അമ്പലപ്പുഴ: കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കി ബിജെപി മെമ്പര്‍ മാതൃകയാവുന്നു. പുറക്കാട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ മെമ്പര്‍ ബിന്ദുഷാജിയുടെ നേതൃത്വത്തിലാണ് കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട എട്ടോളം കുടുംബങ്ങളെ സുരക്ഷിത താവളത്തിലേക്കു മാറ്റിയത്.
എല്ലാ സൗകര്യവും ഉള്ള പുറക്കാട് ജങ്ഷനിലെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കാണ് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ തന്റെ വാര്‍ഡിലെ ഏഴോളം കുടുംബങ്ങളെയും അടുത്ത വാര്‍ഡിലെ ഒരു കുടുംബത്തെയും മാറ്റിപാര്‍പ്പിച്ചത്. കടല്‍ക്ഷോഭം രൂക്ഷമായതറിഞ്ഞ് ഉടനെ പ്രദേശത്തെത്തി തകര്‍ന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റിയശേഷം പ്രവര്‍ത്തകരെ വരുത്തി വീട്ടുപകരണങ്ങളും മറ്റും എടുത്തുമാറ്റി.
ഇതിനുശേഷം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കളക്‌ട്രേറ്റ് എന്നിവിടങ്ങളിലേക്ക് വിളിച്ച് പഴയ പഞ്ചായത്താഫീസിലേക്ക് ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അധികൃതര്‍ ഉടനെ ഓഫീസ് കെട്ടിടം തുറന്നു കൊടുക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഒന്നാം വാര്‍ഡില്‍ കടല്‍ക്ഷോഭത്തില്‍ വീടുതകര്‍ന്ന കുടുംബങ്ങളെ ഇന്നും വൈദ്യുതിപോലുമില്ലാത്ത കരിലാന്റ് സൊസൈറ്റിയില്‍ താമസിപ്പിച്ചിരിക്കെയാണ് ബിജെപി മെമ്പറായ ബിന്ദുഷാജി മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചത്.
















