ജീവിതത്തിനുനേരെ പുഞ്ചിരി തൂകുകയാണ് ബിനു ജോണ്‍ എന്ന ബൈക്ക് റൈഡര്‍. മോട്ടോര്‍ റേസിങിനോടുള്ള അടങ്ങാത്ത അഭിനിവേശം മനസ്സില്‍ സൂക്ഷിച്ച ബൈക്ക് റേസിങുകളിലെ നിത്യസാന്നിധ്യമായിരുന്നു ബിനു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, കൊച്ചിയിലെ മോട്ടോര്‍ റേസിങ് തരംഗത്തിലെ ആദ്യ തലമുറയിലെ അംഗം. 1990കളില്‍ ബൈക്ക് റാലികളിലെ സ്ഥിര സാന്നിധ്യമായിരുന്നു.
കളമശ്ശേരിയിലെ റെഡ്ലൈന്‍ എന്ന വര്‍ക്ക്ഷോപ്പിന്റെ ഉടമകൂടിയായ ബിനു ജോണിന് ‘ബിഗ് ബിനു’ എന്നൊരു വിളിപ്പേരുമുണ്ട്. ഇപ്പോള്‍ വയസ്സ് 45. ബൈക്ക് റേസിങില്‍ നിന്നും വിടപറയേണ്ട കാലമൊക്കെയായി എന്ന് പറയുന്ന സുഹൃത്തുക്കളോട്, ഏയ്, അതിനൊന്നും സമയമായിട്ടില്ലെന്നാണ് ബിനു പറയുന്നത്. 1991ല്‍ പോപ്പുലര്‍ റാലിയിലൂടെയാണ് ബിനു മോട്ടോര്‍ റാലി രംഗത്തേക്ക് വരുന്നത്. 11-ാം വയസ്സില്‍ അമ്മാവന്റെ സ്കൂട്ടറിനോട് തോന്നിയ സ്നേഹം ബൈക്ക് റാലിയിലേക്ക് മാറ്റുകയായിരുന്നു. റാലികളാണ് ബിനുവിന്റെ ഇഷ്ട ഇനം. റേസിങ്ങ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് റാലികള്‍. റേസിങ്ങ് ഒരു നിശ്ചിത സമയത്തേക്കുള്ള ഓട്ടമത്സരങ്ങള്‍ ആണെങ്കില്‍ റാലികള്‍ ദീര്‍ഘമായ ഊരുചുറ്റലാണ്. വ്യത്യസ്ത ഘട്ടങ്ങളില്‍, വ്യത്യസ്ത തലങ്ങളും പ്രദേശങ്ങളും ചുറ്റിയുള്ള മത്സരമാണ് റാലി. റേസിങ്ങിന്റെ വേഗതയേക്കാള്‍ ഏറെ മാനസിക-ശാരീരിക ക്ഷമതകളുടെ പരീക്ഷണവും തന്ത്രങ്ങളുമാണ് റാലി റൈഡര്‍ക്ക് ആവശ്യമെന്ന് ബിനു.
1994 മുതല്‍ 98വരെ പോപ്പുലര്‍ റാലിയുടെ ഭാഗമായി. 95ലും 96ലും ഈസ്റ്റേണ്‍ റാലിയില്‍ പങ്കെടുത്തു, 95മുതല്‍ 97 വരെ പാലക്കാട് പാസ്ക് റാലി, 98ല്‍ കോയമ്പത്തൂര്‍ കോട്ടണ്‍സിറ്റി റാലി, 97ല്‍ ചിക്കമഗ്ലൂര്‍ റാലി, ഐ ആന്‍ഡ് ടി റാലി എന്നിങ്ങനെ പോകുന്നു ബിനുവിന്റെ ജീവിത റാലി. ബിനുവിന്റെ കോയമ്പത്തൂര്‍ റാലിയിലെ പ്രകടനം കറന്റ് ബൈക്ക് മാസികയുടെ മുഖചിത്രമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവിതം ഇങ്ങനെയൊക്കെ മുന്നോട്ട് പോകുന്നതിനിടയിലാണ് ആ അപകടം ബിനുവിന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചത്.
2003ല്‍ ബാംഗ്ലൂരിലെ ലോക്കല്‍ റാലിക്ക് ഇടയില്‍ ഉണ്ടായ വീഴ്ച്ചയില്‍ നട്ടെല്ലിന് പൊട്ടലേറ്റ ബിനു ആഴ്ച്ചകളോളമാണ് കിടപ്പിലായത്. എല്ലിന് പറ്റിയ പരിക്ക് ഭേദമാകാന്‍ ഏതാനും ബോള്‍ട്ടുകളും ഇടേണ്ടി വന്നു. വീട്ടുകാരുടെ ശാസനകളെത്തുടര്‍ന്ന് അന്ന് റാലിയോട് ബിനു വിടപറഞ്ഞു. അതോടെ തന്റെ കരിയറിന് ഫുള്‍സ്റ്റോപ്പ് ഇടേണ്ടിവരുമെന്ന് ബിനുവിനും തോന്നി. പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ബൈക്ക് ഓടിക്കണം എന്ന മോഹം മനസ്സില്‍ ഇരമ്പിയെത്തി. ആ ആഗ്രഹത്തില്‍ തിരികെ പാളയത്തില്‍ എത്തി. വീട്ടുകാര്‍ പതിവുപോലെ എതിര്‍പ്പുമായി വന്നെങ്കിലും ബിനുവിന്റെ മനസ്സറിയാവുന്ന ഭാര്യ ആ ആഗ്രഹത്തിന് എതിരുനിന്നില്ല. ജീവിക്കുന്നത് തന്നെ റൈഡ് ചെയ്യാന്‍ എന്ന് കരുതുന്ന ബിനുവിനെ തടയാന്‍ കഴിയില്ലെന്ന് ഭാര്യക്ക് ഉറപ്പായിരുന്നു.
ടിവിഎസ് ഷോഗണ് ആണ് ആദ്യം റാലിയ്ക്കായി ഉപയോഗിച്ച ബൈക്ക്. ലക്ഷങ്ങള്‍ ചെലവ് വരുന്ന റൈഡിങ് ആക്സസറി വാങ്ങിക്കാനും, പുതിയ ഹീറോ ഇംപള്‍സ് ബൈക്കിന്റെ സര്‍വ്വീസ് അടക്കമുള്ള കാര്യങ്ങള്‍ക്കും ബിനു സുഹൃത്തുക്കളെയാണ് സമീപിക്കുന്നത്. എല്ലാവരും പഴയ റൈഡര്‍മാര്‍ തന്നെ, പ്രായം കഴിഞ്ഞതു കൊണ്ട് ഇപ്പോള്‍ കൈയടിക്കുന്നവരായി ഒതുങ്ങിയെന്ന് മാത്രം. അവര്‍ക്കിടയില്‍ നിന്ന് റൈഡിങ്ങ് പാഷന് ആണെന്ന് തെളിയിച്ച് ബൈക്കില്‍ ഒരാള്‍ കയറുന്നത് എങ്ങനെ തടയുമെന്ന് എല്ലാവരും ചോദിക്കുന്നു.
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം വീണ്ടും ബൈക്ക് റാലിയെന്ന സ്വപ്നത്തോടെ എത്തിയ ബിനുവിന് പ്രതിബന്ധം പക്ഷേ വയസ്സായിരുന്നു. 45 വയസ്സ് എന്നത് ബൈക്കര്‍മാര്‍ക്കിടയിലെ വിരമിക്കല്‍ പ്രായവും കഴിഞ്ഞുള്ള കാലമാണ്. പക്ഷേ പിന്മാറാന് ബിനു ഒരുക്കമല്ലായിരുന്നു. പ്രായമായെന്ന് ഓര്‍മ്മിപ്പിച്ചവര്‍ക്ക് പ്രായത്തെ വെല്ലുന്ന ഒരു പ്രകടനത്തിലൂടെ ബിനു മറുപടി നല്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച റാലിയായ ദക്ഷിണ് ഡെയറില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് ബിനു അഞ്ചാം സ്ഥാനം നേടി.
ഇക്കഴിഞ്ഞ ആഗസ്ത് ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു മാരുതി സംഘടിപ്പിച്ച ദക്ഷിണ് ഡയര്‍ റാലി. ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദ് വരെ 700 കിലോമീറ്ററായിരുന്നു വിവിധ സ്റ്റേജുകള്‍. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ബിനു റാലിയില്‍ പങ്കെടുത്തത്. റാലിയുടെ ആദ്യപാദത്തിലെ നാലാം സ്റ്റേജില്‍ ടി.വി.എസ്സിന്റെ അന്താരാഷ്ട്ര റൈഡര്‍ കെ.പി. അരവിന്ദിന് പിന്നില്‍ 15 സെക്കന്റ് വ്യത്യാസത്തില്‍ ബിനു രണ്ടാമത് എത്തി. ഇന്ത്യന്‍ നിര്‍മ്മിത ബൈക്കില്‍ വിദേശ ബൈക്കുകളെ പിന്നിലാക്കിയായിരുന്നു ഈ നേട്ടം. അന്നത്തെ പ്രകടനത്തിന് ശേഷം പ്രായത്തെപ്പിന്നിലാക്കിയ പോരാട്ടത്തിന് ബിനുവിനെ പ്രത്യേകം ദക്ഷിണ് ഡയര്‍ സംഘാടകര്‍ അനുമോദിച്ചു.
യുവത്വത്തോടൊപ്പം സാഹചര്യങ്ങളോടും കൂടി മത്സരിച്ചാണ് ബിനു ദക്ഷിണ് ഡയര്‍ ഓടിച്ചത്. മത്സര സ്റ്റേജുകള്‍ക്ക് പുറത്തുള്ള ദൂരം ഡ്രൈവര്‍മാര്‍ ഓടിക്കാറില്ല. മത്സരം അവസാനിക്കുന്ന സ്ഥലത്ത് നിന്ന് അടുത്ത സ്റ്റേജ് ആരംഭിക്കുന്നിടത്തേക്ക് ട്രക്കുകളില്‍ ആണ് ബൈക്കുകള്‍ കൊണ്ടുപോകുക. എന്നാല്‍ ഒറ്റയാനായി മത്സരിച്ചത് കൊണ്ട് സ്വയം വാഹനം ഓടിച്ചാണ് ബിനു ഓരോ സ്റ്റേജുകളും പിന്നിട്ടത്. മത്സരത്തിന് പുറമെ 600 കി.മീറ്ററോളം ഒറ്റക്ക് ബിനു പിന്നിട്ടു. ബൈക്കിന്റെ കേടുപാടുകളും, സര്‍വ്വീസും ചെയ്യാന്‍ മറ്റ് റൈഡര്‍മാര്‍ക്ക് ടെക്നീഷ്യന്മാര് ഉണ്ടായിരുന്നു. ബിനുവിന്റെ മെക്കാനിക്കും ബിനു തന്നെയായിരുന്നു. ബാംഗ്ലൂരിലും കേരളത്തിലുമായുള്ള സുഹൃത്തുക്കളുടേയും അല്ലറ ചില്ലറ സഹായത്തോടെയാണ് ബിനു തന്റെ യാത്ര മുന്നോട്ട് കൊണ്ടു പോയത്.
1991ലെ പോപ്പുലര്‍ റാലി മുതല്‍ ഇതേവരെ 31 റാലികളില്‍ പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം.
സന്നദ്ധതയുണ്ടായിട്ടും പിന്താങ്ങാന് ആളുകളില്ലാത്തതാണ് കേരളത്തിലെ മോട്ടര്‍സ്പോര്‍ട്ട് രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നമെന്ന് ബിനു പറയുന്നു. 62000 രൂപയാണ് ദക്ഷിണ് ഡയര്‍ ഓടിക്കാന്‍ ചെലവായത്. ജയിച്ചാല്‍ക്കൂടി കിട്ടുന്നത് ഒരു ട്രോഫി മാത്രമാണ്. പക്ഷെ ഇതിലൂടെ ലഭിക്കുന്ന സന്തോഷമാണ് റാലിയില്‍ പിടിച്ച് നില്ക്കാന് പ്രേരിപ്പിക്കുന്നതെന്ന് ബിനു പറയുന്നു. തന്റെ പ്രായമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ബൈക്ക് ഓടിക്കാന്‍ പ്രായമല്ല പ്രശ്നം. താല്പര്യമാണ്.-ബിനു പറയുന്നു. ഹീറോ പോലുള്ള റേസിങ്ങ് കമ്പനികള്‍ ഇപ്പോള്‍ മോട്ടോര്‍സ്പോര്‍ട്സിന് പിന്തുണ നല്‍കുന്നുണ്ട്.
ഹീറോയുടെ ബൈക്കാണ് ദക്ഷിണ് ഡയറില്‍ ബിനു ഓടിച്ചത്. സ്പോര്‍ട്സ് കമ്പനികളുടെ ശ്രദ്ധയില്‍തന്റെ പ്രകടനം എത്തിയാല്‍ തനിക്കും സ്പോണ്‍സര്‍ഷിപ്പും അതുവഴി മെച്ചപ്പെട്ട പ്രകടനവും കിട്ടുമെന്ന് ബിനു പറയുന്നു. കേരളത്തില്‍ മോട്ടോര്‍ റേസിങ്ങ് രംഗത്ത് നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൂടുതല്‍ യുവാക്കള്‍ രംഗത്ത് വരുന്നുണ്ട്. അവര്‍ക്കെല്ലാം പ്രാദേശിക സ്പോണ്സര്മാരില് നിന്ന് നല്ല പിന്തുണയും കിട്ടുന്നുണ്ട്. ഇതെല്ലാം രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടതെന്നും ബിനു പറയുന്നു.
റെഡ്ലൈന്‍ റേസിങ്ങിലൂടെ പുതിയ ആളുകള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട് ബിനു. സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപിക ഗ്ലാഡിസ് ആണ് ഭാര്യ. ജൂനിയര്‍ ആണ് മകന്. അടുത്ത ദക്ഷിണ് ഡയറും, ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പും, ഹിമാലയന്‍ അഡ്വഞ്ചറുമാണ് ബിനുവിന്റെ അടുത്ത ലക്ഷ്യങ്ങള്‍. പ്രായത്തെ തോല്‍പ്പിച്ച് റാലികളുടെ റാലിയായ ‘ഡക്കാണ് റാലി’യില്‍ ഭാരത സാന്നിധ്യമാകുക എന്നതാണ് ബിനു കാണുന്ന ഏറ്റവും വലിയ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: