പെരിന്തല്‍മണ്ണ: മണ്ഡലത്തിന് സ്വന്തമായി ഒരു മന്ത്രി ഉണ്ടായിട്ടും നഗരസഭയില്‍ ഭരണമില്ലാത്തതാണ് നഗരത്തിന്റെ വികസന മെല്ലപ്പോക്കിന് കാരണമെന്നായിരുന്നു ലീഗ് ഇതുവരെ പറഞ്ഞ ന്യായം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മുടന്തന്‍ ന്യായത്തിന് പരമാവധി പ്രചാരം കൊടുക്കാനും ലീഗ് ശ്രദ്ധിച്ചു. എന്നിട്ടും ദയനീയമായി തോറ്റു. ജനങ്ങള്‍ വികസന വിരോധികളായിട്ടല്ല ലീഗ് തോറ്റത്. വര്‍ത്തമാനകാല രാഷ്ട്രീയത്തെ പൊതുജനങ്ങള്‍ അത്രത്തോളം വിലയിരുത്തുന്നു എന്നതാണ് വാസ്തവം.
അതേസമയം പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെ ഇതുവരെ നഗരസഭ ഭരിച്ച ലീഗിനില്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും കിട്ടുന്നത് വല്ലപ്പോഴും. എന്നിട്ടും ഇടത് മുന്നണി ജയിച്ചെങ്കില്‍ അത് ലീഗിനോടുള്ള ജനങ്ങളുടെ വിരോധം മൂലമാണെന്ന് എല്ലാവര്ക്കും അറിയാം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മുമ്പെങ്ങുമില്ലാത്ത ഒരു ധ്രുവീകരണത്തിനാണ് ലീഗില്‍ വഴി തെളിച്ചെരിക്കുന്നത്. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മന്ത്രി മഞ്ഞളാംകുഴി അലിയുടെ തലയില്‍ കെട്ടിവെക്കാനാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ ശ്രമം. ഇടത് മുന്നണിക്ക് ഒപ്പമായിരുന്ന മഞ്ഞളാംകുഴി അലി ലീഗിലെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ മുറുമുറുപ്പ്. ഇടതുപക്ഷത്തിന്റെ കയ്യിലിരുന്ന മണ്ഡലം തിരിച്ചു പിടിച്ച് അലി വിമര്‍ശകരുടെ വായടച്ചു. തുടര്‍ന്നങ്ങോട്ട് അലിയുടെ അപ്രമാധിത്യം തന്നെയായിരുന്നു ലീഗില്‍. അലി എന്ന ‘ഇടത് ‘ നേതാവിനെ ചുറ്റിപ്പറ്റി ഒരു ഉപജാപകവൃന്ദം തന്നെ ലീഗിലുണ്ടായി. പെരിന്തല്‍മണ്ണയിലെ ലീഗിന്റെ അവസാന വാക്കായിരുന്ന നാലകത്ത് സൂപ്പി പോലും കാഴ്ചക്കാരനായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാര്‍ട്ടിയുടെ പോഷക വിഭാഗങ്ങളായ യൂത്ത് ലീഗിലും എംഎസ്എഫിലും അലി അനുകൂലികള്‍ പിടിമുറുക്കി. മുമ്പ് തങ്ങളുടെ സന്തത സഹചാരി ആയിരുന്ന നേതാവിനോട് പ്രാദേശിക സിപിഎം നേതാക്കളും വിധേയത്വം കാത്തു സൂക്ഷിച്ചു. വര്‍ഷങ്ങളായി ലീഗില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് നിരാശ തോന്നാന്‍ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. നാലകത്ത് സൂപ്പിക്ക് ശേഷം പെരിന്തല്‍മണ്ണ നിയോജകമണ്ഡലം സ്വപ്നം കണ്ട് എംഎല്‍എ കുപ്പായം തുന്നിവച്ചവര്ക്കും അലി ശത്രുവായി. പക്ഷേ പരസ്യമായി പ്രകടിപ്പിക്കാന്‍ എല്ലാവര്ക്കും മടി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രി നടത്തിയ ”സ്നേസ സംഗമ യാത്രയില്‍ നിന്ന് പ്രധാന ലീഗ് നേതാക്കള്‍ വിട്ടു നിന്നതും വാര്‍ത്തയായി. വിജയസാദ്ധ്യത ഉള്ള സീറ്റുകള്‍ തന്റെ അനുകൂലികള്‍ക്ക് വേണ്ടി അലി പിടിച്ചു വാങ്ങി എന്നതായിരുന്നു ഈ നിസഹകരണത്തിന് കാരണം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാകട്ടെ അലിയെ അനുകൂലിക്കുന്നവരൊക്കെ തന്നെ ജയിച്ച് കൗണ്‍സിലര്‍മാരുമായി. ഒരു കാലത്ത് അലിയുടെ വിശ്വസ്തനും ഇപ്പോള്‍ അലിയുടെ കടുത്ത വിമര്‍ശകനുമായ നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് തോറ്റുതുന്നം പാടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിനെ പോലും ഞെട്ടിച്ച തോല്‍വിയായിരുന്നു അത്. ഈ ഞെട്ടിക്കുന്ന തോല്‍വി യെ തുടര്‍ന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. നാലകത്ത് സൂപ്പിയുടെ മുഖത്ത് നോക്കി മഞ്ഞളാംകുഴി അലിക്ക് എതിരെ മുദ്രാവാക്യം വിളിച്ച ലീഗ് നേതാക്കളുടെ നട്ടെല്ലില്ലായ്മ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചിരി പടര്‍ത്തി. പ്രകടനത്തില്‍ പങ്കെടുത്ത യൂത്തന്മാര്ക്ക് താക്കീതുമായി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി രംഗത്ത് എത്തുകയും ചെയ്തു. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗിന്റെ അവസ്ഥ എന്താകും എന്ന ആശങ്കയിലാണ് അണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: