കുറ്റിപ്പുറം: പാലത്തിനടുത്ത് ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള എല്ലാ വിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ടി ഭാസ്ക്കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കടവില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടവിനരികല്‍ സുരക്ഷാ വേലിയും 10 ലൈഫ് ഗാര്‍ഡുകളെയും ഡി.ടി.പി.സി. നിയോഗിച്ചിട്ടുണ്ട്. തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കടവില്‍ ഇറങ്ങാന്‍ പറ്റാത്തവര്‍ക്ക് ഷവര്‍ ബാത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും മുഴുവന്‍ സമയം സ്ഥലത്തുണ്ടാകും. 5,000 ഗാലന് സംഭരണ ശേഷിയുള്ള ആറ് കുടിവെള്ള ടാങ്കുകളും സജ്ജമാക്കും. ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യവുമൊരുക്കും. പ്രദേശത്ത് ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 അസ്ക ലൈറ്റുകള്‍ കൂടി സ്ഥാപിക്കും.
പ്രദേശത്തെ കിണര്‍ വൃത്തിയാക്കുന്നതിനും വെള്ളത്തിന്റെ ഗുണമേ• ഉറപ്പാക്കുന്നതിനും നിര്‍ദേശം നല്കി. മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സൗകര്യം ഒരുക്കുന്നതിനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ക്ക് വിരി വെക്കാനുള്ള സൗകര്യം പൊതുമരാമത്തിന്റെ സ്ഥലത്ത് ഒരുക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യുവിന്റെയും പൊലീസിന്റെയും സുരക്ഷാ സംവിധാനങ്ങളും മിനി പമ്പയിലുണ്ടാകും. ആവശ്യമുള്ള വാഹനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്കൂബാ സെറ്റുമടക്കം ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കും.
കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് മിനി പമ്പയില്‍ നിന്നും എല്ലാ ദിവസവും വൈകീട്ട് പമ്പയിലേക്ക് സര്‍വീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകളടക്കം എല്ലാ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്കും 45 ദിവസം മിനി പമ്പയില്‍ സ്റ്റോപ് അനുവദിക്കും.
ദേശീയപാതയില്‍ സീബ്രാ ലൈന്‍ രേഖപ്പെടുത്താനും നിര്‍ദേശിച്ചു. മിനിപമ്പയില്‍ താത്കാലിക കച്ചവടം അനുവദിക്കാത്ത സാഹചര്യത്തില്‍ ഡി.ടി.പി.സി. യുടെ രണ്ട് ഷോപ്പുകളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കും. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കായി ഒരുക്കുന്ന പാര്‍ക്കിങ് ഏരിയയില്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടില്ലെന്നും ഉറപ്പാക്കും. ചമ്രവട്ടം അയ്യപ്പ ക്ഷേത്രം വരെ വാഹനങ്ങള്‍ പോകുന്ന വിധം റോഡ് സജ്ജമാക്കാന്‍ തൊട്ടടുത്തുള്ള പുറമ്പോക്ക് ഭൂമിയുടെ ഉപയോഗാനുമതി നടപടികള്‍ ത്വരിതപ്പെടുത്താനും പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി റിവര്‍ മാനെജ്മെന്റ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാനും തീരുമാനിച്ചു. യോഗത്തില്‍ എ.ഡി.എം. കെ. രാധാകൃഷ്ണന്,തിരൂര്‍ സബ് കലക്ടര്‍ ജെ.ഒ. അരുണ്‍, ഡിസാസ്റ്റര്‍ മാനെജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ റഷീദ്, ഡി.ടി.പി.സി. സെക്രട്ടറി വി.ഉമ്മര്‍ കോയ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: