തിരുവനന്തപുരം: കൈരളിയുടെ അക്ഷരമുറ്റത്തെ തിലകക്കുറിയായ ശ്രീ ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയ്ക്ക് 101 വയസ്സ്. സാഹിത്യവും സംസ്കാരവും ചരിത്രവും സര്‍ക്കാര്‍ ഭരണ വ്യവസ്ഥകളും ഒക്കെ കൈകോര്‍ത്ത് നില്ക്കുന്ന അരക്ഷത്തിലേറെ ഗ്രന്ഥങ്ങള്‍, നോക്കെത്താദൂരത്തോളം അടുക്കിവച്ചിരിക്കുന്ന ദിനപത്രങ്ങള്‍, വാരികകള്‍, മാസികകള്‍, ഇതര പ്രസീദ്ധീകരണങ്ങള്‍. ഇ- പേപ്പറിന്റെയും ഇ- വായനക്കരുടെയും ലോകത്ത് പുസ്തക വായന മരിക്കുന്നില്ലായെന്ന് അറിയണമെങ്കില്‍ ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയിലെത്തണം.
വായനശാല കേശവപിള്ള എന്ന കേശവപിള്ള 1914-ല്‍ രണ്ട് വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ എന്ന തിരുവിതാംകൂര്‍ രാജാവിന്റെ പേരില്‍ വെറും ഇരുപത്തിയഞ്ചു പുസ്തകങ്ങളുമായി ആരംഭിച്ച വായനശാലയാണ് ഇന്ന് നഗരവാസികളുടെ വായനയുടെ കലവറയായത്. 1898ല്‍ വഞ്ചിയൂര്‍ നെല്ലിപ്പള്ളി വീട്ടില്‍ അനന്തന്‍പിള്ളയുടെയും പാല്‍ക്കുളങ്ങര തുണ്ടുവിള വീട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെയും മകനായിട്ടായിരുന്നു കേശവപിള്ളയുടെ ജനനം
സിനിമയും ടെലിവിഷനുമൊന്നും ജനിച്ചിട്ടില്ലാത്ത കാലം. റേഡിയോപോലും കണ്ടുപിടിച്ചിട്ടില്ല. മലയാളനാട്ടിലാകെ രണ്ടുമൂന്നു വൃത്താന്തപത്രങ്ങള്‍. അവ ദിനംപ്രതി പുറത്തിറങ്ങാറുമില്ല. അച്ചടിക്കപ്പെട്ട സാഹിത്യ കൃതികളുടെ എണ്ണംകുറവ്. അന്ന് സര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ ഒരു ഗ്രന്ഥശാലയുണ്ട്. പക്ഷെ സാധാരണക്കാരന് അതിനകത്തേക്ക് കടക്കാന്‍ പോലൂം ധൈര്യമില്ലാത്ത കാലം. അക്കാലത്താണ് കേശവപിള്ള തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ ഒരു വായനശാല ആരംഭിക്കുന്നത്. ദിനംപ്രതി വായനക്കാരുടെ എണ്ണം കൂടി വന്നു. വായനശാലയ്ക്ക് തനതായി ഒരു കെട്ടിടം വേണമന്ന ആശയം ഉയര്‍ന്നു. വഞ്ചിയൂര്‍ ജംഗ്ഷനില്‍ സൗകര്യപ്രദമായ ഒരു സ്ഥലത്തേക്ക് കേശവപിള്ള തന്റെ ഗ്രന്ഥശാല മാറ്റിസ്ഥാപിച്ചു. സമീപ ജില്ലകളിലുള്ള സുഹൃത്തുക്കളെ നേരില്‍ കണ്ട് കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിച്ചു. പുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മിക്കപ്പോഴും കാല്‍നടയായിട്ടായിരുന്നു. കേശവപിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം പകര്‍ന്ന് നല്‍കിയത് ഭാര്യ പാറുക്കുട്ടി അമ്മയായിരുന്നു. പതിനാറു കുഞ്ഞുങ്ങളെ പ്രസവിച്ച മാതാവ് താന്‍ പ്രസവിക്കാത്ത കുഞ്ഞായ വായനശാലയെയും ബാലപീഡകള്‍ ഏല്ക്കാതെനോക്കി വളര്‍ത്തി വലുതാക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.
കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു വായനശാല കേശവപിള്ള. 1945 ല്‍ ഗ്രന്ഥശാലാ സംഘം രൂപീകരിക്കുമ്പോള്‍ ഖജാന്‍ജി സ്ഥാനം വഹിച്ചത് വായനശാല കേശവപിള്ള ആയിരുന്നു.
മലയാളത്തിലെ അമച്വര്‍ നാടകവേദിക്ക് വായനശാല കേശവപിള്ള നല്കിയ സംഭാവനയും വളരെ വലുതാണ്. ഗ്രന്ഥശാലയുടെ ഓരോ വാര്‍ഷികത്തിനും ഓരോ പുതിയ നാടകം അവതരിപ്പിച്ചിരുന്നു. സി.വി. രാമന്‍പിള്ളയെക്കൊണ്ട് നിരവധി പ്രഹസനങ്ങളും ഇ.വി. കൃഷ്ണപിള്ളയെകൊണ്ട് ഗൗരവപൂര്‍ണ്ണമായ നാടകങ്ങളും എഴുതിപ്പിച്ചു. വായനശാലാംഗങ്ങളെക്കൊണ്ട് അഭിനയിപ്പിച്ച് അദ്ദേഹം നാടകങ്ങള്‍ അരങ്ങത്തെത്തിച്ചു. എന്‍.പി. ചെല്ലപ്പന് നായര്‍, ടി.എന്‍.ഗോപിനാഥന് നായര്‍, ജഗതി എന്‍.കെ. ആചാരി, പി.ആര്. ചന്ദ്രന് തുടങ്ങി ഒട്ടേറെ പ്രഗത്ഭ നാടകകൃത്തുക്കളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
സി.ഐ. പരമേശ്വരന് പിള്ള, പി.കെ. വിക്രമന്‍നായര്‍, എന്‍.കെ. കൃഷ്ണപിള്ള, ടി.എന്‍. സുകുമാരന്‍ നായര്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍ തുടങ്ങി നിരവധി നടന്മാര് ആ നാടകങ്ങളിലൂടെ അരങ്ങത്തെത്തി. നാടകം അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടാതിരുന്ന അക്കാലത്ത് സമൂഹത്തിലെ ഉന്നത നിലകളിലിരുന്ന സ്ത്രീകളെപ്പോലും അരങ്ങത്തെത്തിക്കാന്‍ കേശവപിള്ളയുടെ സംഘടനാവൈഭവം കൊണ്ട് സാധിച്ചു. ജസ്റ്റിസ് അന്നാചാണ്ടി, ഓമന കുഞ്ഞമ്മ, ബിയട്രിക്സ് അലക്സിസ്, ലളിതാംബിക, മാവേലിക്കര പൊന്നമ്മ, ഉഷ, ലീലാ പണിക്കര്‍, ശ്രീലത, ശ്രീകല തുടങ്ങി നാടകത്തിലും വെള്ളിത്തിരയിലും തിളങ്ങിയ നിരവധി നടികളും കേശവപിള്ളയുടെ കണ്ടെത്തലായിരുന്നു.
കലയും സാഹിത്യവും ഗവേഷണവും കൈകോര്‍ത്തു നില്ക്കുന്ന ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ ഇന്നു കാണുന്ന പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത് 1966 ലായിരന്നു. ഇന്ന് ഇമവെട്ടുന്ന സമയം കൊണ്ട് വാര്‍ത്തകള്‍ അറിയുന്നു. കൈവെള്ളയ്ക്കുള്ളില്‍ ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ ലോകത്തെ ഏതു പുസ്തകവും വായിക്കാം. എന്നിരുന്നാലും ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയില്‍ തിരക്കൊഴിയുന്നില്ല. കേശവപിള്ള എന്ന് മഹാനുഭാവന് തുടങ്ങി വച്ച അക്ഷര കൈത്തിരി ഇന്നും കെടാതെ സൂക്ഷിക്കുന്നു.
ഗ്രന്ഥശാലയുടെ നൂറ്റിയൊന്നാം വാര്‍ഷികം ഇന്ന് ആഘോഷിക്കുകയാണ്. പ്രസിഡന്റ് ആര്. രാമചന്ദ്രന് നായരുടെ അദ്ധ്യക്ഷതയില്‍ ജെ. ലളിതാംബിക ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിനു ശേഷം സി.വി. രാമന് പിള്ളയുടെ വിഖ്യാതമായ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രകഥയുടെ നാടകാവിഷ്ക്കാരം ഒരിക്കല്‍ കൂടി വായനശാല അരങ്ങെത്തെത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: