വിശ്വാസം എന്നു പറയുന്നത് ദൈവത്തില്‍ നിന്നും മദ്ധ്യസ്ഥനും, മദ്ധ്യസ്ഥനില്‍ നിന്നു ദൈവത്തിനും, ഗുരുവില്‍ നിന്നു ശിഷ്യര്‍ക്കും, ശിഷ്യരില്‍ നിന്നു ഗുരുവിനും കിട്ടുന്ന ആശ്വാസമാണ്. ആശ്വാസത്തിനു കാരണം സത്യധര്‍മ്മാദികളാണ്. സത്യധര്‍മ്മാദികളെന്നു പറയുന്നത് സാക്ഷാലുള്ള അറിവും അതനുസരിച്ചുള്ള പ്രവൃത്തിയുമാണ്.
ഇതു മൂലം ദൈവത്തിനു മദ്ധ്യസ്ഥനിലും മദ്ധ്യസ്ഥനു ദൈവത്തിലും ഗുരുവിനു ശിഷ്യരിലും ശിഷ്യര്‍ക്കു ഗുരുവിലും ആശ്വാസം എന്ന ആത്മബന്ധമുണ്ടാകുന്നു. അതാണു യഥാര്‍ത്ഥമായ വിശ്വാസത്തിനടിസ്ഥാനം. ഈ അവസ്ഥയില്‍ നില്‍ക്കുന്നതു സ്വര്‍ഗ്ഗത്തിലെ വാഴ്ചയാണ്. ഇതിനു ദേവലോകമെന്നും ദേവന്മാരെന്നും സ്വര്‍ഗ്ഗമെന്നും സ്വര്‍ലോകമെന്നും ഒക്കെ പറയും. ഇതിനിടയില്‍ യാതൊരു ജന്മവും സുകൃതവും ഇല്ലാത്ത ആളുകളും ചേര്‍ന്നു വരും.
അവരാണ് ഗുരുനിയമങ്ങള്‍ക്കനുസരണമില്ലാതെ ചിലപ്പോള്‍ ദുഷിപ്പുണ്ടാക്കുന്നത്. അവര്‍ക്കാധാരമായ സുഖം അനുഭവത്തില്‍ വന്നിട്ടില്ല. ഈ അവസ്ഥ ഗുരുവിന്റെ സൂക്ഷ്മാവസ്ഥയില്‍ പതിയുമ്പോള്‍ ഗുരുവിന് ഈ അനീതിയോടു വെറുപ്പുണ്ടാകും. അപ്പോള്‍ തന്റെ ദുഃഖം അബദ്ധന്മാര്‍ക്ക് ശാപമായി ഭവിക്കും. ഈ ശാപം മൂലം പൊതുവേ സംഘം ദുഷിക്കുന്നതിനും ഇടയാകും.
















