അമൃത് ഫാര്‍മസികള്‍ വഴി കാന്‍സര്‍ രോഗികള്‍ക്ക് അതിജീവനത്തിന്റെ അമൃത് പകരുകയാണ് കേന്ദ്രആരോഗ്യമന്ത്രാലയം. ആയിരങ്ങള്‍ വിലമതിക്കുന്ന കാന്‍സര്‍ മരുന്നുകള്‍ 60 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഫോര്‍ഡബിള്‍ മെഡിസിന്‍സ് ആന്റ് റിലയബിള്‍ ഇംപ്ലാന്റ് ഫോര്‍ ട്രീറ്റ്മെന്റ്(അമൃത്) കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അമൃത് ഫാര്‍മസിയുടെ ആദ്യ യൂണിറ്റ് ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പരിസരത്ത് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് കാന്‍സര്‍ ആശുപത്രികളിലും റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലും ഒരു വര്‍ഷത്തിനകം അമൃത് ഫാര്‍മസികള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം പത്തുലക്ഷത്തോളം പേരാണ് രാജ്യത്ത് കാന്‍സര്‍ ബാധിതരാകുന്നതെന്നാണ് കണക്ക്. ഭാരതത്തിലാകെ 28 ലക്ഷം പേര് കാന്‍സര്‍ രോഗത്താല്‍ വലയുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കുപ്രകാരം ലോകത്തെ 13 കാന്‍സര്‍ രോഗികളില്‍ ഒരാല് വീതം ഭാരതീയനാണ്. കാന്‍സര്‍ മൂലമുള്ള മരണ നിരക്കും രാജ്യത്ത് ക്രമാതീതമായി വര്‍ദ്ധിച്ചു. 2012ല്‍ മാത്രം 6,83,000 പേരാണ് കാന്‍സര്‍ രോഗത്താല്‍ മരണപ്പെട്ടത്. പ്രതിവര്‍ഷം ശരാശരി മരണസംഖ്യ അഞ്ചുലക്ഷത്തിനടുത്തേക്കുയര്ന്നതാണ് കാന്‍സര്‍ ചികിത്സാ മേഖലയില്‍ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കാന്‍സര്‍ ബാധിതര്‍ മാത്രമല്ല, അവരുടെ കുടുംബവും തീരാദുരിതത്തിലേക്ക് എത്തിപ്പെടുമെന്ന യാഥാര്‍ത്ഥ്യമാണ് നമുക്ക് മുന്നിലുള്ളത്. ലക്ഷങ്ങള്‍ മുടക്കിയുള്ള ചികിത്സ രോഗിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക നില താറുമാറാക്കും. സ്ത്രീകളില്‍ വരുന്ന ബ്രസ്റ്റ് കാന്‍സറിനുള്ള ചില മരുന്നുകളുടെ ഒരു കോഴ്സിന് മാത്രം ഏകദേശം 75,000ത്തോളമാണ് വില. ഇത്തരത്തില്‍ 17 കോഴ്സ് വരെ ഒരു രോഗിക്ക് ആവശ്യമായി വരുന്നു. ഭാരതത്തില്‍ ബ്രസ്റ്റ് കാന്‍സര്‍ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണവും പ്രതിവര്‍ഷം 1,45,000 ആയി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ വില നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന അജണ്ടയായി നിശ്ചയിക്കപ്പെട്ടു.
നിലവിലെ കണക്ക് പ്രകാരം കാന്‍സര്‍ ബാധിതനായ ഒരാള്‍ക്ക് ആറുമാസത്തെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപയെങ്കിലും കുറഞ്ഞത് ചെലവാക്കേണ്ടിവരാറുണ്ട്. ജീവന് ഭീഷണിയുള്ള രോഗമായതിനാല്‍ ജനങ്ങള്‍ പണം ചെലവാക്കുമെന്നറിയാവുന്ന മരുന്നുകമ്പനികളാകട്ടെ മുടക്കുമുതലിന്റെ എത്രയോ ഇരട്ടി ലാഭത്തിലാണ് മരുന്നുകള്‍ വിറ്റഴിക്കുന്നത്. കാന്‍സറിന്റെ എല്ലാ മരുന്നുകള്‍ക്കും ചുരുങ്ങിയത് 70-80 ശതമാനം വില അധികം നല്‍കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. കുടല്, കിഡ്നി, ശ്വാസകോശം, പിത്താശയം എന്നിവിടങ്ങിലെ കാന്‍സറുകളുടെ ചികിത്സാ ചിലവ് എട്ടുലക്ഷമെങ്കിലുമാകും. ഒരു സൈക്കിള്‍ ചികിത്സയ്ക്ക് ഏകദേശം ഒരു ലക്ഷമാകുന്ന അവസ്ഥ. താങ്ങാനാവാത്ത ചികിത്സാ ചിലവു മൂലം കാന്‍സര്‍ രോഗികളില്‍ പകുതി പേരും രണ്ടോ മൂന്നോ കോഴ്സ് കഴിയുന്നതോടെ ആശുപത്രികളിലേക്ക് എത്താതെ പതുക്കെ മരണത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഇതേ തുടര്‍ന്നാണ് കേന്ദ്രആരോഗ്യമന്ത്രി ജയപ്രകാശ് നദ്ദയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ക്യാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കിത്തുടങ്ങിയത്. മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്(എച്ച്എല്‍എല്‍) ലൈഫ് കെയര്‍ ലിമിറ്റഡിന് അമൃത് ഫാര്‍മസികളുടെ നടത്തിപ്പ് ചുമതലയും കേന്ദ്രആരോഗ്യമന്ത്രി കൈമാറി. തുടക്കത്തില്‍ 202 കാന്‍സര്‍ മരുന്നുകളും 186 കാര്‍ഡിയോവാസ്കുലര്‍ മരുന്നുകളുമാണ് അമൃത് ഫാര്‍മസികള്‍ വഴി വിതരണം ചെയ്യുക. 148 കാര്‍ഡിയാക് ഇംപ്ലാന്റ്സുകളും അമൃതില്‍ ലഭ്യമാകും. പത്തു ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകളും മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുന്നത്.
കീമോ തെറാപ്പിക്കായി ഉപയോഗിക്കുന്ന ഡോസെടാസെല് 120മി. ഗ്രാം എന്ന ഇന്ജക്ഷന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 13,440 രൂപയാണ് വില. എന്നാല്‍ അമൃത് ഫാര്‍മസികളില്‍ ഈ മരുന്ന് 888.75 രൂപയ്ക്ക് രോഗികള്‍ക്ക് ലഭിക്കും. കാബോപ്ലാറ്റിന് 450മി. ഗ്രാം മരുന്ന് 1316.25 രൂപയ്ക്കും നല്കുന്നു. പുറത്ത് ഇതേ മരുന്നിന് ഈടാക്കുന്നത് 2561.57 രൂപയാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ കൈപ്പടയിലുള്ള യഥാര്‍ത്ഥ കുറിപ്പുമായി എത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ നല്കുന്ന ക്രമീകരണമാണ് എയിംസ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ആശുപത്രികളിലും ഇതേ ക്രമീകരണമായിരിക്കും ഏര്‍പ്പാടാക്കുക. എയിംസിന് പുറമേ കാന്‍സര്‍ ചികിത്സയുള്ള രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലും അമൃത് ഫാര്‍മസികള്‍ പ്രവര്‍ത്തനം തുടങ്ങും.
തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ അമൃത് ഫാര്‍മസികള്‍ പ്രവര്‍ത്തനം തുടങ്ങും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ അനധികൃതമായി കാന്‍സര്‍ രോഗികളില്‍ നിന്നും പിടിച്ചുപറിക്കുന്ന മരുന്നു മാഫിയകള്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെയും രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ-സന്നദ്ധ സംഘടനകളുടേയും പിന്തുണയോടെ അമൃത് ഫാര്‍മസികള്‍ വ്യാപിപ്പിക്കാനാണ് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
കാന്‍സര്‍ മരുന്നുവില നിയന്ത്രിക്കും: ജെ.പി നദ്ദ
കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ. പി. നദ്ദ ജന്മഭൂമിയോട് പറഞ്ഞു. അമൃത് ഫാര്‍മസികള്‍ ഇതിന് തുടക്കമിടും. കാന്‍സറിനും ഹൃദയ-രക്ത ധനമനികള്ക്കും വരുന്ന രോഗങ്ങള്‍ക്കുള്ള 202 മരുന്നുകള്‍ അമൃത് ഫാര്‍മസികള്‍ വഴി വിലക്കുറവില്‍ വിതരണം ചെയ്യും. 60 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കാര്‍ഡിയാക് ഇംപ്ലാന്റ്സിനുള്ള 148 ഉപകരണങ്ങളും ഫാര്‍മസികളില്‍ ലഭ്യമാക്കും. ഇവയ്ക്ക് 50 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവ് നല്‍കും. ജനറിക് മരുന്നുകളും പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് കേന്ദ്രആരോഗ്യമന്ത്രാലയം ആരംഭിച്ചിരിക്കുന്നതെന്നും ജെ. പി. നദ്ദ പറഞ്ഞു.
അമൃത് പദ്ധതി രോഗികള്ക്കാശ്വാസമാകും: ഡോ. എം. അയ്യപ്പന്
അമൃത് പദ്ധതി ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസകരമാകുമെന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. അയ്യപ്പന് പ്രതികരിച്ചു. കേന്ദ്രആരോഗ്യമന്ത്രി ജെ. പി. നദ്ദയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. കാന്‍സര്‍ ചികിത്സ വളരെയേറെ ചെലവുപിടിച്ച നിലവിലെ അവസ്ഥയില്‍ നിന്നുള്ള മാറ്റമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ശരാശരി 60 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കാനാണ് അമൃത് ഫാര്‍മസികള്‍ തുടങ്ങുന്നത്. എയിംസിനു പുറമേ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്കും ഉടന്‍ തന്നെ പദ്ധതി വ്യാപിപ്പിക്കും, ഡോ. എം. അയ്യപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: