വേഷമാണോ അഭിനയമാണോ കഥാപാത്രത്തിന്റെ വിജയത്തിനു മുഖ്യം എന്ന് ചര്‍ച്ച ചെയ്താല്‍ ആ തര്‍ക്കം നീളും. പക്ഷേ, ഒരു നിമിഷാര്‍ധംകൊണ്ട്, അതിഗൗരവക്കാരനായ സന്യാസിവേഷം മദാലസയായ ഒരു ഗണികയായി മാറുമ്പോഴുള്ള ശരീരഭാഷയില്‍, വേഷത്തെ അപ്രസക്തമാക്കുന്ന മാസ്മരിക അഭിനയമുഹൂര്ത്തത്തില്, ഗിരീഷ് സോപാനം എന്ന നടനെ എഴുന്നേറ്റുനിന്ന് കൈയടിച്ചഭിനന്ദിക്കാന് പ്രേക്ഷകര്‍ക്കു തോന്നിപ്പോകും. അവിടെ വേഷാലങ്കാരം തീരെ അപ്രസക്തമാകും. ഭാസന്റെ ഭഗവദജ്ജുഗം നാടകത്തിന് കാവാലം നാരായണപ്പണിക്കരുടെ രംഗാവിഷ്കരണത്തില്‍, സന്യാസിയില്‍ സംഭവിച്ച വേശ്യാസ്ത്രീയുടെ പരകായ പ്രവേശം അഭിനയിക്കുകയാണ് നടന് ഗിരീഷ് സോപാനം.
അത്ഭുതകരമാണ് ഈ നടന്റെ ആവിഷ്കരണങ്ങള്‍. അനായാസം, അന്തസ്സത്ത ഉള്‍ക്കൊണ്ട്, കഥാപാത്രമായിത്തീരുന്നുവെന്ന് തോന്നിപ്പിക്കല്‍, തൊട്ടടുത്ത നിമിഷത്തില്‍ വേദിയില്നിന്നിറങ്ങിയാലുടന് അതിസാധാരണക്കാരനായ മനുഷ്യനായി മാറല്‍. ഇതെല്ലാം അടുത്തറിയണമെങ്കില്‍ ഗിരീഷിനെ പരിശീലക്കളരിയില്‍ കാണണം; അഭിനയം പരിശീലിക്കുമ്പോള്‍, കുട്ടികളെയും മറ്റും അഭിനയം പരിശീലിപ്പിക്കുമ്പോള്‍.
അസാധാരണമായ അര്‍പ്പണമാണ് അഭിനയത്തോട്, ഗിരീഷിനുള്ളത്. 32 വര്‍ഷമായി അമച്വര്‍ നാടകവേദിയില്‍ ഗിരീഷുണ്ട്, കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടക വേദിയില്‍. ഇന്ന് സോപാനത്തിന്റെ ഏതാണ്ട് എല്ലാ നാടകങ്ങളിലും നായകന് ഗിരീഷാണ്. അഭിനയ വൈവിധ്യത്തിന്റെ അനന്തസാധ്യതയുടെ അടയാളം കൂടിയാണ് ഗിരീഷ്. ഭാസന്റെ ഏഴ് നാടകങ്ങള്‍, കാളിദാസന്റെ മൂന്ന് നാടകങ്ങള്‍, കാവാലത്തിന്റെ നാടകങ്ങള്‍ എന്നിങ്ങനെ പതിനഞ്ചിലേറെ നാടകങ്ങളില്‍ മുഖ്യകഥാപാത്രം. ഇതില്‍ ഏതു കഥാപാത്രമാകണമെന്നു പറഞ്ഞാലും ഗിരീഷ് നിമിഷനേരം കൊണ്ട് തയ്യാര്‍.
ഭോപ്പാലില്‍ ഏഴുദിവസം തുടര്‍ച്ചയായി കാവാലംനാടകോത്സവം നടത്തി. രാജ്യത്തിനു പുറത്തുനിന്നുള്ള ആസ്വാദകരും വിദഗ്ദ്ധരും സദസില്‍. ഓരോ ദിവസവും ഓരോ നാടകം. അഞ്ച് സംസ്കൃത നാടകം, ഒരു ഹിന്ദി, ഒരു മലയാളം. എല്ലാറ്റിലും നായകന് ഗിരീഷ്. അമ്പരന്നുപോയി ഒരു നടന്റെ അഭിനയപാടവ വൈവിധ്യവും ഭാഷാഭിജ്ഞാനവൈഭവവും കണ്ടവര്‍. ഗിരീഷിന്റെ ഒരു ഏകാഹാരി (ഏകാംഗാഭിനയം) ഉണ്ട്.
ടാഗോറിന്റെ ഗീതാഞ്ജലിയെ ആധാരമാക്കി കാവാലം രചിച്ച നാടകം ഖുദ് ഔര്ഹൂദ. ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും മലയാളവും ചേര്‍ന്ന ബഹുഭാഷാ നാടകം, 45 മിനുട്ട് നേരത്തേക്ക്. അത് ഗിരീഷ് അവതരിപ്പിക്കുമ്പോള്‍ ഈ നടന്റെ വൈഭവത്തിനു മുന്നില്‍ കൈകൂപ്പും. ഊരുഭംഗത്തിലെ ദുര്യോധനന്, ദുര്യോധനന്റെ രണ്ട് അവസ്ഥകള്‍ ഗിരീഷിലൂടെ ചിരഞ്ജീവിത്വം നേടിയിട്ടുണ്ട്. അതിനേക്കാള്‍ മികച്ചതല്ലേ പ്രതിമാ നാടകത്തിലെ ദശരഥന് എന്നു സംശയിച്ചു പോകും. തെയ്യത്തെയ്യമെന്ന കാവാലം നാടകത്തിലെ രാവുണ്ണിയും പറങ്കിയും കണ്ടാല്‍ അതല്ലേ ഉജ്ജ്വലമെന്നും ശങ്കിക്കും.
കര്‍ണഭാരം എന്ന ഭാസനാടകത്തിലെ കര്ണന് പ്രസിദ്ധനായത് പ്രസിദ്ധ ചലച്ചിത്ര നടന് മോഹന്‍ലാല്‍ ആ വേഷം അഭിനയിച്ചപ്പോഴാണെന്നു പറയേണ്ടിവരുന്നത് നാടകവും സിനിമയും തമ്മിലുള്ള പ്രഭാഭേദം കൊണ്ടാവണം. ലാലിന്റെ കര്‍ണനെ പരിശീലിപ്പിച്ചത് ഗിരീഷാണ്. ഒരു പക്ഷേ ലാലും സമ്മതിക്കും ഗിരീഷിന്റെ കര്‍ണനാകാന്‍ തനിക്കായില്ലെന്ന്. പക്ഷേ, ഗിരീഷിന്റെ കര്‍ണനെ കണ്ടിട്ടുള്ളവര്‍, ലാലിലെ കര്‍ണനെ ആരാധിക്കുന്നവരുടെ ഒരംശമേ ഉണ്ടാകൂ. അതാണ് നാടകവും സിനിമയും തമ്മിലുള്ള, അതില്‍ത്തന്നെ അമച്വര്‍ നാടകവും തമ്മിലുള്ള അകലം. പലരും നാടകത്തില്‍ നിന്ന്, സോപാനക്കളരിയില്നിന്ന് സിനിമാ വേദിയിലെത്തി. ഭരത് ഗോപി, നെടുമുടിവേണു, കലാധരന്‍ തുടങ്ങി ഒട്ടേറെപ്പേര്‍. പക്ഷേ, ഗിരീഷ് പറയുന്നു, ഞാന്‍ എന്നും നാടകക്കൂട്ടത്തില്‍ തന്നെയുണ്ടാവും. സിനിമ തരുന്നത് നാടകത്തില്‍ നിന്നുകിട്ടില്ല. ഓരോ ദിവസവും അഭിനയ പരിശീലനക്കളരിയിലും നാടകവേദികളിലും ഒരേ കഥാപാത്രത്തെത്തന്നെ മാറിമാറി അഭിനയിച്ച് ഞാന്‍ അവരെ വളര്‍ത്തുകയാണ്, എന്നിലെ അഭിനയത്തെ വളര്‍ത്തുകയാണ്. അതെനിക്ക് സംതൃപ്തി തരുന്നുണ്ട്.
അഗ്നിവര്‍ണ്ണന്റെ കാലുകള്‍ എന്ന കാവാലത്തിന്റെ നാടകഭാഗം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്. ഈ നാടകം പൂര്‍ണ്ണമായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിച്ച് അവരെക്കൊണ്ട് അവതരിപ്പിക്കുന്ന ഒരു പദ്ധതി പരീക്ഷിക്കാന്‍ ഗിരീഷിനെ ഒരു സുഹൃത്ത് ക്ഷണിച്ചു. ആലപ്പുഴ പഴവീട് സ്കൂളിലും ആലുവയില്‍ ഒരു സ്കൂളിലും ഒരാഴ്ചത്തെ പരിശീലനത്തില്‍ അതു വന്‍വിജയമായി, അദ്ദേഹത്തിന്റെ അദ്ധ്യാപന മികവിനെ അവിടുത്തെ അദ്ധ്യാപകര്‍ പ്രശംസിക്കുന്നു. ഇതെക്കുറിച്ച് മറ്റ് സ്കൂളുകളില്‍നിന്നും അന്വേഷണം എത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇത്ര നീണ്ടകാലം, 32 വര്‍ഷം, നാടകവേദിയില്‍ പ്രവര്‍ത്തിച്ച ഗിരീഷിന് സംസ്ഥാന സര്‍ക്കാരിന്റെ ഒരു പുരസ്കാര പ്രോത്സാഹനം ലഭിക്കുന്നത് ഇപ്പോഴാണെന്നത് നമ്മുടെ നാടിന്റെ പ്രത്യേക സ്ഥിതിവിശേഷമാണ്. 2009-ല്‍, സാക്ഷാല്‍ ഭരത് ഗോപിയുടെ പേരില്‍ ഭാരതീയ കലാപീഠം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ഈ തിരുവനന്തപുരത്തുകാരന് ലഭിച്ചു. 2011-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പു കിട്ടിയിരുന്നു. സാംസ്കാരിക ധന്യതയില്‍ സ്വയം അഭിമാനിക്കുമ്പോഴും അര്‍ഹരെ കണ്ടെത്തി അംഗീകരിക്കാനും അനുമോദിക്കാനുമുള്ള മനോവിശാലതയുടെ കടുത്തപിശുക്ക്; അതോ ബോധപൂര്‍വമുള്ള അലക്ഷ്യമോ?
അതെന്തായാലും അതിനൊക്കെ അപ്പുറമാണല്ലോ അറിവുള്ളവരുടെ അംഗീകാരം. അത് ഗിരീഷിനെ വേദിയില്‍ കാണുന്നവരൊക്കെ അളവറ്റ് നല്‍കുന്നുണ്ട്. ലോകനാടകവേദി കണ്ടറിഞ്ഞ കാവാലം തന്നെ പലപ്പോഴും പറയാറുണ്ട്, ഭാരതത്തിലെ മുഴുവന്‍ അമച്വര്‍ നടന്മാരില് വച്ച് അസാമാന്യനാണ് ഗിരീഷ് എന്ന്. മറ്റൊന്നും ഗിരീഷിന് വിഷയമല്ല, അഭിനയം, അവതരണം, നാടകം, അതാണ് മനസ്സിലും ഉടലിലും അതെ, ഗിരീഷിനെ സംബന്ധിച്ച് നാടകമീ ഉയിരില്‍….
(ഗിരീഷ് സോപാനത്തിന്റെ ഫോണ്‍: 9495746251)
പ്രതികരിക്കാൻ ഇവിടെ എഴുതുക: