പത്തനംതിട്ട : ബിജെപിയെ അധികാര സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും രഹസ്യബാന്ധവമുണ്ടാക്കുന്നു. ഇന്ന് നടക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ബിജെപി പ്രതിനിധികള്‍ എത്താതിരിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന ഇടതു വലതു മുന്നണികള്‍ കൈകോര്‍ക്കുന്നത്. കവിയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്കി വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് സ്വീകരിച്ചുകൊണ്ടാണ് ബിജെപിയ്ക്കെതിരേ ഒരുമിക്കുന്നത്. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുവീതം അംഗങ്ങളും ബിജെപിയ്ക്ക് നാല് അംഗങ്ങളുമാണുള്ളത്. കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയ്ക്ക് ആറ് അംഗങ്ങളാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാര സ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ ഇരു മുന്നണികളും കൂടിച്ചേര്‍ന്ന് സ്വതന്ത്രരെകൂടി കൂട്ടുപിടിക്കാനാണ് ശ്രമം. കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഇവിടെ ബിജെപിയ്ക്കും എല്‍ഡിഎഫിനും മാത്രമാണ് പട്ടികജാതി സംവരണ വാര്‍ഡില്‍ നിന്നും വിജയിച്ചവരുള്ളത്. ഏഴ് അംഗങ്ങളുള്ള യുഡിഎഫാണ് ഭൂരിപക്ഷമെങ്കിലും ബിജെപിയെ ഒഴിച്ചു നിര്‍ത്തുവാന്‍ എല്‍ഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുന്നതായാണ് സൂചന. ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ ഇതേപോലെ അവിശുദ്ധ സഖ്യത്തിന് ഇരുമുന്നണികളും ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: