ഒരു പതിറ്റാണ്ടു മുമ്പുണ്ടായ വരള്‍ച്ചയും വിളനാശവും ഉല്‍പ്പന്ന വിപണിയിലെ വിലത്തകര്‍ച്ചയുമെല്ലാം കൂടി വയനാട് ജില്ലയിലെ നിരവധി കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ഈ മലയോര ജില്ലയിലെ പ്രധാന നാണ്യവിളയായിരുന്ന കുരുമുളക് കൃഷിയുടെ സമ്പൂര്‍ണ്ണ നാശവും വിലത്തകര്‍ച്ചയും കാര്‍ഷിക കുടുംബങ്ങളുടെ അതിജീവനം പോലും അസാധ്യമാക്കിയതാണ് പല ഗൃഹനാഥന്മാരേയും ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്.
വര്‍ഷത്തിലൊരിക്കല്‍ കുരുമുളക് വിളവെടുപ്പുസമയത്ത് മാര്‍ച്ച് മാസത്തില്‍ ബാങ്ക് വായ്പയുള്‍പ്പെടെയുള്ള പണിമിടപാടുകളുടെ കണക്കു തീര്‍ത്തിരുന്നവര്‍ക്ക് അതിന് കഴിയാതെ വന്നു. അപ്പോഴുണ്ടായ അസ്വസ്ഥതകളാണ് വയനാടിനെ കര്‍ഷകരുടെ ശവപ്പറമ്പാക്കിയത്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയ നാളുകളായിരുന്നു അത്. ഇതോടെ കേരളത്തിലെ വിദര്‍ഭയെന്ന പേരും ദേശീയ മാധ്യമങ്ങള്‍ വയനാടിനു നല്കി. ഈ തകര്‍ച്ചയോടെയാണ് അന്നന്നത്തെ അന്നത്തിനായി വയനാട്ടിലെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്.
ആ വഴിത്തിരിവ് ഒരു പതിറ്റാണ്ടുകൊണ്ട് വയനാടിനെ പാലാഴിയാക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പതിറ്റാണ്ടുകളായി ഒരു കര്‍ഷക സമൂഹം പിന്തുടര്ന്നിരുന്ന വാര്‍ഷികാടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയിരുന്ന കുടുംബ ബജറ്റുകള്‍ ഇതോടെ പ്രതിമാസ ക്രമത്തിലേക്ക് രൂപപ്പെടുകയുമായിരുന്നു. പാല് ഉല്പാദനത്തില് ഇരട്ടിയിലേറെ വര്‍ദ്ധനവാണുണ്ടായത്. ഇന്ന് അതിജീവനത്തിന്റെ തൊഴില്‍ എന്നതിലുപരി അമിത ലാഭത്തിന്റെ വ്യവസായമെന്ന നിലയിലേക്ക് ഇത് മാറുകയാണോ എന്ന് ആശങ്കപ്പെടുത്തും വിധമാണ് പാലുല്പാദനം കൂടുമ്പോള്‍ കര്‍ഷകരുടെ എണ്ണം കുറയുന്നത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന ബത്തേരി താലൂക്കാണ് ഇന്ന് ജില്ലയില്‍ ഉല്പാദിപ്പിക്കുന്ന പാലിന്റെ പകുതിയിലേറെ സംഭാവന ചെയ്യുന്നതും. ഈ താലൂക്കിലെ പുല്‍പ്പളളി മേഖലയില്‍ 2003-2005 കാലത്ത് ആത്മഹത്യ ചെയ്തത് 175 പേരാണ്.
വിജയം കറന്നെടുത്ത ബത്തേരി
പുല്‍പ്പള്ളി മേഖലയിലെ ചില ക്ഷീര സഹകരണ സംഘങ്ങളില്‍ കര്‍ഷകരുടെ ആളോഹരി വാര്‍ഷിക വരുമാനം പാലളവിലൂടെ മാത്രം 21,000 രൂപയില്‍ നിന്ന് ഒരുലക്ഷത്തിലേറെയായി ഉയര്‍ന്നു. ഒരു പതിറ്റാണ്ടിനിടയിലെ പ്രകടമായ പുരോഗതിയാണിത്. മുളളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ആറ് ക്ഷീര സഹകരണ സംഘങ്ങളാണ് ഇപ്പോള്‍. ഇതില്‍ അഞ്ചെണ്ണത്തില്‍ നിന്ന്, വരള്‍ച്ച രൂക്ഷമായിരുന്ന 2003-04 സാമ്പത്തിക വര്‍ഷം ആകെ അളന്ന പാല് 28,17805.8 ലിറ്ററായിരുന്നു.
1872 കര്‍ഷകര്‍ക്കായി ആ വര്‍ഷം വിതരണം ചെയ്ത പാലിന്റെ ആകെ വില 3,13,28165.26 രൂപയാണ്. ഒരു കര്‍ഷകന്റെ ആളോഹരി ശരാശരി 16,735.13 രൂപയാണ്. 2014-15 വര്‍ഷം ആറു ക്ഷീര സഹകരണ സംഘങ്ങളിലൂടെ ഈ ഗ്രാമ പഞ്ചായത്തില്‍ ആകെ അളന്നപാല് 61,99439.8 ലിറ്ററാണ്. 3021-3050 ഓളം കര്‍ഷകര്‍ക്കായി വിതരണം ചെയ്ത പാല്‍വില 56,41,36929.42 രൂപയാണ്. ആളോഹരി വാര്‍ഷിക വരുമാനം ശരാശരി 1,86,738.47 രൂപയായി ഉയര്‍ന്നു. ഒരു പതിറ്റാണ്ടു മുമ്പ് പാല് വില ലിറ്ററിന് ഒമ്പതുമുതല്‍ 11 രൂപ വരെയായിരുന്നത് ഇന്ന് 27-30 രൂപ ആയി. പാല്വിലയിലുണ്ടായ വര്‍ദ്ധനവിന് അനുസരിച്ചുതന്നെ കാലിത്തീറ്റയുടേയും മറ്റും വില മൂന്നിരട്ടിയായി ഉയരുകയും ചെയ്തുവെന്നത് വേറേ കാര്യം.
ബത്തേരി താലൂക്കില്‍ 14 പാല്‍സഹകരണ സംഘങ്ങളാണുള്ളത്. ഇതില്‍ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആറും പൂതാടിഗ്രാമ പഞ്ചായത്തില്‍ നാലും പുല്‍പ്പളളി, അമ്പലവയല്‍, മീനങ്ങാടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നു വീതവും ബത്തേരി, നൂല്‍പ്പുഴ, നെന്മേനി ഗ്രാമ പഞ്ചായത്തുകള്‍ക്കെല്ലാം കൂടി ബത്തേരിയില്‍ വയനാട് ക്ഷീര സഹകരണ സംഘവുമാണുള്ളത്. 2003-04 ല്‍ 13 സംഘങ്ങള്‍ ആകെ അളന്നത് 2,38,65088.5 ലിറ്റര്‍ പാലാണ്. 12,071 കര്‍ഷകരാണ് ഈ സംഘങ്ങളിലുണ്ടായിരുന്നത്. 2014-15 ല്‍ ഇത് 14 സംഘങ്ങളിലായി 3,25,63115.5 ലിറ്ററായി ഉയര്‍ന്നു. കര്‍ഷകരുടെ എണ്ണം 14,172 എന്ന നേരിയ വര്‍ദ്ധനവേ രേഖപ്പെടുത്തിയുളളൂ എന്നതും ശ്രദ്ധേയമാണ്.
ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഓഫീസു വഴി കര്‍ഷകര്‍ക്ക് നല്കുന്ന പ്രോത്സാഹന സഹായ പദ്ധതികളും നിരവധിയാണ്. വീട്ടാവശ്യത്തിനുളള പാലുമാത്രം ലക്ഷ്യം വെച്ച് പശുവളര്‍ത്തിയിരുന്ന സ്ഥാനത്ത് അതൊരു മുഖ്യ കൃഷിയാക്കി മാറ്റുന്നതില്‍ ക്ഷീരവികസന വകുപ്പ് വഹിച്ച പങ്ക് വളരെ വലുതാണ്. അടുക്കളയില്‍ നിന്ന് വിപണിയിലേക്കെന്ന രൂപത്തില്‍ ക്ഷീരോല്പാദനം വികസിച്ചതിലും ഈ പങ്ക് വിസ്മരിക്കാനാവില്ല. തീറ്റപ്പുല്‍ ക്യഷിവ്യാപനത്തിനും തൊഴുത്ത്, ജലസേചന പദ്ധതികള്‍, ക്ഷീരസംഘങ്ങളുടെ നവീകരണം, കര്‍ഷകര്‍ക്കായുളള വിവിധക്ഷേമ പദ്ധതികള്‍ തുടങ്ങി ക്ഷീര മേഖലക്ക് നല്കുന്ന സഹായങ്ങളും ആത്മവിശ്വാസത്തോടെ ഇതൊരു തൊഴിലായി സ്വീകരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
2003-04 വര്‍ഷം വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് നല്കിയ സബ്സിഡി തുക 8,78,480 രൂപയായിരുന്നത് 2009-10ല്‍ 68,31000 രൂപയും 2014-15 ല്‍ 12,78,40,695 രൂപയുമായി ഉയര്‍ന്നു എന്നതും വയനാടന്‍ ധവളവിപ്ലവത്തിന് ആക്കം കൂട്ടിയ ഘടകങ്ങളില്‍ ഒന്നാണ്. വിവര സാങ്കേതിക രംഗത്തെ മുന്നേറ്റം ഏതെല്ലാം വിധത്തില്‍ ക്ഷീര മേഖലയില്‍ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിലാണ് ക്ഷീര വികസന വകുപ്പെന്ന് ബത്തേരി ക്ഷീര വികസന ഓഫീസര്‍ സുധീഷ് കുമാര്‍ പറയുന്നു.വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനത്തിലൂടെ ക്ഷീര സംഘങ്ങളെ ബന്ധിപ്പിക്കാലാണ് ഇതിലാദ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ബത്തേരി ക്ഷീരവികസന ബ്ലോക്കിലെ ഇപ്പോഴത്തെ പ്രതിദിന പാലളവ് 89,000-90,000 ലിറ്ററാണ്.
12,000 ത്തിലേറെ കര്‍ഷക കുടുംബങ്ങളാണ് ബത്തേരി താലൂക്കില്‍ മാത്രം ക്ഷീരമേഖലയെ ആശ്രയിച്ച് നിത്യവൃത്തി കഴിക്കുന്നത്. ഒരു പതിറ്റാണ്ടു മുമ്പ് കര്‍ഷക ആത്മഹത്യകളുടെ നാടായിരുന്ന പുല്പ്പളളിമേഖല തന്നെയാണ് ക്ഷീരോത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത.് പുല്പളളി ഗ്രാമ പഞ്ചായത്തിലെ ഏക ക്ഷീരസഹകരണ സംഘത്തില്‍ 2003-04 വര്‍ഷത്തില്‍ അളന്നത് 29,41,928.3 ലിറ്റര്‍ പാലായിരുന്നു. 1100 കര്‍ഷകരാണ് അന്ന് ഇവിടെ പാലളന്നത്.ആ വര്‍ഷം വിതരണം ചെയ്ത പാല് വില 2,82,64,431.42 രൂപയായിരുന്നു. 2009-10 വര്‍ഷം ഇത് യഥാക്രമം 1300 കര്‍ഷകരും 37,26045.3 ലിറ്റര്‍ പാലും 5,74,22,244.43 രൂപയുമായി വളര്‍ന്നു.
2014-15 വര്‍ഷമിത് 51,22,182.3 ലിറ്റര്‍ പാലും 1650 കര്‍ഷകരും 14,86,26,160 രൂപയും എന്ന വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2003-04 ല്പ്രതിദിനം 6100-6200 ലിറ്റര്‍ പാലളന്നസ്ഥാനത്ത് ഇന്നത് പ്രതിദിനം 17,000-18,000 ലിറ്ററായിട്ടുണ്ട്. ഇന്ന് പുല്‍പ്പളളി-മുളളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളില്‍ മാത്രം ഓരോമാസവും പാല് വിലയായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത് മൂന്നേകാല്‍ കോടിയിലേറെ രൂപയാണെന്ന് പുല്‍പ്പളളി ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി എം.ഡി.വിഷ്ണുനാരായണന്‍ പറയുന്നു. കുരുമുളക് കൃഷിയുടെ സുവര്‍ണ്ണ കാലത്ത് വിളവെടുപ്പുമാസങ്ങളില് ദിനംപ്രതി 40-50 ടണ്‍ മുളക് കയറ്റി അയച്ച ഈ മേഖലയില്‍ നിന്ന് ഇന്ന് മില്‍മയുടെ ടാങ്കര്‍ ലോറികളാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുളളന്‍കൊല്ലിയിലെ ആറ് ക്ഷീരസഹകരണ സംഘങ്ങളില്‍ ഈ കാലയളവില്‍ മികച്ചനേട്ടം ഉണ്ടാക്കിയത് ശശിമല ക്ഷീരോത്പാദക സഹകരണ സംഘമാണ്. ഇവിടെ 2003-04 വര്‍ഷത്തില്‍ 1067133.7ലിറ്റര്‍ പാലാണ് അളന്നത്. 10,073463.28 രൂപ 380 കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. 2014-15 വര്‍ഷമിത് യഥാക്രമം 15,05,415.2 ലിറ്ററായും പാല്‍വില 4,28,24070.5 രൂപയായും ഉയര്‍ന്നു. കര്‍ഷകരുടെ എണ്ണം 380 ല്‍ നിന്ന് 490 ആയി ഉയര്‍ന്നു.
ആത്മഹത്യയില്‍ നിന്ന് അതിജീവനത്തിലേക്ക്
പുല്പളളി സര്‍ക്കിള്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പൂതാടി ഗ്രാമ പഞ്ചായത്തിലും കര്‍ഷക ആത്മഹത്യകളുടെ സുനാമിത്തിരകള്‍ ആഞ്ഞടിച്ച പ്രദേശമാണ്. അതുകൊണ്ടുതന്നെ അതിജീവനത്തിന്റെ ധവള വിപ്ലവത്തില്‍ ഇവരും സജീവ പങ്കാളികളായി. നാലുക്ഷീര സഹകരണ സംഘങ്ങളാണ് ഇവിടെയുളളത്. ഈ സംഘങ്ങളുടെ 2003 -04 ലെ ആകെ ഉല്പാദനം 4685672.3 ആയിരുന്നു. അന്ന് വിലയായി 2234 കര്‍ഷകര്‍ക്ക് നല്‍കിയത് 4,65,21703.5 രൂപയാണ്. 2014-15 ല്‍ ഇത് 6834892.7 ലിറ്ററായും വില 19,73,56,224.64 ആയും കര്‍ഷകരുടെ എണ്ണം 2962 ആയി ഉയര്‍ന്നു.
മാനന്തവാടി താലൂക്കിലും ഈ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പാലുല്പാദനത്തില് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2003-04 കാലയളവില്‍ പ്രതിദിനം 21232 ലിറ്ററായിരുന്നു ഈ താലൂക്കിലെ പാലളവെങ്കില് ഇന്നത് പ്രതിദിനം 65,000 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട് .2003-04 ല്‍ ഈ താലൂക്കില്‍ 4937 കര്‍ഷക കുടുംബങ്ങളാണ് ക്ഷീരമേഖലയെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചത്. ഇന്നത് 8300-8350 കുടുംബങ്ങളാണ്. ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന കല്പറ്റ ബ്ലോക്ക് ആണ് ക്ഷീര വിപ്ലവത്തില്‍ സജീവ പങ്കാളികളാകാതെ അവശേഷിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014-15 വര്‍ഷത്തില്‍ ഈ ബ്ലോക്കു പരിധിയിലെ ഉല്പാദനം 12,35613.7 ലിറ്ററാണ്. 4300 കര്‍ഷക കുടുംബങ്ങളാണ് സഹകരണ മേഖലയെ ആശ്രയിച്ച് പാല് വിപണനം നടത്തുന്നത്.
ചില പാലുല്പാദക സഹകരണ സംഘങ്ങളില്‍ 2010ല്‍ നിന്ന് 2015 എത്തുമ്പോഴേക്കും പാലിന്റെ അളവ് കാര്യമായി കൂടുകയും കര്‍ഷകരുടെ എണ്ണം ഗണ്യമായി കുറയുകയും ചെ യ്യുന്ന പ്രവണതയുമാണിന്നുളളത്. ഉദാഹരണത്തിന് ബത്തേരി താലൂക്കിലെ മീനങ്ങാടി സംഘത്തില്‍ 2003-04 ല്‍ 24,84063.7 ലിറ്റര്‍ പാലളന്നത് 1200 കര്‍ഷക കുടുംബങ്ങളാണ്.ഇവിടെ 2014-15 ല്‍ 3796669.4 ലിറ്റര്‍ പാലാണ് അളന്നത്. അമ്പലവയല്‍ പഞ്ചായത്തിലാകട്ടെ പാലിന്റെയും കര്‍ഷകരുടേയും കുറവാണ് രേഖപ്പെടുത്തിക്കാണുന്നത്. 2003-04 ല്‍ 27,17724.83 പാലും 1120 കര്‍ഷകരും ഉണ്ടായിരുന്ന ഇവിടെ 2014-15ല്‍ 26,84534.57 ലിറ്റര്‍ പാലും 991 കര്‍ഷകരുമായി കുറയുന്നതാണ് കണ്ടത്. ഈ കാലയളവില്‍ പാല് ഉല്പാദന വര്‍ദ്ധനവിനനുസരിച്ച് കര്‍ഷകരുടെ എണ്ണം കൂടിയില്ല എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുതയാണ്.
ഏതായാലും കാര്‍ഷിക തകര്‍ച്ചയുടേയും കര്‍ഷക ആത്മഹത്യകളുടേയും ദുരിതമയമായ ആ നാളുകളില്‍ വയനാടന്‍ കാര്‍ഷിക സമൂഹത്തെ കരകയറ്റിയത് ക്ഷീരോത്പാദന മേഖലയാണെന്നതില്‍ രണ്ട് പക്ഷമില്ല. മനുഷ്യ സംസ്കാരം രൂപപ്പെടുത്തിയതില്‍ ക്യഷിയോടൊപ്പം കന്നുകാലി വളര്‍ത്തല്‍ വഹിച്ച പങ്കും കൂട്ടിവായിക്കാനും കര്‍ഷകര്‍ തയ്യാറാകേണ്ട സമയമാണിതെന്ന് ക്ഷീരമേഖലയിലെ വാണിജ്യവല്കരണ ത്വര നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പരിശുദ്ധിയുടെ പര്യായമായി പഴമൊഴികളില്‍ പരാമര്‍ശിക്കുന്ന പശുവിന് പാലിന്റെ തനിമ സംരക്ഷിക്കാനും കര്‍ഷക സമൂഹത്തിനുളള കടമ വളരെ വലുതാണ്. വിപണിജന്യമായ കാലിത്തീറ്റകളെ അമിതമായി ആശ്രയിക്കുന്ന പ്രവണത നിയന്ത്രിക്കാനും പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീര കര്‍ഷകരുടെ സ്ഥാനം വളരെ പ്രധാനമാണെന്ന അവബോധം കര്‍ഷകരില്‍ വളര്‍ത്താനും വയനാട്ടിലെ ധവള വിപ്ലവം ക്ഷീര വികസന വകുപ്പും മാതൃകയാക്കേണ്ടതാണ്.
മുമ്പ് കുരുമുളക് അടക്കമുളള നാണ്യ വിളകളുടെ അമിത ഉല്‍പ്പാദനം പ്രതീക്ഷിച്ച് രാസവളങ്ങളും കീടനാശനികളും പ്രയോഗിച്ചതിലൂടെ കൃഷിയിടത്തിലുണ്ടാക്കിയ ദുരന്തങ്ങള്‍ അനുഭവിച്ചറിയുന്ന വയനാടന്‍ കര്‍ഷകര്‍ ക്ഷീരമേഖലയുടെ പുരോഗതിയിലൂടെ ജൈവ ക്യഷിയിലേക്ക് ക്രമേണ മാറുന്നു എന്നതും ശുഭ സൂചകമാണ്.
ജൈവ ക്യഷി രീതിയുടെ പ്രോല്സാഹനത്തിന് കൃഷിവകുപ്പും മറ്റും നല്കുന്ന സഹായങ്ങള്‍ പോലെ ക്ഷീരോത്പാദന രംഗത്തും ഈ ലക്ഷ്യത്തോടെയുളള ഇടപെടല്‍ എത്രത്തോളം സാധ്യമാക്കാം എന്ന അന്വേഷണത്തിനും തുടക്കം കുറിക്കാനുള്ള സമയമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: