രാക്ഷസ സൈന്യവും ദേവ സൈന്യവും തമ്മില്‍ യുദ്ധം മുറുകി രാക്ഷസ സൈന്യത്തില്‍ പലരും നിലംപതിച്ചു. ഇതുകണ്ട സുമാലി തന്റെ സേനയോടൊത്ത് ദേവന്മാരെ ഘോരമായി ആക്രമിക്കാന്‍ തുടങ്ങി. സുമാലിയുടെ ശരപ്രയോഗം ദേവന്മാരെ തളര്‍ത്തി. ഇതുകണ്ട് അഷ്ടവസുക്കളില്‍ എട്ടാമനായ സാവിത്രന്‍ രാക്ഷസസൈന്യത്തില്‍ പലരേയും ഒടുക്കി. ഗദകൊണ്ടടിച്ച സുമാലിയുടെ തേരുതകര്‍ക്കുകയും സുമാലിയെത്തന്നെ യമപുരിക്കയക്കുകയും ചെയ്തു. ഇതുകണ്ട രാക്ഷസസൈന്യം അവിടേനിന്നും പാലായനം ചെയ്യാന്‍ തുടങ്ങി. ഈ സമയത്ത് കോപിഷ്ഠനായ മേഘനാദന്‍ തന്റെ തേരില്‍ കയറി ഞാണൊലിയിട്ടുകൊണ്ട് ദേവകള്‍ക്കുനേരെ പാഞ്ഞടുത്തു.
രാവണിയുടെ വരവുകണ്ട് ഭയന്ന ദേവസൈന്യം പുലിയെക്കണ്ട പശുക്കളെപ്പോലെ ഓടാന്‍ തുടങ്ങിയതുകണ്ട് ദേവേന്ദ്രന്‍ പറഞ്ഞു. നിങ്ങളാരും ഓടാതെ യുദ്ധം കണ്ടുനില്‍ക്കുവിന്‍ എന്റെ മകന്‍ ജയന്തന്‍ മേഘനാദനെ എതിരിടുന്നതായിരിക്കും. ദേവേന്ദ്രന്‍ ഇത് പറയുന്ന സമയത്ത് തന്റെ തേരില്‍ കയറി ശരമാരി പൊഴിച്ചുകൊണ്ട് ജയന്തന്‍ യുദ്ധരംഗത്തെത്തിച്ചേര്‍ന്നു. കൊള്ളാം നീ നല്ല വീരന്‍ തന്നെ എന്നു പറഞ്ഞുകൊണ്ട് മേഘനാദന്‍ ജയന്തനെ എതിരിട്ടു. ശരങ്ങളയക്കാന്‍ തുടങ്ങി. ജയന്തന്‍ സ്വല്പം തളര്‍ന്നെങ്കിലും അത് കാണിക്കാതെ വീണ്ടും ഘോരമായ യുദ്ധംതുടങ്ങി.
മാതലീപുത്രനും ജയന്തന്റെ സൂതനുമായ ഗോമുഖന്റെ നേരെ ശരങ്ങളയച്ചു. ഇതിനുപകരമായി രാവണിയുടെ സൂതനെ ജയന്തന്‍ വധിച്ചു. അസ്ത്രങ്ങളും വാള്‍, കുന്തം, ഗദ, ശൂലം മുതലായവ കൊണ്ട് രണ്ടുപേരും യുദ്ധം വീണ്ടും ഘോരരൂപം പൂണ്ടു. ദേവപക്ഷത്തിന് തളര്‍ച്ച കൈവന്നു. ഇതുകണ്ട് ജയന്തന്റെ അമ്മയുടെ അച്ഛനായ പുലോമാവ് ജയന്തനേയും എടുത്തുകൊണ്ടുപോയി സമുദ്രത്തില്‍ ഒളിച്ചു. രാക്ഷസസൈന്യത്തിന് ഉത്സാഹം വര്‍ദ്ധിച്ചു. ദേവേന്ദ്രന്‍ മാതലിയോട് തന്റെ തേര്‍ കൊണ്ടുവരുവാന്‍ പറഞ്ഞു. മാതലി രഥം തയ്യാറാക്കി നിര്‍ത്തി. ദേവേന്ദ്രന്‍ യുദ്ധത്തിനിറങ്ങി.
ഇതുകണ്ട് സിദ്ധസാദ്ധ്യന്മാരും അശ്വനീകുമാരന്മാരും ദേവഗന്ധര്‍വ്വ യക്ഷോസംഘവും ഇന്ദ്രനോടൊന്നിച്ച് പോരിനിറങ്ങി. മേഘനാദനെ പിന്നിലാക്കി രാവണന്‍ യുദ്ധത്തിന് മുന്‍നിരയിലേക്കെത്തി. കംഭകര്‍ണ്ണനും യുദ്ധത്തിനെത്തി. രാക്ഷസവീരന്മാര്‍ പലരും മരിച്ചുവീണു. ഇതുകണ്ട് കുപിതനായ രാവണി ദേവന്മാരുടെ ശരീരത്തില്‍ അസ്ത്രങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ദേവേന്ദ്രനും ക്രുദ്ധനായി അസ്ത്രജാലങ്ങള്‍ വര്‍ഷിച്ചു. രാവണന്‍ തന്റെ സൂതനോട് ദേവസൈന്യത്തിന്റെ നടുവില്‍ തന്റെ തേര്‌കൊണ്ട്‌പോകാന്‍ കല്പിച്ചു. സൂതന്‍ അപ്രകാരം ചെയ്തു. ഇതുകണ്ട് ദേവേന്ദ്രന്‍ പറഞ്ഞു. രാക്ഷസരാജന്‍ നമ്മുടെ സൈന്യങ്ങളുടെ നടുവില്‍ എത്തിയിരിക്കുന്നു.
അവനെ വധിക്കുവാന്‍ ബ്രഹ്മാവിന്റെ വര പ്രസാദമുള്ളതുകൊണ്ട് നമുക്ക് സാദ്ധ്യമല്ല. പക്ഷെ അവനെ പുറത്തുകടക്കാന്‍ ആവാത്തവിധത്തില്‍ നിങ്ങള്‍ അവനെ വളയുക. ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ദേവകള്‍ രാവണനെ വളഞ്ഞുവെച്ച് അവനോട് യുദ്ധം തുടങ്ങി. അച്ഛനെ വളഞ്ഞുവെച്ചതുകണ്ട രാവണി മറഞ്ഞുനിന്ന് അസ്ത്രപ്രയോഗം തുടങ്ങി. ശരം വന്ന് പതിക്കുന്നുണ്ടെങ്കിലും മേഘനാദനെ കാണാതെ ദേവേന്ദ്രന്‍ തന്റെ ഐരാവതത്തില്‍ കയറി നാലുപാടും അവനെ തിരക്കി പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇനി എന്തുചെയ്യുമെന്ന വിചാരത്തോടെ ദേവേന്ദ്രന്‍ തളര്‍ന്നു നിന്നു. ഈ സമയത്ത് മായാവിയായ മേഘനാദന്‍ ഇന്ദ്രനെ പിടിച്ചു ബന്ധിച്ചു. അതിനുശേഷം മറഞ്ഞുനിന്ന് അസ്ത്രജാലം പൊഴിച്ച് രാവണനെ രക്ഷിക്കുകയും ബന്ധനസ്ഥനായ ഇന്ദ്രനേയും കൊണ്ട് അവര്‍ ലങ്കയ്‌ക്ക് തിരിക്കുകയും ചെയ്തു.
ദേവന്മാര്‍ പെട്ടെന്നുതന്നെ ബ്രഹ്മസമീപമെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ബ്രഹ്മാവ് ദുഃഖത്തോടുകൂടി പുറപ്പെട്ട് ലങ്കയിലെത്തി. ലങ്കയിലെത്തിയ ബ്രഹ്മദേവനെ വന്ദിച്ചു സ്വീകരിച്ചു. സന്തുഷ്ടനായ ബ്രഹ്മാവ് രാവണനോട് പറഞ്ഞു. ത്രിഭുവനത്തിനും ഏക നായകനായി ശത്രുഭയമില്ലാതെയും സങ്കടങ്ങളില്ലാതേയും നീ ചിരകാലംവാഴുക. മേഘനാദനെപ്പോലെ വീര്യവാനും ബലവാനുമായി ഈ മൂന്നുലോകത്തിലും അവന് സമാനമായി ആരുംതന്നെയില്ല. ഇന്ദ്രനെ ജയിച്ചതിനാല്‍ ഞാന്‍ ഇവന് ഇന്ദ്രജിത്തെന്ന നാമം നല്‍കുന്നു. ഇനി ഇന്ദ്രനെ എന്നോടൊപ്പം അയയ്‌ക്കണം. അങ്ങിനെ ചെയ്താല്‍ അഭീഷ്ടവരം ഞാന്‍ പ്രദാനം ചെയ്യുന്നതാണ്. ഇതുകേട്ട മേഘനാദന്‍ ബ്രഹ്മാവിനെ വന്ദിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ ഹോമം നടത്തിയാല്‍ ഹോമകുണ്ഡത്തില്‍ നിന്നും എനിക്ക് രഥം ലഭിക്കണം.
അതില്‍ ഞാന്‍ കയറിയാല്‍ എനിക്ക് അമരത്വവും വിജയവും ഉണ്ടാകണം. ഹോമം മുഴുമിപ്പിക്കാതെ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ എന്റെ മരണം സംഭവിക്കാവൂ. അതല്ലെങ്കില്‍ അമരത്വം കൈവരണം. ഇതിനു മുമ്പ് വളരെ കഷ്ടപ്പെട്ട് ഉഗ്രമായ തപസ്സുചെയ്ത് പലരും പല വരങ്ങളും സമ്പാദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ എന്റെ ഇഷ്ടവരങ്ങള്‍ സമ്പാദിക്കുന്നത് എന്റെ കരബലംകൊണ്ടാണ്. ഞാന്‍ ചോദിച്ച വരങ്ങള്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ ഇന്ദ്രനെ അങ്ങേക്ക് ബന്ധനമുക്തനാക്കി കൊണ്ടുപോകാവുന്നതാണ്.
മേഘനാദന്റെ അപേക്ഷ മാനിച്ച് എല്ലാം നീ ചോദിച്ചപോലെത്തന്നെ സംഭവിക്കട്ടെയെന്ന് ബ്രഹ്മാവ് അരുളിചെയ്തു. ഇതുകേട്ട രാവണി ഇന്ദ്രനെ പിതാമഹനോടൊപ്പം പോകാന്‍ അനുവദിച്ചു. തടവില്‍നിന്ന് മോചിതനായെങ്കിലും ദേവേന്ദ്രന് നാണക്കേടും മാനക്കേടും തന്റെ കഴിവില്ലായ്‌മയും ഓര്‍ത്തോര്‍ത്ത് ദുഃഖത്തില്‍നിന്നും വിമോചിതനാകാന്‍ കഴിഞ്ഞില്ല. വാസവന്റെ ദൈന്യതകണ്ട് ബ്രഹ്മദേവന്‍ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. ദേവേന്ദ്ര ദുഃഖിച്ചിട്ടു കാര്യമില്ല. നിന്റെ പ്രവൃത്തി ദോഷംകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. നീ പണ്ട് അഹല്യയെ അപമാനപ്പെടുത്തിയതിന്റെ തിരിച്ചടിയാണ് ഈ മാനഹാനി. അതുകൊണ്ട് നിന്റെ കര്‍മ്മദോഷങ്ങളെ നീക്കുന്നതിന്നു വേണ്ടി എത്രയും പെട്ടെന്ന് വൈഷ്ണവമഹായാഗം നടത്തുക. ബ്രഹ്മാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്ദ്രന്‍ വൈഷ്ണവമഹായാഗം നടത്തിയശേഷം സന്തോഷവാനായി ദുഃഖഹീനനായി വസിച്ചു. ഇതുകൊണ്ടാണ് രാവണനേക്കാള്‍ പരാക്രമിയായിരുന്നു. ഇന്ദ്രജിത്തെന്ന് ഞാന്‍ പറഞ്ഞത് എന്നു പറഞ്ഞ് അഗസ്ത്യ മഹര്‍ഷി തന്റെ വാക്കുകള്‍ക്ക് വിരാമമിട്ടു.
അഗസ്ത്യ വചനം ശ്രവിച്ച സഭയിലുണ്ടായിരുന്ന എല്ലാവരും സന്തുഷ്ടരായി. രാഘവനോട് വിടപറഞ്ഞ് അഗസ്ത്യാദിമഹര്‍ഷിമാര്‍ അവിടേനിന്നും യാത്രയായി.
പിറ്റേദവിസം സന്ധ്യാവന്ദനാദികള്‍ക്കുശേഷം രാജസഭയില്‍ പ്രവേശിച്ച രാമന്‍ ജനകരാജനേയും യുധാജിത്തിനേയും കാശിരാജനേയും ദാനമാനങ്ങള്‍കൊണ്ട് പൂജിച്ച് യാത്രയാക്കി. കുബേരന്റെ ആജ്ഞയനുസരിച്ച് പുഷ്പകം തിരിച്ചെത്തി. കുബേരന്റെ അനുവാദത്തോടുകൂടി വന്നതാകകൊണ്ട് പുഷ്പകത്തെ താന്‍ സ്വീകരിക്കുന്നതില്‍ ധര്‍മ്മദോഷമില്ലെന്നു കണ്ട രാമന്‍ പുഷ്പകത്തെ സ്വീകരിച്ച് പൂജിച്ചു. അതിനുശേഷം താന്‍ സ്മരിക്കുമ്പോള്‍ മാത്രം തന്റെ സേവക്കായി വന്നാല്‍ മതിയെന്ന് പറഞ്ഞ് പുഷ്പകത്തിന് യഥേഷ്ടം പോകാന്‍ അനുമതി നല്‍കി.
മുന്നൂറോളം സാമാന്തരാജാക്കന്മാരേയും ആദരിച്ച് സമ്മാനാദികള്‍ നല്‍കി അവരേയും യാത്രയയച്ചു.
















