ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്ക് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. വര്‍ക്കല വട്ടപ്ലാമൂട് കോളനിയില്‍ റീനാഭവനില്‍ നമ്പീശന്-സുഭദ്ര ദമ്പതികളുടെ മകള്‍ എന്‍. അശ്വതിയാ(17)ണ് മരിച്ചത്. അഞ്ച് പേരുടെ നില അതീവ ഗുരുതരം. 27 പേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ 5, 19 വാര്‍ഡുകളിലാണ് കിടത്തിയിരിക്കുന്നത്. ഗുരുതരമായുള്ളവര്‍ സര്‍ജിക്കല്‍ ഐസിയുവിലും ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലുമാണ്. കൂടുതല്‍ പേര്‍ക്കും തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. എല്ലുകള്‍ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് അപകടം നടന്നത്. കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഐശ്വര്യ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് എതിരെ വന്ന ബൈക്കിലിടിച്ച് പാലത്തിന്റെ ഇടതുവശത്തെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ബസിന്റെ പിന്‍ഭാഗം പഴയപാലത്തിലിടിച്ച് വെള്ളത്തിലേക്ക് പതിക്കാതെ തൂങ്ങി നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബൈക്ക് യാത്രക്കാരായ സ്ത്രീക്കും പുരുഷനും പരിക്കേറ്റിട്ടുണ്ട്.
മുപ്പതിലധികം പേര് ബസില്‍ ഉണ്ടായിരുന്നു. കൂടുതലും സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു. അജി (37) കോരാണി, അനിത (48) മങ്കാട്ടുമൂല, അഞ്ജന (18) മംഗലത്തുനട, അശ്വതി (16) ഊരുപൊയ്ക, അശ്വതി (19) ഇടയ്ക്കോട്, ഗോപിക (16) ഊരുപൊയ്ക, ജയശ്രീ (24) ആറ്റിങ്ങല്‍, മിഥുന് (18) ആറ്റിങ്ങല്‍, സംഗീത (24) വര്‍ക്കല, സേതുലക്ഷ്മി (18) കടവിള, ശര്‍മ്മ (29) കടയ്ക്കല്‍, ഷിജി (19) പാരിപ്പള്ളി, സിജിന്‍ (18) ആറ്റിങ്ങല്‍, സൗമ്യ (17) അവനനഞ്ചേരി, സുമേഷ് (23) മുടപുരം, ബസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന് (27) ആറ്റിങ്ങല്‍, ശിവന് (20) ഊരുപൊയ്ക, സുമി (18) വെള്ളല്ലൂര്‍, സനല്‍ (32) മാമം, സജി (34) കുറക്കട, സജികുമാര്‍ (31) നെട്ടയം, സജീവ് (34) കോരാണി, നൂര്ജഹാന് (32) വാളക്കാട്, നീതു (18) ഊരുപൊയ്ക, മോഹനന് (58) കുറക്കട, സംഗീത(17) വര്‍ക്കല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഗുരുതരാവസ്ഥയിലുള്ളവരില്പ്പെടുന്നു.
മരണപ്പെട്ട അശ്വതി കോരാണിയിലുള്ള പട്ടികജാതി വികസനവകുപ്പിന്റെ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. റീന, ബോബി എന്നിവര്‍ സഹോദരിമാരാണ്.
മന്ത്രി വി.എസ്. ശിവകുമാര്‍, ഡോ സമ്പത്ത് എംപി, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശ്, വി.എം. സുധീരന്, ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം. പ്രദീപ്, ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ മെഡിക്കല്‍കോളേജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ശംഖുമുഖം എസിപി ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പോലീസും സജീവരംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: