കിളിമാനൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. കിളിമാനൂര്‍ ടൗണിലുള്ള തട്ടത്തുമല ശാഖയുടെയും, പോങ്ങനാട് ശാഖയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എടിഎമ്മുമാണ് അടുത്തകാലത്തായി പണിമുടക്കിയത്. ബാങ്ക് പ്രവൃത്തി സമയങ്ങളിലെ വര്‍ദ്ധിച്ച തിരക്കും എടിഎമ്മുകളുടെ പണിമുടക്കും ഇടപാടുകാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് മേലധികാരികള്‍ക്ക് നല്കിയ പരാതികളുടെ മറുപടി പോലും ഇനിയും ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പോങ്ങനാട് എടിഎം രണ്ടാഴ്ചയിലേറെയായി പ്രവര്‍ത്തനം നിലച്ചിട്ട്. ഈ പ്രദേശത്തെ ഏക എടിഎമ്മും ഇതാണ്. മറ്റൊരു എടിഎമ്മില്‍ എത്തണമെങ്കില്‍ 6 കിലോമീറ്റര്‍ യാത്ര ചെയ്യണം.
സംസ്ഥാന പാതയ്ക്കരികില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ഭാഗത്താണ് തട്ടത്തുമല ശാഖ. ഇവിടെ രണ്ടു വശത്തും പാര്‍ക്കിംഗ് സൗകര്യമുള്ളതുകൊണ്ട് ഇവിടെ നിന്നും പണമെടുക്കാന്‍ സൗകര്യമായിരുന്നു. ടൗണില്‍ തിരക്കേറിയ ഭാഗത്താണ് എസ്ബിടി ശാഖയുടെ മുന്നിലുള്ള എടിഎം. ഇവിടെ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. ഇത്തരത്തില്‍ ഇടപാടുകാരുടെ ബുദ്ധിമുട്ടുകള്‍ ഏറെയാണ്.
ഇതിനെക്കുറിച്ച് ബാങ്കില്‍ അന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി പുറത്തുള്ള ഏജന്‍സിയാണ് പണം നിറയ്ക്കുന്നതും തകരാര്‍ പരിഹരിക്കുന്നതും ബാങ്കിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ അടുത്തകാലം വരെ ബാങ്ക് നേരിട്ടാണ് പണം നിറച്ചിരുന്നത്. തകരാറുണ്ടെങ്കില്‍ യഥാസമയം പരിഹരിക്കുകയും ചെയ്തിരുന്നു. ഏജന്‍സി വഴിയായതോടെ പ്രവര്‍ത്തനം അവതാളത്തിലാവുകയായിരുന്നു. ബാങ്ക് കെട്ടിടങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ പ്രവര്‍ത്തനം സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക താത്പര്യങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് ഇടപാടുകാരുടെ ഭാഗത്തു നിന്നും ആരോപണമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: