ചിലര്‍ക്ക് പാലായിലെ മാണിക്യമായിരുന്നു. മറ്റുചിലര്‍ക്ക് ചതുര്‍ത്ഥി. കാര്യം എന്തു തന്നെയായാലും ഈയാണ്ടത്തെ ദീപാവലി കെങ്കേമമായെന്ന് മാണിക്യത്തെ എതിര്‍ക്കുന്നവരും വേദനാജനകമെന്ന് മാണിക്യക്കാരും കട്ടായം പറയുന്നു. അനവധി െഎതിഹ്യങ്ങളാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ളത്. തിന്മയുടെ മേല്‍ നന്മ നേടിയ ആത്യന്തികവിജയത്തിന്റെ പകിട്ടാര്‍ന്ന ഓര്‍മകളാണ് മധുരമായും പൂത്തിരിയായും സമൂഹത്തില്‍ അങ്ങനെ തിമിര്‍ത്താടുന്നത്. നരകാസുരനില്‍ നിന്ന് മുക്തി നേടിയ ദിനത്തിന്റെ ആത്യന്തിക സൗന്ദര്യം തലമുറകളോളം നിലനില്ക്കട്ടെ എന്ന് ആശംസിക്കുകയത്രേ കരണീയം. ഇവിടെ പാലായിലെ മാണിക്യത്തെ വീഴ്ത്തിയതിന്റെ പിന്നില്‍ എന്തൊക്കെയോ നിഗൂഢതകളുണ്ടെന്നാണ് പറയുന്നത്.
സംഗതി ഏതാണ്ടൊക്കെ ശരിയാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ തെന്നിത്തെന്നി പോകുന്നുമുണ്ട്. മാണിക്യത്തിന്റെ കാര്യത്തില്‍ ഒരു നീതി മറ്റൊരു ടിയാന്റെതില്‍ വേറൊരു നീതി എന്നു വരുന്നത് ശരിയാണോ? വാസ്തവത്തില്‍ മാണിക്യം രാജിവെക്കണമെന്നൊന്നും കോടതി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് നാട് എങ്ങോട്ടുപോകണമെന്ന് ശഠിക്കുന്ന മാധ്യമ തമ്പുരാക്കന്മാരും അവര്‍ക്ക് ശിങ്കിടി പാടുന്നവരുമാണ് ചൂണ്ടിക്കാട്ടിയത്. മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കണമെന്നോ മറ്റോ ആണ് കോടതി അഭിപ്രായപ്പെട്ടത്. ആ തലനാരിഴ ആരോപണം കൂരമ്പായാണ് പാലാ മാണിക്യം കണ്ടത്. ആയതിനാല്‍ നീതിയോടും നിയമവ്യവസ്ഥയോടും ആദരവു പ്രകടിപ്പിച്ച് രാജി സമര്‍പ്പിക്കുകയായിരുന്നു. നോക്കിന്, മാണിക്യം എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അരോചകഭാവം വരുമായിരുന്നില്ലേ? മേപ്പടി തീരുമാനം എടുത്ത ആ തങ്കപ്പെട്ട മനുഷ്യനെ മാണിക്യം എന്നല്ലാതെ മറ്റെന്ത് പേരുണ്ട് വിളിക്കാന്‍.
അതേസമയം നമ്മുടെ തൃപ്പൂണിത്തുറ ആശാന്റെ കാര്യമോ? എവിടെന്നോ ആരോ ആരോപണം ഉന്നയിച്ചതു ചൂണ്ടിക്കാട്ടി പാലാമാണിക്യത്തെ ഇരുളിലേക്ക് തള്ളിയവര്‍ തൃപ്പൂണിത്തുറ ആശാന്റെ കാര്യത്തില്‍ അനങ്ങാത്തതെന്തേ? ഇക്കാര്യം കെപിസിസി യോഗത്തില്‍ നമ്മുടെ കുര്യച്ചന് ചൂണ്ടിക്കാട്ടിയപ്പോള്‍ എന്തേ സകലരും നിര്‍ഗുണ പരബ്രഹ്മം പോലെ ഇരുന്നു? നമ്മുടെ മാണിക്യം ഇക്കാര്യം പത്രക്കാരോട് നല്ല സ്വയമ്പനായി തന്നെ ചോദിച്ചില്ലേ? പിന്നീട് തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുട്ടിപ്പായി വ്യക്തമാക്കിയത് വേറെ കാര്യം. വാസ്തവത്തില്‍ ദയാപരനായ വിജിലന്‍സ് ഡയറക്ടര്‍ ഇരുവരെയും രക്ഷിക്കണം എന്നു തന്നെയാണ് നിശ്ചയിച്ചത്. വഴിയില്‍ പക്ഷേ, അടിതെറ്റി. ക്വിക്ക് വേരിഫിക്കേഷന് റിപ്പോര്‍ട്ട് മാണിക്യത്തെ കുടുക്കാന്‍ ഉപയോഗിച്ചപ്പോള്‍ തൃപ്പൂണിത്തുറ ആശാന്റെ പേരില്‍ അങ്ങനെയൊന്ന് ഉണ്ടായതേയില്ല.
വിജിലന്‍സിന് അധികാരമില്ലാത്ത ഒരു മേഖലയിലൂടെയായിരുന്നു അന്വേഷണം. തൃപ്പൂണിത്തുറ ആശാനെതിരായ വസ്തുനിഷ്ഠമായ മൊഴിയെ വിജിലന്‍സ് കാറ്റില്‍പ്പറത്തി. മേപ്പടിയാനെക്കുറിച്ചുള്ള ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന റിപ്പോര്‍ട്ടാണ് കൊടുത്തത്. ഇവിടെയാണ് നമ്മുടെ മാണിക്യത്തെ തകര്‍ക്കാന്‍ ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പറയേണ്ടിവരുന്നത്. ഒരേ മന്ത്രിസഭയില്‍ തന്നെയുള്ള രണ്ടുപേര്‍ക്ക് രണ്ടുതരത്തിലുള്ള നീതിയാവുന്നതെങ്ങനെ? സംശയവും ചോദ്യവും അസ്ഥാനത്തല്ല. എന്നാല്‍ ഒരാള്‍ മാണിക്യമായ സ്ഥിതിക്ക് ഇങ്ങനെയൊക്കെ ഉപദ്രവിക്കാമോ എന്നാണ് മാലോകര്‍ ചോദിക്കുന്നത്.
എന്തുകൊണ്ടാണ് പാലായിലെ മാണിക്യം എന്നു വിശേഷിപ്പിക്കുന്നതെന്ന ചോദ്യം ഭൂമിമലയാളത്തില് ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കില്‍ നവം. 13ന് തിര്വന്തോരത്ത് നിന്ന് പുറപ്പെട്ട മാണിക്യത്തെ ജനങ്ങള്‍ സ്വീകരിച്ചതെങ്ങനെ, സ്നേഹിച്ചതെങ്ങനെ, എതിരേറ്റതെങ്ങനെ എന്നു മാത്രം നോക്കിയാല്‍ മതി. മാണിക്യം എന്നും മാണിക്യം തന്നെയാണ്. രത്നങ്ങളില്‍ മാണിക്യത്തിന്റെ വിലയെന്ത് എന്നറിയാത്തവര്‍ വിശ്വവിജ്ഞാനകോശമെടുത്ത് നോക്കുക; അല്ല പിന്നെ.
ദീപാവലി ആഘോഷങ്ങളില്‍ പടക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത്തവണത്തെ ദീപാവലി നമ്മുടെ പാലാമാണിക്യം എങ്ങനെയാണ് ആഘോഷിച്ചതെന്ന് നാമൊക്കെ അറിഞ്ഞതാണ്. എന്നാല്‍ അറിയാത്ത നൂറുകൂട്ടം കാര്യങ്ങള്‍ നമ്മുടെ ഭാവനാകാശത്തേക്ക് തുറന്നു വിട്ടുകൊണ്ട് മാതൃഭൂമി(നവം.10)യില്‍ ഒരു കാര്‍ട്ടൂണ്‍. എത്ര അര്ത്ഥഗര്ഭം, എത്ര സുന്ദരം. മാണിക്യത്തിന്റെ രാജി നവം. 10ന് രാത്രി 8.45നാണല്ലോ ഉണ്ടായത്. എന്തേ ഇത്രയും വൈകിയതെന്ന ചോദ്യത്തിന് വാട്സ് ആപ്പില്‍ ഒരുപാട് ഉത്തരങ്ങള്‍. അതില്‍ ഒന്നിതാ: രാജിവെക്കാനുള്ള കോഴപ്പണത്തെക്കുറിച്ചുള്ള തര്‍ക്കമായിരുന്നു പ്രശ്നം. ഒടുവില്‍ 8.45നാണ് ഡീല്‍ ഉറപ്പിച്ചത്. മറ്റൊന്ന് ഇങ്ങനെ: രാജിവെച്ച് പോവുന്ന മാണിക്യത്തിനടുത്തേക്ക് ഉമ്മച്ചന് ചെല്ലുന്നു. പിന്നെ സ്വകാര്യമായി പറയുന്നു.
താനേതായാലും പോവുകയല്ലേ. ഇനി തനിക്കാവശ്യമില്ലാത്ത ഒരു സാധനമുണ്ടല്ലോ വീട്ടില്‍. അത് എനിക്ക് തന്നേരെ. എന്താണതെന്ന് പാലാ മാണിക്യം. നോട്ടെണ്ണല്‍ യന്ത്രമെന്ന് ഉമ്മച്ചന്. ഇങ്ങനെ അനവധി ദീപാവലി പടക്കങ്ങളാണ് വാട്സ് ആപ്പിലും ഫേസ്ബുക്കിലും പൊട്ടിയത്. ഇനിയും അനവധി പൊട്ടാനുണ്ടെന്ന കാര്യം മറക്കുന്നില്ല. ഏതായാലും ഇത്രമാത്രം ജനങ്ങളെ സ്നേഹിക്കുന്ന ഒരു മാണിക്യത്തെ നിര്‍ബന്ധിച്ച് (അങ്ങനെയല്ലെന്ന് ഉമ്മച്ചനും സംഘവും) ഇറക്കിവിട്ടതിന്റെ കണക്ക് 2016 മെയ് 29, ജൂണ്‍ 6 എന്നീ തിയതികളില്‍ അറിയാനാവും. തീയതികളില്‍ മാറ്റമുണ്ടായാല്‍ ഈയുള്ളവന് ഉത്തരവാദിയല്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ വിട. ഒപ്പം പാലാമാണിക്യത്തിനൊരു കൂപ്പുകൈ.
ഇനി ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സംഗതിയെക്കുറിച്ച് പറയാം. ഇവിടെ നമ്മുടെ പാലാമാണിക്യം ഒരു കോടി കോഴ വാങ്ങിയെന്നാണ് ആരോപണം. ശ്രദ്ധിക്കണം, ആരോപണം മാത്രമാണ്. അദ്ദേഹത്തിനെതിരെ പടവാളും തോക്കും ബയണറ്റുമായി അച്ചുമ്മാന്റെ നേതൃത്വത്തിലും അല്ലാതെയും പടയാളികള്‍ തയ്യാര്‍. സെക്രട്ടറിയേറ്റ് നടയ്ക്കല്‍ മാമന്റെ നേതൃത്വത്തില്‍ സത്യഗ്രഹത്തിനും കോപ്പുകൂട്ടി. നേരെ ഉത്തരേന്ത്യയിലേക്ക് ഒന്ന് നോക്കിന്. അവിടെ ബീഹാറില്‍ മിണ്ടാപ്രാണികള്‍ക്കായി നീക്കിവെച്ച ഫണ്ട് അടിച്ചുമാറ്റിയ ഒരു വിദ്വാനുണ്ട്. ഒന്നും രണ്ടും കോടിയല്ല. 900ത്തിലധികം കോടി രൂപ. സംഗതി തെളിഞ്ഞു, ശിക്ഷ കിട്ടി. ജയിലില്‍ പോയി. ജനാധിപത്യശിക്ഷയായ തെരഞ്ഞെടുപ്പു നിരോധവുമായി. എന്നാല്‍ ഈ വിദ്വാന് അച്ചുമ്മാനും സംഘത്തിനും മിശിഹാ. മഹാകള്ളന് കഞ്ഞിവെച്ചുകൊടുക്കുന്ന ഇമ്മാതിരി രാഷ്ട്രീയത്തിന് ഒരു പേര് നിര്‍ദ്ദേശിക്കുക. നിയമസഭാ തെരഞ്ഞെടുപ്പുവരെ പേരു സ്വീകരിക്കുന്നതാണ്. തക്കസമ്മാനങ്ങളും കൊടുക്കപ്പെടും.
തൊട്ടുകൂട്ടാന്‍
15,000ത്തിലേറെ എന്‍ജിഒകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
പങ്കുപറ്റുന്ന ചാനല്‍ തമ്പുരാക്കന്മാര് അലറിത്തുള്ളുന്നത് വെറുതെയാണോ?
റമഹെമസ@ാമശഹ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: