തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വി.കെ. മധുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ഷൈലജാ ബീഗത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കുവേണ്ടി ആദ്യമായി അക്കൗണ്ട് തുറന്ന വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ലതാകുമാരി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി കൂടിയായ കളക്ടര്‍ ബിജു പ്രഭാകറിന്റെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. വി.കെ. മധുവിന്റെ പേര് ചെമ്മരുതി ഡിവിഷനിലെ രഞ്ജിത്ത് നിര്‍ദേശിച്ചു. കിഴുവിലം ഡിവിഷനിലെ അഡ്വ ജോയി പിന്താങ്ങി. യുഡിഎഫിലെ മര്യാപുരം ഡിവിഷനിലെ ജോസ്ലാല്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി.
26 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 19 ഉം യുഡിഎഫിന് 6 ഉം ബിജെപിക്ക് ഒരംഗവുമാണുള്ളത്. വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 18 വോട്ടു നേടിയ പാലോട് ഡിവിഷനിലെ വി. കെ. മധു വിജയിച്ചതായി കളക്ടര്‍ പ്രഖ്യാപിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1995 ല്‍ നിലവില്‍ വന്ന ആദ്യ ത്രിതല പഞ്ചായത്തില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് മധു. താന്‍ ജില്ലയെ ഗ്രാമീണ വികസനത്തിന്റെ നെറുകയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം അദ്ദേഹം പറഞ്ഞു. 26 കസേരകളും ഗ്രാമീണ ജനപ്രതിനിധികളുടേതാണ്. ജില്ലയിലെ ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള സര്‍വതലസ്പര്‍ശിയായ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഏവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. ജനകീയ മുഖച്ഛായ വീണ്ടെടുക്കാന്‍ ബിനാമി കമ്മറ്റികളും ബിനാമി പ്രവര്‍ത്തനവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാപഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ വി.എം. രഞ്ജിത്ത്, ആനാട് ജയന്, ബി.പി. മുരളി, ലതാകുമാരി, അന്‍സജിതാ റസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: