ഷീനാ സതീഷ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ 44-ാം മേയറായി കഴക്കൂട്ടത്ത് നിന്നു ജയിച്ച സിപിഎമ്മിലെ വി.കെ. പ്രശാന്തിനെയും ഡെപ്യൂട്ടി മേയറായി വഴുതയ്ക്കാട് നിന്നു ജയിച്ച സിപിഐയു
ടെ അഡ്വ: രാഖി രവികുമാറിനെയും തെരഞ്ഞെടുത്തു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപിയില്‍ നിന്നു അഡ്വ. വി.ജി. ഗിരികുമാറും എസ്.ആര്. രമ്യ രമേഷുമാണ് മത്സരിച്ചത്.
ബാലറ്റ് പേപ്പറില്‍ ഒപ്പിടാതെയും പട്ടികടിച്ചതിനാല്‍ സമയത്ത് എത്തിച്ചേരാനാകാതെയും സ്വതന്ത്ര എന്നനിലയിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നും മൂന്ന് അംഗങ്ങളുടെ വോട്ടുകള്‍ നഷ്ടമായ മെയര്‍ തെരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പുതിയ മേയര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതോടെ നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരപിതാവെന്ന ഖ്യാതിയും പ്രശാന്തിനെ തേടിയെത്തി.
ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ജോണ്സണ് ജോസഫ് പരാജയപ്പെട്ടു. ഇരുപത്തിയൊന്ന് വോട്ടുകള്‍ ലഭിക്കേണ്ട അദ്ദേഹത്തിന് 20 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് കൗണ്‍സിലറായ സി.ആര്. സിനിയെ തെരുവുനായ കടിച്ചതിനാല്‍ വരണാധികാരി നിഷ്കര്‍ഷിച്ച സമയത്ത് കൗണ്‍സില്‍ ഹാളില്‍ അവര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. ശ്രീകാര്യം വാര്‍ഡിലെ സ്വതന്ത്ര അംഗം ലതാകുമാരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. രണ്ടാം റൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പൂങ്കുളം വാര്‍ഡ് അംഗം ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാല്‍ അസാധുവായി. മേയര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ 97 കൗണ്‍സിലര്‍മാര്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂ.
ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്ത് എത്തിയതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 42 വോട്ടും ബിജെപിക്ക് 35 വോട്ടുമാണ് ലഭിച്ചത്. ശ്രീകാര്യം വാര്‍ഡ് അംഗം ആദ്യറണ്ൗണ്ടില് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. രണ്ടാം റൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പൂങ്കുളം വാര്‍ഡ് അംഗം സത്യന്റെ വോട്ട് അസാധുവായി. മുന്നണികളെല്ലാം മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തീരാന്‍ വൈകുന്നേരം നാലരമണിയായി.
ബിജെപിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി പട്ടം വാര്‍ഡില്‍ നിന്നു വിജയിച്ച രമ്യ രമേശും യുഡിഎഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ബീമാപ്പള്ളി ഈസ്റ്റ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജീനാ ടീച്ചറുമായിരുന്നു. മേയര്‍ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ തന്നെയായിരുന്നു ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുമുണ്ടായിരുന്നത്. ശ്രീകാര്യം കൗണ്‍സിലര്‍ ലത ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തില്ല. 43 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ രാഖി രവികുമാറിനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു.
മേയര്‍ സ്ഥാനാര്‍ത്ഥിക്കായി സിപിഐ നേരത്തേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയെത്തുടര്‍ന്ന് ധാരണയിലെത്തുകയായിരുന്നു. മേയര്‍ സ്ഥാനം അഞ്ച് വര്‍ഷവും സിപിഎമ്മിനു തന്നെ വിട്ടു നല്‍കാനാണ് താത്കാലികമായയി സിപിഐ തീരുമാനിച്ചിരിക്കുന്നത്. ഡെപ്യൂട്ടിമേയര്‍ സ്ഥാനം നേരത്തെ തീരുമാനിച്ചതുപോലെ സിപിഐക്കു നല്കി.
സിപിഐ മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നാല്‍ ബിജെപിക്ക് സ്വതന്ത്രന്റെ സഹായത്തോടെ ചിലപ്പോള്‍ നേട്ടം കൊയ്യാനാകുമെന്നതിനാലാണ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സിപിഎം നിര്‍ബന്ധിതമായത്. കോര്‍പ്പറേഷനില്‍ സിപിഐയുടെ ഏഴ് അംഗങ്ങള്‍ നിര്‍ണായകമാണെന്നത് മുതലെടുക്കാനാണ് സിപിഐ ശ്രമിച്ചത്. മേയര്‍ സ്ഥാനാര്‍ഥി അഡ്വ. ഗിരികുമാര്‍ തിരുമല വലിയവിള സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമാണ്. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായ രമ്യ രമേഷ് പട്ടം സംവരണ വാര്‍ഡ് കൗണ്‍സിലറാണ്.
ഏറെ ചര്‍ച്ചചെയ്തിട്ടും മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതിരുന്ന യുഡിഎഫ് ഒടുവില്‍ മുന്‍ പ്രതിപക്ഷനേതാവ് ജോണ്സന് ജോസഫിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി. ഇന്നലെ രാവിലെയാണ് മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനായത്. കഴിഞ്ഞ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന ജോണ്സണ് ജോസഫ്, പേട്ടയില്‍ നിന്നുള്ള ഡി. അനില്‍ കുമാര്‍ എന്നിവരുടെ പേരായിരുന്നു പരിഗണനയില്‍. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഘടക കക്ഷിക്ക് നല്‍കുകയായിരുന്നു. എന്നാല്‍ മേയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിക്കാനാണെന്ന അഭ്യൂഹം ശക്തമായിരുന്നു. പുറമെ എല്‍ഡിഎഫ് വിരോധം പ്രകടിപ്പിക്കുന്നെങ്കിലും നഗരസഭയിലെ ബിജെപി മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യം പ്രകടമായിരുന്നു.
രാവിലെ മേയര്‍ തെരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ്് തന്നെ മാധ്യപ്രവര്‍ത്തകരെയടക്കം കൗണ്‍സില്‍ ഹാളില്‍ പ്രവേശിപ്പിച്ചില്ല. അതേസമയം മറ്റു കോര്‍പ്പറേഷനുകളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായി നടക്കുന്നതിന് വേണ്ടിയാണ് മാധ്യമങ്ങള്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: