മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്ന മനുഷ്യര്‍ അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് പരമമായ പ്രാധാന്യമാണ് കല്പ്പിച്ചിരുന്നത്. കണ്ണ് ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്നുകള്‍ പ്രചാരത്തിലെത്തുന്നതിന് എത്രയോ മുമ്പുതന്നെ നമ്മുടെ ഗ്രാമീണര്‍ എത്രയെത്ര നേത്ര മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് ചെങ്കണ്ണിന്റെ കാര്യമെടുക്കുക.
കണ്ണില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ ചെങ്കണ്ണു മാറിക്കിട്ടുമെന്ന് പഴമക്കാര്‍. കരിക്കിന് വെള്ളം കൊണ്ട് ധാര കോരിയാലും ചെറുതേന്‍ കണ്ണിലെഴുതിയാലും നല്ലതാണെന്നും ഒരുപക്ഷമുണ്ട്. പശുക്കുട്ടിയുടെ മൂത്രത്തില്‍ തുളസിയില അരച്ച് തുണിയില്‍ അരിച്ച് കണ്ണിലൊഴിക്കുന്നതാണ് കേമമെന്ന് മറ്റൊരു കൂട്ടര്. നന്ത്യാര്‍വട്ടച്ചെടിയുടെ പൂവ് ഒരു രാത്രി മുഴുവന്‍ ശുദ്ധജലത്തിലിട്ട ശേഷം കണ്ണുകഴുകിയാല്‍ ആശ്വാസം ലഭിക്കും. മുരിങ്ങയില ഇടിച്ചുപിഴിഞ്ഞ നീര്, കുരുമുളക് കൊടിയുടെ തളിരില ഇടിച്ചുപിഴിഞ്ഞ നീര്, വെള്ളരിയുടെ കുരുന്നില പിഴിഞ്ഞ നീര് തുടങ്ങിയവയൊക്കെ കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് ശമിക്കാന്‍ സഹായിക്കും.
സാധാരണ എല്ലാ നേത്രരോഗങ്ങള്‍ക്കും മുലപ്പാല്‍ നല്ലൊരു മരുന്നാണെന്നാണ് വിശ്വാസം. നന്ത്യാര്‍വട്ടത്തിന്റെ പൂവും അങ്ങനെ തന്നെ.
അഗത്തിച്ചെടിയുടെ ഇലനീര് കണ്ണിലൊഴിച്ചാല്‍ രാത്രിയിലെ കാഴ്ചക്കുറവിന് പരിഹാരം ലഭിക്കും. കണ്ണില്‍ കരട് പോകുന്നത് നമുക്കൊക്കെ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും. അതിന് ശുദ്ധജലം കൊണ്ട് കണ്ണുകഴുകുകയാണ് ആദ്യപടി. മുലപ്പാല്‍, പഞ്ചസാര വെള്ളം, കരിക്കിന് വെള്ളം എന്നിവയും ഉത്തമം. കണ്ണില്‍ ചുണ്ണാമ്പ് വീണാല്‍ ചെറൂള പിഴിഞ്ഞൊഴിച്ചാല്‍ മതിയത്രെ. കണ്ണില്‍ വെളിച്ചെണ്ണ ഇറ്റിക്കുന്ന ഏര്‍പ്പാടും ചിലേടത്തുണ്ട്. കണ്ണില്‍ ചുവപ്പും ചൊറിച്ചിലുമൊക്കെ വന്നാല്‍ മുരിങ്ങയില നീരും തേനും ചേര്‍ത്ത് കണ്ണെഴുതിയാല്‍ മതിയെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ കരിക്കിന് വെള്ളംകൊണ്ട് ധാര ചെയ്യുക. കടുക്ക തേനില്‍ അരച്ചുപുരട്ടിയാല്‍ കണ്‍കുരു പോകും. കടുക്കയ്ക്ക് പകരം ഇരട്ടിമധുരമോ തഴുതാമ വേരോ ആയാലും കുഴപ്പമില്ല. ആവണക്കിന്റെ തളിരില നെയ്യില്‍ വറുത്ത് കഴിച്ചാല്‍ കാഴ്ച്ചക്കുറവിന് പരിഹാരമാകുമെന്നു പറയുന്ന ഒറ്റമൂലിക്കാര് തഴുതാമയില തോരന്‍ പതിവായി കഴിച്ചാല്‍ തിമിരത്തെ ചെറുക്കാമെന്നും അവകാശപ്പെടുന്നു.
സൗന്ദര്യത്തിന്റെ പ്രതീകമാണല്ലോ കണ്ണുകള്‍. അതിന്റെ താഴെയുണ്ടാകുന്ന പാടുകള്‍ സ്ത്രീകളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതിനുമുണ്ട് നാടന്‍ ചികിത്സകള്‍. പാടുകളുടെ മേല്‍ തേനോ, അല്ലെങ്കില്‍ പശുവിന് നെയ്യോ പതിവായി പുരട്ടുക. നേന്ത്രപ്പഴവും തേനും ചേര്‍ത്തു കുഴമ്പാക്കി കണ്ണിനുചുറ്റും പുരട്ടുക. പുളിയില്ലാത്ത മോരില്‍ ത്രിഫല അരച്ചുപുരട്ടിയാലും മതി. ഇതൊന്നും പറ്റിയില്ലെങ്കില്‍ തക്കാളിപ്പഴം മുറിച്ച് കണ്ണിനുതാഴെ വച്ച് നിവര്‍ന്നു കിടന്നാലും മതി.
ചെത്തിപ്പൂവിന്റെ മൊട്ടും ജീരകവും അരച്ച് കലക്കിയ വെള്ളം അരിച്ച് കണ്ണിലൊഴിച്ചാല്‍ നീരും വേദനയും ശമിക്കുമെന്നാണ് മുത്തശ്ശിമാര്‍ പറയുന്നത്.
ഉപ്പിട്ട വെള്ളം തിളപ്പിച്ച് ചെറു ചൂടോടെ തുണി മുക്കിപ്പിഴിഞ്ഞ് ചൂടുവച്ചാലും ഇതേ ഫലം ലഭിക്കും. തഴുതാമയുടെ വേരും ഇലയും സമൂലം കഴുകി ചതച്ചെടുത്ത് നീരെടുത്ത് രാവിലെ വെള്ളം ചേര്‍ക്കാതെ വെറും വയറ്റില്‍ കുടിച്ചാല്‍ ഹ്രസ്വദൃഷ്ടി കുറഞ്ഞുകിട്ടുമെന്നാണ് പൂര്‍വികരുടെ വാദം. പക്ഷേ, പരീക്ഷിച്ചു നോക്കുകതന്നെ വേണം. കുത്തരിയുടെ തവിടുകൊണ്ടുള്ള ഭക്ഷണമോ തവിടുകാപ്പിയോ കഴിച്ചാല്‍ കണ്ണില്‍ പീളയടിയുന്നതിന് ശമനമുണ്ടാകുമത്രേ. കടുക്കാത്തോടും തകരവേരും ചേര്‍ത്തരച്ച് കണ്ണെഴുതിയാല്‍ കണ്‍പോളയിലെ ചൊറിച്ചില്‍ മാറും. മുരിങ്ങയുടെ തളിരില പിഴിഞ്ഞ നീര് കണ്ണില്‍ ഇറ്റിച്ചാലും മതി. പക്ഷേ കുറച്ച് നീറ്റല്‍ സഹിക്കേണ്ടി വരും. പുളിയിലയും മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ചവെള്ളം ആറിക്കഴിഞ്ഞ് കണ്പോള കഴുകിയാല്‍ കണ്‍പോളയിലെ ചൊറിച്ചില്‍ മാറുമെന്നും പഴമൊഴിയുണ്ട്. വാഴച്ചുണ്ടിലെ തേന്‍ രണ്ടു നേരം കണ്ണിലെഴുതിയാല്‍ കണ്ണിന്റെ മൂടലിന് ആശ്വാസം കിട്ടും. കണ്ണിന്റെ ചികിത്സയിലും തഴുതാമയില വളരെ പ്രാധാന്യമുള്ളതാണെന്നും മറക്കാതിരിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: