തിരുവനന്തപുരം: കവറുകളിലാക്കിയ പായ്ക്കറ്റു ഭക്ഷണങ്ങളുടെ പറുദീസയാണ് കേരളമെന്ന് മന്ത്രി അനൂപ് ജേക്കബ്. വൈവിധ്യമാര്‍ന്ന തനതു ഭക്ഷണങ്ങളുടെ സ്ഥാനത്ത് ആധുനിക ഭക്ഷണങ്ങള്‍ മലയാളിയുടെ തീന്മേശ കീഴടക്കുകയാണ്. ആധുനിക ഭക്ഷണങ്ങളോട് പൂര്‍ണമായി മുഖംതിരിച്ചു നില്ക്കണമെന്നല്ല, വല്ലപ്പോഴുമാകാം. എന്നാല്‍ സംപൂര്‍ണമായി അടിയറവുപറയുന്നത് അപകടത്തിലേക്കുനയിക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 10 മുതല്‍ 14 വരെ കൊച്ചി രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന അന്നം 2015 ദേശീയ ഭക്ഷ്യ-കാര്‍ഷിക ജൈവവൈവിധ്യ മേളയ്ക്കു കേളികൊട്ടായി തൈക്കാട് ഗാന്ധിഭവനില്‍ നടന്ന അന്നവിളംബരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക ഭക്ഷണത്തിന്റെ കടന്നുകയറ്റത്തിനെതിരെ ഉപഭോക്തൃ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിജയത്തിന് അന്നം 2015 പോലുള്ള പരിപാടികള്‍ മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നെഹ്റുയുവകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ അലി സാബ്രിന് അധ്യക്ഷനായിരുന്നു. വര്‍ക്കല എംജിഎം മോഡല്‍ സ്കൂള്‍, പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്കൂള്‍, നഗരത്തിലെ കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങില്‍ നിന്ന് നൂറുക്കണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളും നന്ദിയോട് ഗ്രാമത്തിലെ ജൈവകര്‍ഷകരും അവിളംബരത്തില് അണിനിരന്നു. അഗത്തിച്ചീര തോരന്‍, മുരിങ്ങയില സൂപ്പ്, വാഴക്കൂമ്പ് തോരന്‍, കപ്പയും പത്തില ചമ്മന്തിയും തുടങ്ങി തനിനാടന്‍ വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: