മനുഷ്യന് ഈശ്വരനായി മാറുന്ന, ഭക്തിയുടെ നിറച്ചാര്‍ത്തുകള്‍ തീര്‍ക്കുന്ന സുന്ദരനിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ കോലത്തുനാട് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതെ, വടക്കേ മലബാറിലിപ്പോള്‍ തെയ്യാട്ടക്കാലമാണ്. വ്രതമെടുത്ത് ഈശ്വരീയതയെ തന്നിലേക്ക് ആവാഹിക്കുന്ന തെയ്യാട്ടക്കാരനും ഭക്തിയും ഭയവും കൂടിച്ചേര്‍ന്ന ഭാവത്തോടെ തെയ്യത്തെ സാകൂതം വീക്ഷിക്കുന്ന ജനങ്ങളും ചേരുമ്പോള്‍ തെയ്യം എന്ന കലാരൂപം കൂടുതല്‍ ജനകീയമാകുന്നു. വൈദികേതരമായ അനുഷ്ഠാനാചാരങ്ങളോടെ ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന നൃത്തമാണ് തെയ്യം. നാടിനേയും നാട്ടാരേയും കാലക്കേടുകളില് നിന്നും രക്ഷിക്കുന്നതിനായി തെയ്യക്കോലം കെട്ടിയാടുന്നവര്‍ക്ക് കോലത്തുനാട്ടുകാരുടെ മനസ്സില്‍ ഈശ്വരന്റെ സ്ഥാനമാണുള്ളത്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്.
കലയ്ക്ക് സമൂഹമനസ്സില്‍ ഒരുപാട് മാനങ്ങള്‍ ഉണ്ടെന്നത് സത്യം. അവിടെ ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നു നില്ക്കും. എന്തുതന്നെയായാലും കലയുടെ ആത്യന്തിക ലക്ഷ്യം മനസ്സുകളുടെ ശുദ്ധീകരണമാണ്. ആ പ്രക്രിയ തന്നെയാണ് ഭക്തിയുടെ പരിവേഷം നല്‍കിക്കൊണ്ടുള്ള തെയ്യമെന്ന ആരാധനാ സമ്പ്രദായവും നിര്‍വഹിച്ചുപോരുന്നതും. തെയ്യം തന്നെ പലവിധമുണ്ട്. വ്യത്യസ്തമാണ് ഓരോ തെയ്യത്തിന്റെയും ചമയം പോലും. ഐതിഹ്യവും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊട്ടന്‍തെയ്യം, മുച്ചിലോട്ട് ഭഗവതി തെയ്യം, ഗുളികന് തെയ്യം, ഭൈരവന് തെയ്യം, കുട്ടിച്ചാത്തന് തെയ്യം, ഭഗവതി തെയ്യം, വേട്ടയ്ക്കൊരുമകന്‍ തെയ്യം, രക്തചാമുണ്ഡി തെയ്യം, കതിവനൂര്‍ വീരന് തെയ്യം, ക്ഷേത്രപാലന് തെയ്യം,മുത്തപ്പന് തെയ്യം, ഭദ്രകാളി തെയ്യം, തുടങ്ങിയവ അതില്‍ പ്രധാനം.
കണ്ണൂര്‍ പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ മലബാറിന്റെ തനതു കലാരൂപമായി അറിയപ്പെടുന്നതും തെയ്യമാണ്. നിശ്ചിത തെയ്യക്കോലങ്ങള്‍ കെട്ടിയാടാനുള്ള അവകാശം വ്യത്യസ്ത സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിശ്വാസം.
സങ്കീര്‍ണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവര്‍ണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കുറുംകുഴല്‍, തകില്, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണര്‍ത്തുന്ന അപൂര്‍വമായ ഒരു കലാരൂപമാണ്. വര്‍ഷങ്ങള്‍ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാള്‍ക്ക് നല്ല തെയ്യക്കാരനാകാന്‍ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാര്‍ത്ഥിച്ച്) ഉണര്‍ത്തുന്ന പാട്ടാണ് തോറ്റംപാട്ട്. പ്രത്യേകകാലങ്ങളില്‍ സമൂഹജീവിതത്തെ സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യരൂപം കൂടിയാണ് തോറ്റം പാട്ടുകള്‍. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങള്‍ക്ക് തലേന്നാള്‍ വെള്ളാട്ടമാണ് കെട്ടിയാടുന്നത്. ഓരോ തെയ്യത്തിന്റേയും തുടക്കത്തിന് പിന്നില്‍ അതതു ദേശവും കാലവുമനുസരിച്ചു വ്യത്യസ്ത ഐതിഹ്യങ്ങളുണ്ട്.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയില്‍ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കര്‍മ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലര്‍ന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങള്‍ ആണ് തെയ്യങ്ങള്‍ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങള്‍ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂര്‍ വീരന്). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ട്്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണയായി കെട്ടിയാടുന്നത്.
ഭൈരവന് തെയ്യം
ഭൈരവന് തെയ്യം ശിവസങ്കല്പത്തില് അധിഷ്ഠിതമാണ്. പാണന്മാരുടെ ഇഷ്ടദൈവമായിട്ടാണ് ഭൈരവനെ കണക്കാക്കുന്നത്. വളപട്ടണ പുഴയ്ക്കു വടക്ക് ഭാഗത്ത് മലയ സമുദായക്കാരും പുഴയ്ക്കപ്പുറം പാണന്മാരുമാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. ഭൈരവന്, ഉച്ചിട്ട തുടങ്ങി ഭൈരവാദി പഞ്ചമൂര്ത്തികളില് പ്രധാനിയും ഈ ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ പാണന്മാര്‍കെട്ടിയാടുന്ന ഭൈരവന് തെയ്യത്തിനു വേറൊരു കഥ കൂടി ഉണ്ട്.. ചോയിയാര്‍ മഠത്തില്‍ ചോയിച്ചി പെറ്റ ചീരാളനെ യോഗിമാര്‍ക്കു അറുത്തു കറിവച്ചു കൊടുത്തു എന്നും സത്യം മനസ്സിലാക്കിയ യോഗിമാര്‍ ചീരാള എന്നു വിളിച്ചപ്പോള്‍ ഇലയില്‍ നിന്നും ഇറച്ചിക്കഷണങ്ങള്‍ തുള്ളിക്കളിച്ചെന്നും ഓരോ ഇറച്ചി കഷണങ്ങളില്‍ നിന്നും ഓരോ ഭൈരവന്മാര് ഉണ്ടായി എന്നും പറയപ്പെടുന്നു.
ഗുളികന് തെയ്യം
മലയസമുദായക്കാരുടെ പ്രധാന ആരാധനാ മൂര്‍ത്തിയായിട്ടാണ് ഗുളികനെ കണക്കാക്കുന്നത്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കര്‍മങ്ങളിലും ഗുളികന്റെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. പരമശിവന്റെ ഇടതു തൃക്കാലിലെ പെരുവിരല്‍ പൊട്ടിയപ്പോള്‍ ഉണ്ടായ ദേവനാണ് ഗുളികന് എന്നാണ് ഐതിഹ്യം.
കുരുത്തോലയുടെ വഞ്ചിയും കയ്യില്‍ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിച്ചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം വിശ്വാസികള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുക.
പുരികത്തിനു തൊട്ടു മേലേന്നു തുടങ്ങി കണ്ണിനു താഴെ വരെ മഷി. മുഖത്തും ദേഹത്ത് പൊക്കിള്‍ വരേയും അരിച്ചാന്തിടും. . തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈര്‍ക്കില്‍ കളഞ്ഞ് അരയില്‍ ചുറ്റിക്കെട്ടും. കൈയില്‍ കുരുത്തോല കൊണ്ട് നകോരം കെട്ടും. പിറകില്‍ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരം, കാലില്‍ ചിലങ്ക എന്നിവയുമുണ്ടാകും.
മുച്ചിലോട്ട് ഭഗവതി തെയ്യം
ഏറ്റവും ലാവണ്യവതിയായ തെയ്യം. ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സതീരത്നമായിട്ടാണ് ഐതിഹ്യത്തില്‍ മുച്ചിലോട്ട് ഭഗവതിയെ വര്‍ണിച്ചിരിക്കുന്നത്. വാണിയസമുദായക്കാര്‍ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്.
കതിവനൂര്‍ വീരന് തെയ്യം
കോലത്തുനാട്ടുകാര്‍ വീരപുത്രനായി കരുതി ആരാധിക്കുന്ന തെയ്യക്കോലമാണ് കതിവനൂര്‍ വീരന്റേത്. ചടുലമായ പദചലനവും മെയ് വഴക്കവും കതിവനൂര്‍ വീരന്റെ പ്രത്യേകതയാണ്. രാത്രിയിലോ, പുലര്ച്ചയിലോ ആണ് സാധാരണ ഈ തെയ്യമൂര്‍ത്തി അരങ്ങേറാറു പതിവ്. നാകം താഴ്ത്തി എഴുത്ത് എന്നാണ് കതിവനൂര്‍ വീരന് തെയ്യത്തിന്റെ മുഖത്തെഴുത്തിനു പേര്.താടിയും മീശയും ഉണ്ടാകും. തിടങ്ങല്‍ തോറ്റം,വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. വീരപരാക്രമിയായ മന്ദപ്പന്റെ അത്യന്തം സാഹസപൂര്‍ണ്ണവും, ദുരന്തപര്യവസായിയുമായ ജീവിത കഥയാണ് കതിവനൂര്‍ വീരന്റേത്. കതിവനൂര്‍ വീരന് കതുവനൂര് വീരന്, കതിനൂര്‍ വീരന് എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. ഇപ്രകാരം അനവധിയനവധി തെയ്യങ്ങളാല്‍ സമൃദ്ധമാണ് വടക്കേ മലബാര്‍.
വൃക്ഷാരാധന, പര്‍വതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവവൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ് തെയ്യം.
ഇടവപ്പാതിയില്‍ ഏകദേശം ജൂണ്‍ പകുതിയോടെ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ ‘ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പുറത്ത് കാവില്‍ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: