ഇന്ന് കാലികവട്ടം ഉള്‍പ്പെടെയുള്ളവ വായിക്കാനൊന്നും ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. വോട്ടുകുത്തിയതിന്റെ ഫലം ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ തുരുതുരാവരികയല്ലേ? ആര്‍ത്തുവിളിക്കാന്‍ ഇരുന്നവര്‍ ഒരു മൂലയില്‍ മൂങ്ങയെ പോലെ ഇരിക്കുന്നു. നേരത്തെ വലിയ ആവേശമില്ലാതിരുന്നവര്‍ പടക്കക്കടകളിലേക്ക് ഓടുന്നു. എങ്ങും ബഹളമയം തന്നെ. പറഞ്ഞതു പോലെ തന്നെ ചില പാര്‍ട്ടികള്‍ക്ക് നല്ല മെച്ചമുണ്ടായിട്ടുണ്ട്.
നേരവും കാലവും നോക്കി വോട്ടര്‍മാര്‍ അര്‍ത്തിയ അമര്‍ത്തലിന് നല്ല ഗുണം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇനി നേട്ടത്തിന്റെ ജാതകക്കുറിപ്പുമായി ചിലര്‍ ഇറങ്ങും. അവരാണ് കിങ്മേക്കര്‍മാര്‍ എന്ന നിലയാണ് വന്നു ചേരുന്നത്. ഏതായാലും പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങള്‍ എന്ന് ബോധ്യമായതില്‍ എല്ലാ പാര്‍ട്ടിക്കാരും ജാഗ്രത പാലിച്ചാല്‍ അവര്‍ക്ക് കൊള്ളാം. അധികം അകലെയല്ല അടുത്ത മാമാങ്കം എന്നതിനാല്‍ അത്യാവശ്യം വിനയവും വിവേകവും രാഷ്ട്രീയക്കാര്‍ക്കുണ്ടാവും. ആയതിനാല്‍ പുതിയ ഭരണസംവിധാനത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ എന്തെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷ കൈയില്‍ വെക്കുക. പ്രതീക്ഷയാണല്ലോ നമ്മെ മുന്നോട്ടു നയിക്കുന്നത്.
*******
ലോകത്ത് നടക്കുന്ന ഒരു ചെറുസംഭവം പോലും അറിഞ്ഞ് പ്രതികരിക്കുന്നതില്‍ നമ്മുടെ ഉരുളികുന്നം സാഹിത്യകാരന് മുമ്പന്തിയിലാണ്. അക്കാര്യത്തില്‍ അദ്യത്തിന്റെ ഉത്സാഹം ഒന്നു കാണേണ്ടതു തന്നെ. മോദി ഭരിക്കുന്ന നാട്ടില്‍ ജീവിച്ചുപോകാന്‍ വല്യ ബുദ്ധിമുട്ടാണെന്ന് നാഴികക്കു നാല്‍പ്പതുവട്ടം അദ്യം മൊഴിഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെയുള്ള വിദ്വാനെ തെരഞ്ഞെടുപ്പുവേളയില്‍, അതായത് വോട്ടെടുപ്പു ദിനത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചുവത്രെ. മൂപ്പര് കരുതിയത് വോട്ടെടുപ്പ് രാവിലെ അഞ്ചു മണി മുതല്‍ വൈകീട്ട് ഏഴു മണിവരെയെന്നാണ്.
അങ്ങനെയെന്ന് ആരോ മൂപ്പിലാനോട് കട്ടായം പറഞ്ഞു. വല്യ സാഹിത്യകാരനാകയാല്‍ പത്രം വായനയുള്‍പ്പെടെയുള്ളവയൊന്നും സ്വതേ ഉണ്ടാവാറില്ല. അതിന്റെ ആവശ്യവുമില്ല. ഏതായാലും വോട്ടമര്‍ത്താന്‍ തിര്വന്തോരത്തെ നന്ദാവനത്തിനടുത്ത ബൂത്തിലെത്തുമ്പോള്‍ സമയം അഞ്ചേ അഞ്ച്. ഇലക്ഷന് കമ്മീഷന് സാഹിത്യകാരനായാലും സാധുബീഡി തിരയ്ക്കുന്നയാളായാലും കാത്തുനില്‍ക്കാനാവില്ലല്ലോ. ഏതായാലും ഉരുളി കുന്നത്തുകാരന്‍ കഥാകാരന് വോട്ടമര്‍ത്താനായില്ല. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് വോട്ടുചെയ്യാതാക്കിയതിനു പിന്നില്‍ നരേന്ദ്രമോദിയുടെ കറുത്ത കൈ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.
അതില്‍ പ്രതിഷേധിച്ച് തിരിച്ചേല്‍പ്പിക്കാന്‍ വല്ല അവാര്‍ഡും ഉണ്ടോ എന്നാണത്രേ ഉരുളികുന്നത്തുകാരന് സക്കറിയാവ് ഇപ്പോള്‍ തെരയുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സുഹൃത്തിന്റെ മകള്‍ വോട്ടെടുപ്പ് ദിനത്തില്‍ എന്നോട് പറഞ്ഞതിങ്ങനെ: മാമാ വൈകണ്ടട്ടോ, അഞ്ചു മണിക്ക് വോട്ട്സ്കൂള്‍ അടയ്ക്കും. ഉരുളികുന്നത്തുകാരനോട് ഇങ്ങനെ പറയാന്‍ പോലും ആരുമില്ലാഞ്ഞതിനാല്‍ ജനാധിപത്യത്തിന് വൈകാരിക ശക്തി നല്‍കേണ്ട ആ സ്വയമ്പന്‍ വോട്ട് ചാപിള്ളയായി. എല്ലാ സാഹിത്യകാരന്മാര്ക്കും ഇക്കാര്യത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഓരോ പ്രസ്താവന ഇറക്കാവുന്നതാണ്. അതില്‍ക്കൂടിയാണല്ലോ ഇപ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ ജീവിക്കുന്നത്.
*******
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പരസ്യത്തില്‍ പറയുന്നതല്ലേ എന്ന് തമാശ പറയുന്നവര്‍ അറിയാന്‍ കോഴിക്കോട്ട് നിന്ന് ഒരു മംഗല്യവാര്‍ത്ത. ഭാരതീയ പാരമ്പര്യത്തിന്റെ മഹിതമായ മുഖം കാണാനും അനുഭവിക്കാനും ഫ്രാന്‍സുകാരായ ഒരു കുടുംബം ആഹ്ലാദപൂര്‍വം തയ്യാറായി. ഒക്ടോബര്‍ 31ന് കോഴിക്കോട്ടെ പാരമൗണ്ട് ടവറില്‍ ശുഭമുഹൂര്‍ത്തത്തില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇരുപതോളം വരുന്ന ഫ്രാന്‍സ് സംഘമാണ് എത്തിയത്. പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെ നൈര്‍മല്യവും പക്വതയും പ്രൗഢിയും ഇഴുകിച്ചേര്‍ന്ന വി.എം. കൊറാത്തിന്റെ ചെറുമകനായ ശ്രീകാന്തായിരുന്നു വരന്. ഫ്രാന്‍സിലെ നോര്‍മാണ്ടി സ്വദേശികളായ ദിദിയര്‍ടെര്‍ലിന്‍-ക്രിസ്റ്റീന്‍ ടര്‍ലിന്‍ ദമ്പതികളുടെ മകള്‍ ഹെലന് വധുവും. കേരളീയ വേഷം ധരിച്ചെത്തിയ സംഘം വിവാഹത്തോടനുബന്ധിച്ച ചടങ്ങുകളൊക്കെ സാകൂതം വീക്ഷിച്ചു; ആഹ്ലാദത്തോടെ പങ്കുകൊണ്ടു.
ഓരോന്നിനെക്കുറിച്ചും വിശദമായി ചോദിച്ചു മനസ്സിലാക്കി. നിലവിളക്കും നിറപറയും പൂക്കുലയും വാദ്യമേളവും താലവും മറ്റും മറ്റും അവര്‍ക്ക് ആഹ്ലാദപൂര്‍ണമായ അനുഭവമായിരുന്നു. ഫാറൂഖ് കോളജിനടുത്ത് ‘അഭിരാമ’ത്തില്‍ കൃഷ്ണകുമാര്‍ -ഉഷ ദമ്പതികളുടെ മകനാണ് ശ്രീകാന്ത്. കാനഡയില്‍ എഞ്ചിനീയറായി ജോലി നോക്കുമ്പോഴാണ് എംബിഎക്കാരിയായ ഹെലനുമായി പ്രണയത്തിലാവുന്നത്. അതിന്റെ പരിസമാപ്തി കടലുകടന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലായപ്പോള്‍ ഇരു കുടുംബങ്ങള്‍ക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. സ്നേഹവും സൗഹാര്‍ദ്ദവും നിറഞ്ഞ ഈ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടെന്നത്രെ വധുവിന്റെ ബന്ധുക്കളുടെ ഹൃദയപൂര്‍വമുള്ള അഭിപ്രായം. സാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ കൂടിച്ചേരല്‍ വിവാഹത്തിന് എത്തിയവര്‍ക്ക് പകര്‍ന്നു നല്‍കിയത് അവാച്യമായ അനുഭൂതി.
*******
അസഹിഷ്ണുതയാണല്ലോ ഇപ്പോഴത്തെ താരം. നരേന്ദ്രമോദി അധികാരമേറിയ ശേഷമാണ് അസഹിഷ്ണുതയും അക്രമവും വളര്‍ന്നതെന്നാണ് തല്‍പ്പരകക്ഷികളുടെ അഭിപ്രായം. ഇക്കാര്യം ചൂണ്ടിക്കാട്ടി നമ്മുടെ സോണിയാ മെയ്നോയും മകനും ശിങ്കിടികളും രംഗത്തിറങ്ങിയിട്ടുണ്ട്. ഭരണത്തിന്റെ സുഖശീതളിമയില്‍ നിന്ന് തെന്നിവീണപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത നിലയായിരുന്നു. ഇങ്ങനെ പോയാല്‍ കാര്യം അബദ്ധമാവുമെന്ന തിരിച്ചറിവാണ് രാഷ്ട്രപതിയെ കാണാനുള്ള സാഹസത്തിലേക്ക് മേപ്പടിയാന്മാരെ കൊണ്ടുചെന്നെത്തിച്ചത്. അങ്ങനെ ഇറങ്ങിത്തിരിക്കും മുമ്പ് അവരും മറ്റുള്ളവരും വായിക്കേണ്ടതായിരുന്നു വെങ്കയ്യനായിഡു ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ (നവം.02) എഴുതിയ വൈ എ സഡന്‍ ഓര്‍ക്കസ്ട്രേറ്റഡ് ആന്റി മോഡി ക്യാമ്പയിന് എന്ന ലേഖനം. കോണ്‍ഗ്രസ് ഭരണകാലത്തെ അസഹിഷ്ണുതയും അസ്വസ്ഥതകളും എണ്ണിയെണ്ണിപ്പറഞ്ഞ വെങ്കയ്യാജി ഇതിനൊക്കെ എന്തു മറുപടിയുണ്ടെന്ന് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കുകയാണ്.
ഒരിക്കലും ഈ സംഘങ്ങള്‍ക്ക് മറുപടി കൊടുക്കാനാവില്ല. കാരണം അവര്‍ അതിനല്ലല്ലോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വെങ്കയ്യാജിയുടെ വിശകലനത്തില്‍ നിന്ന് അല്പം. മൊഴിമാറ്റുമ്പോഴുള്ള പ്രശ്നങ്ങള്‍ ക്ഷമിക്കണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെ: രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നു, ആഗോളനിക്ഷേപകര്‍ ഭാരതത്തെ ആദരിക്കുന്നു; തിരിച്ചറിയുന്നു. ഓരോരോ സ്ഥാപനങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ച സര്‍വ്വേയിലൂടെ മികച്ചതെന്ന് കണ്ടെത്തുന്നു. അന്താരാഷ്ട്രതലത്തിലും ഭാരതത്തിലും നരേന്ദ്രമോദി കൂടുതലായി അംഗീകരിക്കപ്പെടുന്നു.
എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ഇതൊന്നു ദഹിക്കുന്നില്ല. സംസ്ഥാനങ്ങളുടെ കഴിവില്ലായ്മക്ക് അവര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. ദാദ്രി സംഭവം യുപിയിലാണ്; അവിടെ ഭരിക്കുന്നത് എസ്.പി. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത് കര്‍ണാടകത്തില്‍, ഭരണം കോണ്‍ഗ്രസ്. ധബോല്‍ക്കര്‍ കൊല്ലപ്പെടുമ്പോള്‍ മഹാരാഷ്ട്ര ഭരിച്ചതും കോണ്‍ഗ്രസ്. എന്നാലോ പഴി മുഴുവന്‍ കേന്ദ്രസര്‍ക്കാറിന്. ഇതൊന്നും അറിയാത്തതുകൊണ്ടല്ല ഇങ്ങനെയുള്ള പെരുമാറ്റം. യഥാര്‍ത്ഥ ഫാസിസം എന്നു പറയുന്നത് ഇതാണ്. ഇതിനെ തകര്‍ക്കാന്‍ ശക്തമായ ജനാധിപത്യം തന്നെ മരുന്ന്. അതിന് കൈമെയ്മറന്ന് രംഗത്തിറങ്ങുക.
മൊഴിയേറ്
ഞാന്‍ ഫേസ്ബുക്കില്‍
തെന്നിവീണ കഴുത:
ചെറിയാന് ഫിലിപ്പ്
ശേഷിക്കുന്നവരോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: