ദാരിദ്ര്യം മൂലം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവളാണ് മമാനി ശര്‍മ്മ. ഇവള്‍ക്ക് സഹായ ഹസ്തവുമായി എത്തിയത് ‘ഉദയന്‍ കെയര്‍’. അവളിന്ന് ഐടി മേഖലയില്‍ ഉദ്യോഗസ്ഥ. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ‘ഉദയന്‍ കെയര്‍’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് പാവപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി സാമ്പത്തിക സഹായം നല്കി സമൂഹത്തിന് മാതൃകയാവുകയാണ്.
കൊല്‍ക്കത്തയിലെ ഗോല്‍പാര്‍ക്ക് പ്രദേശത്തുള്ള ഒരു കല്പ്പണിക്കാരന്റെ മകളാണ് മമാനി. സാമ്പത്തിക സഹായം നല്കി തന്റെ ജീവിതത്തിന് പുതിയ മാനം നല്കിയ ഉദയന്‍ കെയറിന് നന്ദി പറയുകയാണ് മമാനി. ഉദയന്‍ കെയറിന്റെ സഹായം ലഭ്യമായിരുന്നില്ലെങ്കില്‍ തന്റെ സഹോദരിമാരെപ്പോലെ തനിക്കും പഠനം ഉപേക്ഷിച്ച് വിവാഹജീവിതത്തിലേക്ക് കടക്കേണ്ടിവരുമായിരുന്നുവെന്ന് മമാനി പറയുന്നു. കമലാ ഗേള്‍സ് ഹൈസ്കൂളില്‍നിന്നും പത്താംതരം പാസ്സായ മമാനി 2012 ല്‍ ബിരുദം കരസ്ഥമാക്കി ഐടി മേഖലയിലേക്ക് കടക്കുകയായിരുന്നു. മമാനിയെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങാവുകയാണ് ഉദയന്‍ കെയര്‍.
അഞ്ചുവര്‍ഷം സാമ്പത്തിക സഹായം മാത്രമല്ല നല്ലൊരു ഉപദേഷ്ടാവുമായാണ് ഉദയന്‍ കെയര്‍ പ്രവര്‍ത്തിച്ചതെന്ന് പറയുകയാണ് സന്ധ്യ ഗുപ്ത. മമാനിയെപ്പോലെ ഉദയന്‍ കെയറിന്റെ സഹായം കിട്ടിയ ഈ പെണ്‍കുട്ടിയും ബിരുദത്തിനുശേഷം ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി ഉദയന്‍ ശാലിനി ഫെല്ലോഷിപ്പ് പ്രോഗ്രാമും ഈ സംഘടന നടത്തിവരുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക മാത്രമല്ല, അവരുടെ കഴിവ് തിരിച്ചറിഞ്ഞ് പൂര്‍ണമായും അവരെ ജോലിക്കായി പ്രാപ്തരാക്കുകകൂടിയ ചെയ്യുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ചെരുപ്പ് കുത്തികള്‍ തുടങ്ങിയവരുടെ പെണ്മക്കളും ഉദയന്‍ കെയറിന്റെ ‘കെയറി’ല്‍ ജീവിതം കരുപിടിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായത്തിനുപുറമെ വ്യക്തി വികാസത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ പദ്ധതി സഹായകമാകുമെന്ന് ജോയിത്രി ഗുപ്ത പറഞ്ഞു. ഈ വര്‍ഷം 91 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്ററി പാസ്സായതാണ് ജോയിത്രി. ഓട്ടോ ഡ്രൈവറായ അശോക് ഗുപ്തയുടെ മകളായ ജോയിത്രി സാമ്പത്തിക ശാസ്ത്രത്തില്‍ തുടര്‍പഠനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഈ പദ്ധതിയനുസരിച്ച് ഹൈസ്കൂള്‍ പഠനത്തിനുശേഷം അവരുടെ ആവശ്യവും അഭിലാഷവും കഴിവും മുന്‍നിര്‍ത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായവും പ്രേരണയും ഇതുവഴി ലഭിക്കുന്നു. ഉപദേശക സമിതിയുടെ സഹായത്താല്‍ വ്യക്തിത്വവികാസം, ആത്മവിശ്വാസം, വളര്‍ത്തല്‍ , അഭിമുഖങ്ങളെ നേരിടേണ്ടതെങ്ങനെ, സ്വയം പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ പെണ്‍കുട്ടികളെ പ്രാപ്തരാകുന്നു.
662 പെണ്‍കുട്ടികളാണ് ഈ ഫെല്ലോഷിപ്പിന് അര്‍ഹരായിട്ടുള്ളതെന്ന് ഉദയന്‍ കെയറിന്റെ പശ്ചിമബംഗാളിലെ ഓഫീസ് കോര്‍ഡിനേറ്ററായ ചിത്ര റോയി ചൗധരി പറയുന്നു. ഇവരില്‍ 53 പേരാണ് ഈ വര്‍ഷം ഹയര്‍ സെക്കന്ററി പരീക്ഷയെ അഭിമുഖീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കൊല്‍ക്കത്ത കൂടാതെ ദല്‍ഹി, ഗുര്‍ഗാവ്, ജയ്പ്പൂര്‍ ഉള്‍പ്പെടെ 12 നഗരങ്ങളിലും ഇന്ന് ഈ സന്നദ്ധ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറന്നുയരാനുള്ള കരുത്ത് നല്‍കുകയാണ് ഉദയന്‍ കെയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: