ശിവാകൈലാസ്
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെ കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം. 1955 ല്‍ ആരംഭിച്ച വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലിയുടെ നിറവിലാണ്. കാര്‍ഷിക കേരളത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച നിര്‍വൃതിയിലാണ്
ഈ കലാലയം. ജ്വാലാമുഖി, ജ്വാലാസഖി എന്നീ മുളകുകളും ശാരിക, മാലിക എന്നീ വള്ളിപ്പയറുകളും മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ ചേര്‍ത്തു വച്ചതും വെള്ളായണിയിലെ കാര്‍ഷിക കലാശാല തന്നെ.
പുറംലോകം അധികം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും കേരളത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണ ശോഭയാണ് വെള്ളായണി കാര്‍ഷിക കോളേജിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും ഇവിടെനിന്നുണ്ടായി. സ്‌നേഹ, സ്‌നിഗ്ധ തുടങ്ങിയ നിലക്കടലകള്‍, സോമ, സൂര്യ, തിലക് എന്നീ എള്ളിനങ്ങള്‍, അരുണ്‍ എന്ന പേരില്‍ ഇന്ന് സുലഭമായ ചീര, കിരണ്‍ എന്ന വെണ്ട, അനന്തന്‍ എന്ന ചിപ്പി കൂണ്‍ ഇവയൊക്കെ വെള്ളായണിയിലെ കായല്‍ക്കരയില്‍ നിന്ന് മുളപൊട്ടിയ പച്ചക്കറി ഇനങ്ങളാണ്. കോമാടന്‍ നാടന്‍ തെങ്ങിനെ തെക്കന്‍ കേരളത്തിന് സമ്മാനിച്ചതും മുട്ടം വരിക്കയെന്ന പ്ലാവിനെ വികസിപ്പിച്ചെടുത്തതും ഈ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ്. മള്‍ബറി കൃഷിയിലൂടെ കേരളത്തില്‍ പട്ടുനൂല്‍ പുഴു വളര്‍ത്താമെന്ന് തെളിയിച്ചതും ഇവിടുത്തെ ഗവേഷകരാണ്. പച്ചക്കറി കര്‍ഷകരെ കണ്ണീരു കുടിപ്പിച്ചിരുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ തുളസിക്കെണി, പഴയകെണി തുടങ്ങിയ സമ്പ്രദായങ്ങള്‍ ഇവിടെയാണ് വികസിപ്പിച്ചെടുത്തത്.
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മഹാറാണിമാരുടെ വിശ്രമ കേന്ദ്രമായിരുന്ന വെള്ളായണി കായല്‍ക്കരയിലെ കൊട്ടാര സമുച്ചയത്തില്‍ 1955 ല്‍ കാര്‍ഷിക സര്‍വകലാശാല ആരംഭിക്കുകയായിരുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ കലാലയം പ്രവര്‍ത്തിച്ചിരുന്നത്. 1972 മുതല്‍ കേരള സര്‍വകലാശാലയുടേയും പിന്നിട് കാര്‍ഷിക സര്‍വകലാശാലയുടെയും ഭാഗമായി. ബിഎസ്‌സി, എംഎസ്‌സി വിഭാഗങ്ങളിലായി 14 വകുപ്പുകള്‍ ഇവിടെയുണ്ട്. 243 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനായി പാടവും പറമ്പും കായലോരവും യഥേഷ്ടമുണ്ടിവിടെ. ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍ വസ്തുക്കളും പൊതുജനങ്ങള്‍ക്ക് നല്‍കാനും വെള്ളായണി കാര്‍ഷിക കോളേജ് ശ്രദ്ധിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിയെ കുറിച്ച് വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ക്ലാസ് മുറികള്‍ക്ക് പുറത്ത് വയലിലും കൃഷി ഭൂമിയിലും പുതിയ പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് വജ്രജൂബിലി വര്‍ഷത്തിലും ഇവിടുത്തെ കാര്‍ഷിക പഠിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: