പേട്ട: കടകംപള്ളിയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ നില നിര്‍ത്താന്‍ നേതൃത്വം സുത്രവാക്യം തേടുന്നു. കരിക്കകം വാര്‍ഡില്‍ എല്‍ഡിഎഫിലെ വി.കെ. ബീനയെക്കാള്‍ 646 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2756 വോട്ടുനേടി ബിജെപിയിലെ ഹിമ സിജിയുടെവിജയവും കടകംപള്ളി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ജയരാജീവ് രണ്ടാം സ്ഥാനത്ത് എത്തിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തെ തളര്‍ത്തിയിരിക്കുകയാണ്. 2010 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തകയായിരുന്നു കരിക്കകം വാര്‍ഡ്. എന്നാല്‍ ഇക്കുറി കടകംപള്ളി സുരേന്ദ്രന്, എം. വിജയകുമാര്‍, മൂന്ന് മുന്‍കൗണ്‍സിലര്‍മാര്‍ തുടങ്ങി പാര്‍ട്ടിയുടെ വലിയൊരു ശൃംഗല തന്നെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കരിക്കകത്ത് ബിജെപിയോട് പടപൊരുതാന്‍ കഴിഞ്ഞില്ലയെന്നതാണ് സത്യം. കടകംപള്ളി പഞ്ചായത്തിനെ നഗരസഭയോട് ചേര്‍ത്തതിനുശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. ഇതുവരെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പ്രാവര്‍ത്തികമാക്കിയിരുന്ന സുത്രവാക്യങ്ങളൊക്കെ പരാജയപ്പെട്ടു ഇനിയെന്ത്…? എന്ന ചിന്തയിലാണ് പാര്‍ട്ടി നേതൃത്വം. 1965 മുതല്‍ അക്രമരാഷ്ട്രീയത്തിലൂടെ കൊടികെട്ടി പാറിപ്പിച്ച കമ്മ്യൂണിസമാണ് ഇവിടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്.
കടകംപള്ളി പഞ്ചായത്ത് ആയിരുന്നപ്പോള്‍ കോണ്‍ഗ്രസായിരുന്നു മുഖ്യ രാഷ്ട്രീയ എതിരാളി. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രു ആര്‍എസ്എസായിരുന്നു. കാവിക്കൊടി എവിടെ കണ്ടാലും പരസ്യമായി നശിപ്പിച്ച് നിരവധി ആക്രമങ്ങളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാര്‍ട്ടി അഴിച്ച് വിട്ടിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉള്ളൂര്‍ ഗോപി, കെ. സുധാകരന് അടക്കമുള്ളവര്‍ അക്രമ രാഷ്ട്രീയത്തിന്റെ ചരടുവലിച്ചു. കടകംപള്ളി സുരേന്ദ്രന് പഞ്ചായത്ത് വൈസ് പ്രസിഡന്റായി വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനവും ഗതിയാവുകയായിരുന്നു. ഗുണ്ടകളും ഭൂമാഫിയകളും പാര്‍ട്ടിയുടെ മേലാളന്മാരായി. ഹരിജനങ്ങളെയും തൊഴിലാളി വര്ഗത്തേയുംകൊണ്ട് പാര്‍ട്ടിയുടെ പേരില്‍ മുതലെടുപ്പ് നടത്തി നേതാക്കള്‍ വളര്‍ന്നു. തൊഴിലാളികളും തൊഴില്‍സ്ഥാപനങ്ങളും നശിപ്പിച്ചു. ഇ.കെ. നായനാരുടെ ആദ്യഭരണകാലത്ത് ഒരുവാതില്‍കോട്ടയില്‍ സ്ഥാപിതമാക്കിയ കയര്‍ സൊസൈറ്റിവരെ നശിപ്പിച്ചു. ഇവിടെ തൊഴിലെടുത്തിരുന്ന നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ പാര്‍ട്ടിയുടെ വഴിവിട്ട പ്രവര്‍ത്തനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് വഴിയാധാരമാണിന്ന്.
സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് നേതൃത്വം കൊട്ടിഘോഷിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുതലാളിത്തത്തിന് വഴിതുറന്നതോടെ അണികളില്‍ വലിയൊരു ശതമാനംപേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടൊഴിയുകായിരുന്നു. എന്നാല്‍ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ അണികളിലുണ്ടായ കുറവ് മറച്ചു പിടിച്ചാണ് തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. കടകംപള്ളി സുരേന്ദ്രനും പ്രഥമ ശിഷ്യന് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവുമായ ടി. അജയകുമാറുമാണ് ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇഷ്ടക്കാര്‍ക്കും ജാതീയതയ്ക്കും വേണ്ടി സ്ഥാനാര്‍ഥി പട്ടിക തുറന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീക്ഷകളെ ഒന്നടങ്കം അസ്തമിപ്പിച്ചുകൊണ്ട് ബിജെപി നേട്ടം കൊയ്യുകയായിരുന്നു. ഇതോടെ കമ്മ്യൂണിസം ഇവിടെ തകര്‍ച്ചയിലേക്ക് മാറി. ഇന്നലെവരെ ചെങ്കൊടി പിടിച്ചിരുന്ന കൈകള്‍ ഇന്ന് കാവിക്കൊടി ഏന്തിയതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: