ശിവാ കൈലാസ്
വിളപ്പില്‍ശാല: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത വിളപ്പില്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി ഇടതു മുന്നണിയില്‍ പൊട്ടിത്തെറി.
രണ്ടര വര്‍ഷം പ്രസിഡന്റ് പദം സിപിഐക്കും വിട്ടുനല്‍കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ഉറച്ചു നിന്നതോടെ ഇന്നലെ തീരുമാനമെടുക്കാനാവാതെ യോഗം പിരിഞ്ഞു. അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ അംഗങ്ങള്‍ വിട്ടു നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനിടെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ടു തവണ സ്ഥിരം സമിതി അദ്ധ്യക്ഷനും നിലവിലെ സിപിഎം ഏര്യാ കമ്മിറ്റി അംഗവുമായ എ. അസീസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാത്തതില്‍ ഏര്യാ കമ്മിറ്റിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വേളയില്‍ ഏര്യാകമ്മിറ്റി അംഗം ജി. സുധാകരന് നായരെയാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കളത്തിലിറക്കിയത്. പേയാട് ഓഫീസ് വാര്‍ഡില്‍ മത്സരിച്ച സുധാകരന് നായരെ എതിര് സ്ഥാനാര്‍ഥിയായ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. കാര്ത്തികേയന് 208 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അതോടെ വിജയിച്ചവരില്‍ പ്രമുഖനായ അസീസ് പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് പാര്‍ട്ടി പ്രാദേശിക ഘടകം ഉറപ്പിച്ചു. നാലാം തവണ പഞ്ചായത്തംഗം, ഏര്യാ കമ്മിറ്റിയംഗം, വൈസ് പ്രസിഡന്റായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പഞ്ചായത്ത് ഭരണ സമിതിയിലുള്ള പരിചയം എന്നിവയൊക്കെ അസീസിന് പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കാനുള്ള കാരണങ്ങളായിരുന്നെങ്കിലും നറുക്ക് വീണത് വെള്ളൈക്കടവ് വാര്‍ഡില്‍ നിന്നു വിജയിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയരാജിനായിരുന്നു.
സിപിഎം ആറ്, സിപിഐ നാല്, ബിജെപി ആറ്, കോണ്‍ഗ്രസ് നാല് എന്നിങ്ങനെയാണ് വിളപ്പില്‍ പഞ്ചായത്തിലെ കക്ഷിനില. ഭരിക്കാന്‍ 11 സീറ്റുകള്‍ വേണമെന്നിരിക്കെ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പത്ത് സീറ്റുകളുള്ള ഇടതു പക്ഷത്തിന് ഭരണം ഉറപ്പിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം വീതം വീതിച്ചെടുക്കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയതാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.
ഏര്യാകമ്മിറ്റിയില്‍ വിളപ്പിലില്‍ നിന്ന് മൂന്ന് പ്രതിനിധികളാണുള്ളത്. ഇതില്‍ അസീസ് ഒഴികെയുള്ള രണ്ട് പ്രതിനിധികളായ സുധാകരന് നായര്‍, ചെറുകോട് മുരുകന് എന്നിവര്‍ വിജയരാജിനെ പ്രസിഡന്റാക്കണമെന്ന് വാദിച്ചത് പ്രസിഡന്റ് സ്ഥാനം മോഹിച്ച് പേയാട് ഓഫീസ് വാര്‍ഡില്‍ സുധാകരന് നായരുടെ ദയനീയ പരാജയത്തിന് അസീസ് ചരടു വലിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതുകൊണ്ടാണത്രെ. മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപിഐയെ പിണക്കിയതോടെ പഞ്ചായത്തില്‍ സിപിഎമ്മിന് ആറു സീറ്റായി അംഗബലം ചുരുങ്ങും. നിലവില്‍ ബിജെപിക്കും പഞ്ചായത്തില്‍ ആറു സീറ്റുണ്ട്. തുല്യ വോട്ടുകളാകുന്നതോടെ വിളപ്പിലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പില്‍ കലാശിക്കാനാണ് സാധ്യത. ഏര്യാ സെക്രട്ടറി പുത്തന്‍കട വിജയന്റെ വിശ്വസ്തനായ വിജയരാജിന് അഞ്ചു വര്‍ഷം പ്രസിഡന്റ് പദവിയെന്ന സിപിഎമ്മിന്റെ വല്യേട്ടന് ഭാവം അങ്ങനങ്ങ് അനുവദിക്കാനാവില്ലെന്നതാണ് സിപിഐ നിലപാട്.
അസീസിനെ പഞ്ചായത്ത് പ്രസിഡന്റാക്കാത്തതില്‍ വിളപ്പിലിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മുസ്ലിം സമുദായത്തിലും കടുത്ത അമര്‍ഷമുണ്ട്. ന്യൂനപക്ഷങ്ങളോട് പൊതുവെ സിപിഎം വച്ചുപുലര്‍ത്തുന്ന അവഗണനയാണ് അസീസില്‍ നിന്ന് പ്രസിഡന്റ് പദവി തട്ടിയെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് അവര്‍ പരസ്യമായി പറയുന്നു. ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നേക്കാവുന്ന വിഭാഗീയതയ്ക്ക് ഇത് ആക്കം കൂട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.
ബിജെപി പ്രതീക്ഷയോടെയാണ് മത്സരരംഗത്തുള്ളത്. സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാണിച്ച സുധാകരന് നായരെ പരാജയപ്പെടുത്തിയ പാര്‍ട്ടിയുടെ യുവരക്തം എസ്. കാര്‍ത്തികേയനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ബിജെപിക്ക് നാലാം തവണയും വിജയവഴി തുറന്നിട്ട പുറ്റുമ്മേല്‍കോണം വാര്‍ഡില്‍ നിന്നു വിജയിച്ച ജഗദമ്മ ടീച്ചറാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: