വായില്‍ അരുചിവന്നാല് എന്തുചെയ്യും?. ഉടന്‍ ഡോക്ടറെ കാണുമെന്നായിരിക്കും ഉത്തരം. പക്ഷേ, നാട്ടിന്‍പുറത്തെ ജൈവവൈവിധ്യം ആശ്വാസം തരാനുള്ളപ്പോള്‍ എന്തിനു മറുവഴി തേടണം?. ഒന്നുങ്കില്‍ ചുക്കുപൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക. അല്ലെങ്കില്‍ കറിവേപ്പില അരച്ച് മോരില്‍ കലക്കി സേവിക്കുക. കരിമ്പിന് നീരും ഇഞ്ചിനീരും സമം ചേര്‍ത്തു കുടിച്ചാലും മതി. ആശ്വാസം ഉറപ്പ്.
വായില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വായ്പ്പുണ്ണ് വന്നാല്‍ ഉണക്കനെല്ലി്ക്ക ചവച്ചുതിന്നാല്‍ മതിയെന്നാണ് നാട്ടുശാസ്ത്രം. പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീര് വായില്‍ കവിള്‍ക്കൊള്ളുന്നതും നന്ന്. കച്ചോലത്തിന്റെ ഇല അരച്ചുപുരട്ടുന്നതും ജാതിക്ക അരച്ചു പുരട്ടുന്നതും വായ്പ്പുണ്ണിന് ആശ്വാസം നല്‍കും. കാവിമണ്ണ് വെണ്ണയില്‍ ചാലിച്ചു പുരട്ടുന്നതും നന്നെന്ന് ചില പഴമക്കാര്‍. ചികിത്സയെന്ന നിലയില്‍ മുക്കുറ്റി സമൂലം അരച്ച് താറാവിന്‍മുട്ടയില്‍ ചേര്‍ത്ത് വറുത്തുകഴിക്കുന്നവരുമുണ്ട്. പപ്പായയുടെ കറയും പച്ചമഞ്ഞളും വേറെവേറെ പുരട്ടി വായ്പ്പുണ്ണ് ശമിപ്പിക്കാനും നമ്മുടെ പഴമക്കാര്‍ ശ്രമിച്ചിരുന്നു. ചുക്ക് അരച്ച് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ഇക്കിള് തനിയെ നില്ക്കും.
തുമ്പപ്പൂ അരച്ച് മോരില്‍ കലക്കിയും ഇഞ്ചിനീര് തേനില്‍ ചേര്‍ത്തും കഴിക്കുന്നതും ഇക്കിളിന് നന്ന്. മറ്റൊരു സൂത്രപ്പണിയുണ്ട് ഇക്കിളിനെ പിടിച്ചുനിര്‍ത്താന്‍-വായില്‍ നിറയെ വെള്ളം നിറച്ച് ഒരുമിനിട്ട് മൂക്ക് അടച്ചുപിടിച്ചാല്‍ മതിയത്രെ. തേനുമായി ബന്ധപ്പെട്ട രണ്ട് പ്രയോഗങ്ങള്‍ കൂടിയുണ്ട് ഇക്കിള് നിര്‍ത്താന്‍ എന്നും പഴമക്കാര്‍ പറയുന്നു.
വായില്‍ രോഗങ്ങളില്‍ പല്ലിന് പരമപ്രാധാന്യമാണല്ലോ ഉള്ളത്. അതിനാല്‍ പല്ലിന് നല്ല ബലം കിട്ടണം. അതിനുമുണ്ട് കുറച്ചു സൂത്രങ്ങള്‍. ഒന്ന്- വേപ്പിലക്കമ്പുകൊണ്ട് പല്ലുതേക്കുക. രണ്ട്- ഉപ്പുവെള്ളം ചെറുചൂടില്‍ കവിള് കൊള്ളുക. മൂന്ന്- പേരയിലയിട്ടുവെന്തവെള്ളം കവിള് കൊള്ളുക. നാല്- പഴുത്ത പ്ലാവിലകൊണ്ടു പല്ലുതേക്കുക. പല്ലിന് ദ്വാരം വീണാല്‍ വാതക്കൊടിയുടെ വേരിറക്കിവച്ചാല് മതി; വേദന കുറയും. കുരുമുളകുവള്ളി ചുട്ട് ചൂടോടെ കടിച്ചുപിടിക്കുന്നതും വേദന കുറയ്ക്കും. കച്ചോലവും വെളുത്തുള്ളിയും ഇതുപോലെ കടിച്ചുപിടിച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടുമെന്ന് പഴമൊഴി. ആവണക്കിന്വേര് അരച്ചുകവിളത്തുപുരട്ടുന്നതും കാട്ടുചേനപ്പൊടി ചവയക്കുന്നതും പല്ലുവേദനക്കാര്യത്തില് ഏറെ ഗുണം ചെയ്യുമത്രെ. പല്ല് ഇളകിയതായി തോന്നിയാല്‍ എള്ളും വയമ്പും ചവയ്ക്കുന്നത് നന്ന്. ഇനി പല്ലിന് പുളിപ്പാണെങ്കില് വായില്‍ മാവിന്റെ തളിരില ചവയ്ക്കുന്നത് ഉത്തമം. പഴുത്ത മാവില അരച്ച് വായില്‍ കൊള്ളുന്നതും നന്നെന്ന് നാട്ടറിവ്.
ഇഞ്ചിനീരില് തേന്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് മോണയിലുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് ഉത്തമമാണ്. ചെറുമാംകൊട്ടത്തിന്റെ ഇലകള്‍ അല്ലെങ്കില്‍ ചെറുമാംകൊട്ടംതൊലി വെള്ളത്തില്‍ തിളപ്പിച്ച് കവിള് കൊള്ളുന്നതും മോണയ്ക്ക് ആശ്വാസം നല്‍കും. വായില്‍ നിന്ന് തൊലി പോകുന്നത് പല കാരണങ്ങള്ക്കൊണ്ടാകാം. അതിന് സാധാരണയായി ചുവന്നുള്ളി അരിഞ്ഞിട്ട പാല് നിത്യവും രാത്രി കഴിക്കുന്നത് ഉത്തമമാണ്്. അയമോദകം മോരില്‍ ചേര്‍ത്തുകുടിച്ചാലും മതി. തേനും വെള്ളരിക്കാനീരും തുല്യ അളവില്‍ ചേര്‍ത്ത് കവിള്ക്കൊണ്ടാലുമുണ്ട് ഫലം. ഇരട്ടി മധുരം ഇടയ്ക്കിടെ ചവയ്ക്കുന്നതും നാരങ്ങാനീര് പനിനീരില്‍ കലക്കി കവിള് കൊള്ളുന്നതും വായ്നാറ്റം അകറ്റാന്‍ പഴമക്കാര്‍ അനുവര്‍ത്തിച്ചിരുന്ന വിദ്യയാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേയ്ക്കുന്നതായിരുന്നു ചിലര്‍ വായ്നാറ്റമകറ്റാന് ചെയ്തിരുന്നത്.
ഇനി ഓര്‍മ്മക്കുറവ് മാറ്റാന്‍ മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കുന്ന ഒരു സൂത്രം കൂടി. ബലികറുക പിഴിഞ്ഞ് രണ്ട് സ്പൂണ്‍ വീതം രാവിലെ കുടിക്കുക. കോവയ്ക്ക നിത്യേന കഴിക്കുന്നതും നല്ലത്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: