്‍ അതില്‍ ഭാഗമാക്കാന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിയും അധ്യാപകനും റേഡിയോ നിലയവും ചരിത്രം രചിക്കുകയാണ്.
2015 ഒക്ടോബര്‍ 25ന് രാവിലെ 11 മണിക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത് റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് ഇങ്ങനെയായിരുന്നു- ”ആജ് മെ ആകാശവാണി കെ കണ്ണൂര്‍ കേന്ദ്ര് കെ മിത്രോ കൊ ബതായി ദേനാ ചാഹ്താ ഹൂം… കേരള് കി ബാരഹ് ഛാത്രാ ശ്രദ്ധ തമ്പാന് കെ ലിയെ ഥെ..”
കണ്ണൂര്‍ നിലയത്തെയും കാസര്‍കോഡ് ജില്ലയിലെ കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ തമ്പാനെയും വീണ്ടും വീണ്ടും കണ്ണൂര്‍ നിലയത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള മന് കി ബാത് പ്രഭാഷണം കേരളത്തെ കോരിത്തരിപ്പിച്ചു.
മന് കി ബാത് ഒരു സാധാരണ റേഡിയോ പ്രക്ഷേപണം മാത്രമായിരുന്നില്ല. ഒരു ഭരണാധികാരിയുടെ മനസ്സ് തുറക്കുകയായിരുന്നു ഇതിലൂടെ. തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി ജനങ്ങളുടെ ഹിതത്തിനും സുഖത്തിനും അനുസൃതമായ സാമൂഹ്യ വിഷയങ്ങള്‍ കണ്ടെത്തി തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി ശ്രമിച്ചപ്പോള്‍ ജനം കാതോര്‍ത്തു. നാടും നഗരവും വൃത്തിയായി സൂക്ഷിക്കാനും പെണ്‍കുട്ടികളോട് വിവേചനമില്ലാതെ പെരുമാറാനും ഖാദി ധരിക്കാനും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാനും ആഹ്വാനം ചെയ്തപ്പോള്‍ പ്രധാനമന്ത്രി സാധാരണക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നു. റേഡിയോ പരിപാടിയില്‍ നിന്നും മുഖം തിരിച്ച യുവ സമൂഹത്തെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ അവരുടെ പ്രിയ മാധ്യമമായി റോഡിയോയെ പുണരാന്‍ പ്രേരിപ്പിച്ചതിന്റെ പിറകില്‍ നരേന്ദ്രമോദിയുടെ മന് കി ബാത്തിന്റെ മാന്ത്രിക സ്പര്‍ശം തന്നെയായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് മന് കി ബാത് പ്രക്ഷേപണം ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുമ്പോള്‍ അതിന് പുതിയ മാനം നല്‍കാനുള്ള ശ്രമങ്ങള്‍ ആദ്യം മുളപൊട്ടിയത് കണ്ണൂര്‍ ആകാശവാണിയില്‍ നിന്നായിരുന്നു. നിരവധി പുതിയ പരിപാടികള്‍ക്ക് രൂപം നല്കിയ ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന് ഈ വിഷയം ആദ്യം സംസാരിച്ചത് മുന്‍പ് ഇത്തരം പദ്ധതികളുമായി സഹകരിച്ച എഴുത്തുകാരനും കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു അധ്യാപകനുമായ സുകുമാരന്‍ പെരിയച്ചൂരുമായാണ്.
മന് കി ബാത് ശ്രവിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണ ലേഖനത്തിന് പുരസ്കാരം നല്‍കുക. ഇതായിരുന്നു തുടക്കത്തിലെ ആഗ്രഹം. അപ്പോഴേക്കും മന് കി ബാത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞേക്കുമെന്ന ആശങ്കയാണ് കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രദ്ധ തമ്പാന് കുറിച്ച വരികളിലേക്ക് കണ്ണൂര്‍ ആകാശവാണിയുടെ ശ്രദ്ധ തിരിഞ്ഞത്. മന് കി ബാത് ആശയങ്ങള്‍ കുത്തിക്കുറിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ തമ്പാന് ഇതിനകം തന്നെ ചരിത്രാധ്യാപകനായ സുകുമാരന്‍ പെരിയച്ചൂരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ശ്രദ്ധ തമ്പാന്റെ പ്രതികരണങ്ങള്‍ മിനുക്കിയപ്പോള്‍ മികച്ച ലേഖനങ്ങളായി. ഇംഗ്ലീഷിലും ഹിന്ദിയിലും ആക്കി അത് കണ്ണൂര്‍ ആകാശവാണിക്ക് എത്തിച്ചു. മന് കി ബാത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് പിടിഎ യുടെ സഹകരണത്തോടെ നടന്ന ചടങ്ങില്‍ വെച്ച് ശ്രദ്ധ തമ്പാന് ശ്രവ്യ സമ്മാനം നല്കി കണ്ണൂര്‍ ആകാശവാണി അനുമോദിച്ചു. റിച്ചാര്‍ഡ് ഹേ എംപി ആണ് ശ്രവ്യ സമ്മാനം നല്‍കിയത്.
ആദ്യഘട്ടത്തെക്കാള്‍ ഉദ്വേഗജനകമായിരുന്നു രണ്ടാം ഘട്ടം. മന് കി ബാത് റേഡിയോ പ്രക്ഷേപണത്തിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരണം നല്‍കുക എന്നതായിരുന്നു കണ്ണൂര്‍ ആകാശവാണിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മന് കി ബാത്തിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ശ്രദ്ധയെക്കൊണ്ട് വിളിപ്പിക്കാനുള്ള ശ്രമം വിജയം കണ്ടില്ല. പിന്നെ രണ്ടും കല്‍പ്പിച്ച് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലേക്ക് ആകാശവാണി കണ്ണൂര്‍ മേധാവി കെ. ബാലചന്ദ്രന് തന്റെ കുറിപ്പ് അയച്ചുകൊടുത്തു. ഒക്ടോബര്‍ 23ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ആദ്യ ഫോണ്‍ വിളിയെത്തി. കണ്ണൂര്‍ ആകാശവാണി മേധാവിയുടെ കുറിപ്പ് ലഭിച്ചു. വളരെ നല്ല നിര്‍ദ്ദേശം. മേലിലും ഇത്തരം നിര്‍ദ്ദേശം എഴുതിയറിയിക്കുക.
പ്രധാനമന്ത്രിയുടെ ശ്രദ്ധയാകര്‍ഷിക്കും വിധം അയച്ച അഭിപ്രായങ്ങള്‍ക്ക് അത്രയേറെ പ്രസക്തി ഇല്ലെന്നായിരുന്നു ധാരണ. ഒക്ടോബര്‍ 24, മന് കി ബാത് പ്രക്ഷേപണത്തലേന്നാള് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മന് കി ബാത്തിന്റെ ചുമതലയുള്ള അമിര്ഷായുടെ വിളി. താങ്കളുടെ നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ട്. വിവരങ്ങള്‍ അടിയന്തരമായി അയച്ചുകൊടുത്തു. ഒക്ടോബര്‍ 25ന് മന് കി ബാത്തില്‍ കണ്ണൂര്‍ ആകാശവാണി നിലയവും കാസര്‍കോട് ജില്ലയില്‍ മലയോര പ്രദേശമായ കൊട്ടോടി ഗ്രാമത്തിലെ ശ്രദ്ധ തമ്പാന്റെ പേരും പ്രധാനമന്ത്രി പറയുമ്പോള്‍, അഭിനന്ദിക്കുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രനും കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ സുകുമാരന്‍ പെരിയച്ചൂരും ശ്രദ്ധ തമ്പാനെ പോലെ തന്നെ ആഹ്ലാദത്തിന്റെ നെറുകയിലായിരുന്നു.
ആകാശവാണിയും ദൂരദര്‍ശനും സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളെന്ന് പറയുന്നതല്ലാതെ ഇതുവരെ ജനങ്ങള്‍ക്ക് അനുഭവവേദ്യമല്ലായിരുന്നു. എന്നാല്‍ സാധാരണക്കാരുടെ ഭരണകൂടം ആര്ക്കൊപ്പമാണെന്നതിന് ഇതില്പരം എന്ത് തെളിവു വേണം? ഒരധ്യാപകന് എങ്ങനെ മാതൃക അധ്യാപകനാവുന്നുവെന്നും ഒരു സര്‍ക്കാര്‍ മാധ്യമം ജനങ്ങളുമായി ഇഴയടുപ്പം എങ്ങനെ ഉണ്ടാക്കുന്നുവെന്നും ഇതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: