മൂല്യാത്മക അവബോധത്തിന്റെ അന്തരീക്ഷം തീര്‍ത്ഥാടന വീഥിയില്‍ തങ്ങിനില്‍ക്കുന്നതാകണം. ഓരോ തീര്‍ത്ഥാടകനും പരിസ്ഥിതി ശുചിത്വത്തിന്റെ കാര്യത്തില്‍ തന്റെ കടമയെക്കുറിച്ച് ബോധവാന്മാരാകണം. മനുഷ്യമനസ്സിന്റെ നിലവാരമാണ് ബാഹ്യപരിസ്ഥിതികളില്‍ പ്രതിഫലിക്കുന്നത്.
കടമയുടെയും സന്നദ്ധതയുടെയും സന്ദേശം ഓരോ തീര്‍ത്ഥാടകനും കൈക്കൊള്ളണം. നിശ്ചയദാര്‍ഢ്യത്തോടുകൂടിയതും സൗന്ദര്യാത്മകവുമായ ഒരു സമീപനം ആവശ്യമാണ്. ആദ്ധ്യാത്മിക ബോധത്തിന്റെ വിശാലവീക്ഷണത്തോടുകൂടിയ മനുഷ്യേച്ഛയ്‌ക്ക് അസാധ്യമായി ഒന്നുമില്ല. കരിമലയും നീലിമലയും പമ്പാതീരവും ശബരിഗിരി ശൃംഗവുമൊക്കെ അനിഷേധ്യമായ ഈശ്വരഭാവത്തിന്റെ കേളീരംഗമെന്ന ബോധം മനസ്സിലുദിക്കണം. വ്രതഭംഗം വന്ന അയ്യപ്പന്മാരെ കരിമല കടത്തിവിടാറില്ലത്രെ.
ഇത് പഴമക്കാരുടെ മതം. ഇന്നത്തെ ഇന്‍സ്റ്റന്റ് ഭക്തിയും വ്രതവും മനോഭാവത്തില്‍ വരുന്ന വൈകൃതങ്ങളാണ്. അത്തരം വൈകൃതങ്ങള്‍ മാറുക തന്നെ വേണം. പുണ്യഹിമാലയത്തിന്റെ വിശുദ്ധി അയ്യപ്പന്റെ പതിനെട്ട് പൂങ്കാവനങ്ങള്‍ക്കുമുണ്ട്. ”അവശവും രോഗാതുരവുമായ മര്‍ത്ത്യമാനസങ്ങള്‍ക്ക് അവസാനത്തെ ആസ്പത്രി”യാണ് ഹിമാലയമെന്ന് വിഖ്യാത കവി എന്‍.വി.കൃഷ്ണവാര്യര്‍ വ്യാഖ്യാനിക്കുന്നുണ്ട്.
ആ പവിത്രഭൂമി ആശാ കേന്ദ്രമാണ്, അവലംബമാണ്. അവിടെ പരിഷ്‌കാരത്തിന്റെ മൂടുപടമണിയരുത്. അതുപോലെ ബൗദ്ധ-ഹൈന്ദവ സംസ്‌കാരത്തിന്റെ ഈടുവയ്‌പുകള്‍ ചിതറിക്കിടക്കുന്ന കാനനവാസന്റെ പൂങ്കാവനം എത്രയോ രോഗാതുരമാനസങ്ങളെ സാന്ത്വനിപ്പിക്കാനുള്ളതാണ്. വിഭാവനം ചെയ്യുന്ന ഏത് പരിഷ്‌കാരങ്ങള്‍ക്കും പരിധിയുണ്ടാകണം. പരിഷ്‌കാരത്തെപ്പോലെ സംസ്‌കാരവും ഓര്‍ക്കണം.
(അവസാനിച്ചു)
















