നിലമ്പൂര്‍: ബാറുകള്‍ നിര്‍ത്തിയതോടെ മലയോര മേഖലയില്‍ സമാന്തര ബാറുകള്‍ വ്യാപകമാകുന്നു.
ബീവറേജ് ഔട്ട്ലെറ്റുകളില് നിന്നും കെയ്സ് കണക്കിന് മദ്യം ഒന്നിച്ച് വാങ്ങിയാണ് ഇത്തരക്കാര്‍ വില്‍പ്പന നടത്തുന്നത്. കൂള്‍ബാറുകളും ചെറുകിട ഹോട്ടലുകളും വൈകിട്ട് അഞ്ച് മണിക്ക് ശേഷം മിനി ബാറുകളായി മാറുന്ന കാഴ്ചയാണ്. ബിവറേജില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യത്തില്‍ കൂടുതല്‍ നല്കാന് പാടില്ലെന്നാണ് നിയമം. പക്ഷേ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ പുറത്ത് നിയമം കടലാസില്‍ മാത്രം ഒതുങ്ങുന്നു. ഇത്തരം അനധികൃത വില്‍പ്പനക്കാര്‍ക്ക് മദ്യം എത്തിച്ച് നല്കാന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട്, മാഹി മദ്യവും ഇവിടെ സുലഭമാണ്. ചില സ്ത്രീകളും അനധികൃത മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ചില ന്യൂജന്‍ യുവതികളും ഇവരുടെ കസ്റ്റമേഴ്സാണ്. ചില ഹോട്ടലുകളില്‍ ഇതിനായി പ്രത്യേകം റൂമുകള്‍ തന്നെയുണ്ട്. സ്ഥിരം ആളുകള്‍ക്ക് മാത്രമാണ് ഈ മുറിയില്‍ പ്രവേശനം.
വനപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ബാറുകളുമുണ്ട്. അര്‍ദ്ധരാത്രിവരെ തുറന്നിരിക്കുന്ന പല ഹോട്ടലുകളിലും രാത്രി ഇതുതന്നെയാണ് കച്ചവടം. പോലീസും എക്സൈസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ല. ഉദ്യോഗസ്ഥരുടെ ഈ നിസംഗതക്ക് കൃത്യമായി മാസപ്പടി ലഭിക്കാറുണ്ട്. മാസപ്പടി വാങ്ങി അധികൃതര്‍ നല്കുന്ന മൗനാനുവാദമാണ് സമാന്തര ബാറുകളുടെ വിജയരഹസ്യം.
ഇവിടെ മദ്യം ഉപയോഗിക്കരുത് എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്ന ഹോട്ടലുകളാണ് ഏറ്റവും കൂടുതല്‍ സമാന്തര ബാറുകളായി മാറിയിരിക്കുന്നത്. ഹോട്ടലുകാര്‍ ആവശ്യപ്പെടുന്ന പണം നല്കാന് ഉപഭോക്താക്കള്‍ തയ്യാറാണ്. ഇരുകൂട്ടരും ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായതിനാല്‍ പരസ്പരം തര്‍ക്കമില്ല.
മലയോര ടൂറിസത്തിന്റെ മറവില്‍ വീടുകളില്‍ സ്വയംതൊഴിലായി ഭക്ഷണം കച്ചവടം ചെയ്യുന്നവരും ഇപ്പോള്‍ മദ്യവില്‍പ്പനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കൂടുതല്‍ പണവും കുറവ് അധ്വാനവുമാണ് ഏറെ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന അനന്ത സാധ്യതകളാണ് ഇത്തരക്കാര്‍ക്ക് മുമ്പില്‍ തെളിഞ്ഞ് കിടക്കുന്നത്. പ്രൊഫഷണല്‍ ഏജന്റുമാര്‍, പ്രദേശിക വിതരണ ശൃഖല, മൊബൈല്‍ ഹോം ഡെലിവറി, ബിവറേജസുമായി ബന്ധമുള്ള ഏജന്റുമാര്‍, മൗനാനുവാദം നല്‍കികൊണ്ട് എക്സൈസും പോലീസും അങ്ങനെ നീളുന്നു സുരക്ഷിതത്വം.
എന്തായാലും മലയോര മേഖലയിലെ സാധാരണക്കാര്‍ ഭീതിയിലിലാണ്. പരാതി നല്കിയാല് അത് പരിഹരിക്കേണ്ട നിയമപാലകരും സാമൂഹ്യവിരുദ്ധരുടെ കൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: