കണ്ണൂര്‍: തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സിപിഎം ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന അക്രമം തുടരുന്നു. താഴെ ചൊവ്വയിലും കുറ്റിയാട്ടൂര്‍ പാലോട്ടുമൂലയിലും ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസിനും നേരെ കഴിഞ്ഞ ദിവസം രാത്രി സിപിഎം സംഘം അക്രമം നടത്തി. ആലച്ചേരിയില്‍ ഹിന്ദു ഐക്യവേദി നേതാവ് ഹരികൃഷ്ണന് ആലച്ചേരിയുടെ വീടിന് നേരെ കല്ലെറിയുകയും വീട്ടുമുറ്റത്ത് റീത്ത് വെക്കുകയും ചെയ്തു. കൂടാളിയില് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവാവിന്റെ വീട്ടിന്റെ വരാന്തയിലും റീത്ത് കണ്ടെത്തി. താഴെചൊവ്വ പെതങ്ങളായിയില് സ്ഥിതി ചെയ്യുന്ന ബിജെപി ഓഫീസായ മാരാര്‍ജി ഭവന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും കൊടിമരവും സിപിഎം സംഘം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ബിജെപി മണ്ഡലം കമ്മറ്റിയംഗം പി.രവീന്ദ്രന്റെ വീട്ടിന്റെ മതിലിന് നേരെ സ്ഫോടകവസ്തു എറിയുകയും വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാരെ അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. തൊട്ടടുത്ത് താമസിക്കുന്ന വിനോദിന്റെ വീടിന് നേരെയും കല്ലേറ് നടന്നു. തെരഞ്ഞെടുപ്പില്‍ കാപ്പാട് ഡിവിഷനില്‍ നിന്നും വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനത്തിന് ശേഷമാണ് അക്രമം നടന്നത്. സമാധാനം നിലനില്‍ക്കുന്ന പെതങ്ങളായി പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം നടത്താന്‍ ചില സിപിഎം ക്രിമിനലുകള്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റിയോഗം മുന്നറിയിപ്പ് നല്കി. സിപിഎം ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന് സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പ്രശോഭ് സ്വാഗതവും എന്‍.കുട്ടികൃഷ്ണന് നന്ദിയും പറഞ്ഞു.
മയ്യില്‍ കുറ്റിയാട്ടൂര്‍ പാലോട്ടു മൂലയിലെ ബിജെപി പ്രവര്‍ത്തകനായ അരുണ്‍ കുമാറിന്റെ വീട് കഴിഞ്ഞദിവസം രാത്രി സിപിഎം സംഘം അക്രമിച്ചിരുന്നു. അക്രമത്തില്‍ പരിക്കേറ്റ അരുണ്‍ കുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തിനുത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്ന് ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ബേബി സുനഗര്‍ സംസാരിച്ചു. ബിജെപി ബൂത്ത് കമ്മറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. പ്രസിഡണ്ട് സോമന് അധ്യക്ഷത വഹിച്ചു. നാരായണന് സംസാരിച്ചു.
മട്ടന്നൂരില്‍ സിപിഎമ്മുകാരുടെ അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കീഴല്ലൂര്‍ പാലയോട് കനാല്‍ക്കരയിലെ പ്രശാന്ത്(21), പ്രേം വൈശാഖ്(20)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: