രാജ്യത്ത് പോഷകാഹാര സുരക്ഷയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നത് മൃഗസംരക്ഷണ മേഖലയാണെന്ന് ഹരിയാന നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.ഡോ.എം.കെ.ശ്രീവാസ്തവ. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് ക്യാംപസില്‍ ഏഴാമത് കേരള വെറ്ററിനറി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ധിച്ച തോതിലുള്ള പാല്, മാംസ ഉല്പാദനം ഇന്ത്യയില്‍ പോഷകാഹാര സുരക്ഷയില്‍ കാതലായ പങ്കാണ് വഹിക്കുന്നത്. ഈ യാഥാര്‍ഥ്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തുന്നില്ല. 1964-’65ല്‍ ഇന്ത്യന്‍ 39 ദശലക്ഷം ടണ്‍ ആയിരുന്നു അരി ഉത്പാദനം. ഹരിത വിപ്ലവത്തിന്റെ ഫലമായി അരി ഉല്പാദനം വര്‍ധിച്ചു. നിലവിലത് 106 ദശലക്ഷം ടണ്‍ ആണ്. ഇതിലും വലിയ വര്‍ധനവാണ് ക്ഷീരോല്പാദനത്തില് ഉണ്ടായത്. രാജ്യത്ത് ഹരിതവിപ്ലവത്തിനു തുടക്കമിട്ട കാലത്ത് 17 ദശലക്ഷം ടണ്‍ ആയിരുന്ന പാല് ഉല്പാദനം 140 ദശലക്ഷം ടണ്ണിലെത്തി. പക്ഷേ, ഹരിത വിപ്ലവത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ധവള വിപ്ലവത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ല.
മഹാ വൈവിധ്യം, മൃഗബാഹുല്യം, ഉയര്‍ന്ന ക്ഷീരോല്പാദനം എന്നിവ രാജ്യത്തെ മൃഗസംരക്ഷണ മേഖലയുടെ ശക്തിയാണ്. ലോകത്ത് ആകെയുള്ള എരുമകളില്‍ 57-ഉം കന്നുകാലികളില്‍ 60-ഉം ശതമാനം ഇന്ത്യയിലാണ്. രാജ്യത്ത് 17 ദശലക്ഷം ജനങ്ങളാണ് ഉപജീവനത്തിനു മൃഗസംരക്ഷണ മേഖലയെ ആശ്രയിക്കുന്നത്. 4.4 ശതമാനമാണ് ഈ മേഖലയില്‍ വാര്‍ഷിക വളര്‍ച്ച. ലോകത്ത് പാലില്‍ 17.4 ശതമാനം ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഉല്പാദനക്ഷമത കുറഞ്ഞ മൃഗങ്ങളുടെ ആധിക്യവും മികച്ച ബീജോല്‍പാദനത്തിനു ഉതകുന്ന കാളകളുടെ കുറവും രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടവയാണ്.
വളര്‍ത്തുമൃഗങ്ങളില്‍ വെച്ചൂര്‍, സഹിവാള്‍, ഗിര്‍, താര്‍പാര്‍ക്കര്‍ തുടങ്ങിയ നാടന്‍ ഇനങ്ങളുടെ സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും ഊന്നല്‍ നല്‍കേണ്ടതുണ്ട്. നാടന്‍ ഇനങ്ങളില്‍ കുളമ്പുദീനം, ബ്രൂസെല്ലോസിസ്, അകിടുവീക്കം തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള ശേഷി കൂടുതലാണ്. അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നതും നാടന്‍ ഇനങ്ങളാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ആഹാരവും കുറച്ചുമതി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കിയാല്‍ 2030 ഓടെ കുളമ്പുദീനത്തെ രാജ്യത്തിന്റെ പടികടത്താനാകും-ഡോ.ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഇ.കെ.ഈശ്വരന് അധ്യക്ഷനായിരുന്നു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് മുഖ്യപ്രഭാഷണവും പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളേജ് ഡീന്‍ ഡോ.കെ.വിജയകുമാര്‍ ആമുഖപ്രഭാഷണവും നടത്തി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ബ്രാഞ്ച് സെക്രട്ടറി ജോ.പി.ബിജു സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ഡോ.ബിന്ദ്യ ലിസ് അബ്രഹാം നന്ദിയും പറഞ്ഞു.
അനിമല്‍ പ്രൊഡക്ഷന്‍- മാനേജ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍, വെറ്ററിനറി ഹെല്‍ത്ത് സയന്‍സസ്, വെറ്ററിനറി സയന്‍സ് ഇന്‍ പ്രാക്ടീസ്, ബേസിക് വെറ്ററിനറി ആന്‍ഡ് അലൈഡ് സയന്‍സസ്, ജന്തുജന്യരോഗങ്ങളും പൊതുജനാരോഗ്യവും എന്നീ വിഭാഗങ്ങളില്‍ 178 വിഷയങ്ങളിലാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധാവതരണം. ഇവയുടെ സമാഹാരം മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.എസ്.ചന്ദ്രന്‍കുട്ടി പ്രകാശനം ചെയ്തു. ശാസ്ത്ര സെഷനുകള്‍ക്ക് തുടക്കമിട്ട് ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫിസിയോളജി(എന്‍.ഐ.എ.എന്‍.പി) ഡയറക്ടര്‍ ഡോ.രാഘവേന്ദ്ര ഭട്ട ‘കാലാവസ്ഥാവ്യതിയാനവും മൃഗസംരക്ഷണവും’ എന്ന വിഷയം അവതരിപ്പിച്ചു. ‘വന്യജീവി ശാസ്ത്രവും വെറ്ററിനറി സയന്‍സും’ എന്ന വിഷയത്തില്‍ കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയില്‍നിന്നുള്ള ഡോ. ജേക്കബ്ബ് തുണ്ടത്തിലും ‘മനുഷ്യ-മൃഗ സംഘര്‍ഷം’ എന്ന വിഷയത്തില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.പി.എസ്.ഈസയും പ്രഭാഷണം നടത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെറ്ററിനറി സര്‍വകലാശാലകള്‍, ശാസ്ത്ര ഗവേഷണ ലാബോറട്ടറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ ഫാമുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവരടക്കം 300 പേരാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: