1967-ല്‍ ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ സംഘാധികാരിമാരുടെ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ കോഴിക്കോട് പോകേണ്ടിവന്നു. അന്ന് കോഴിക്കോട് ജില്ലയുടെ സംഘടനാ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് കെ.രാമന്‍പിള്ള ആയിരുന്നു. അന്നത്തെ കോഴിക്കോട് ജില്ല ഇന്നത്തെ മലപ്പുറം ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളും തെക്കെ വയനാട് താലൂക്കും കൂടി ഉള്‍പ്പെട്ടതായിരുന്നു. ജില്ലയിലെ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതിന് രാമന്‍പിള്ള എന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയിരുന്നു. അങ്ങനെ ഒരു ദിവസം നാദാപുരം മണ്ഡലത്തിലെ ജനസംഘപ്രവര്‍ത്തകരെ കാണാന്‍ പുറമേരി എന്ന സ്ഥലത്തുപോയി. ആ സ്ഥലം എനിക്ക് അപരിചിതമായിരുന്നില്ല. 1958-61 കാലത്ത് ഞാന്‍ സംഘപ്രചാരകനായി അവിടെ പോയിട്ടുണ്ട്. പുറമേരിയില്‍ അക്കാലത്ത് തരക്കേടില്ലാത്ത ശാഖ ഉണ്ടായിരുന്നു.
രാമന്പിള്ളയുമൊത്തുപോയപ്പോള് പരിചയപ്പെട്ടവരില്‍ ചിലര്‍ നേരത്തെ അറിയുന്നവരായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കാണാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി. എം.പി.കണാരന്, പത്മനാഭന്, നാരായണന് നമ്പ്യാര്‍, പൊക്കന്‍, ആണ്ടി മുതലായവര്‍ക്കു പുറമേ രണ്ടുപേര്‍ പുതിയതായി ഉണ്ടായിരുന്നു. നരിപ്പറ്റക്കാരായ പി.കെ.കുഞ്ഞിരാമക്കുറുപ്പും കെ. പ്രഭാകരന് എന്ന വിദ്യാര്‍ത്ഥിയും. പ്രഭാകരന് കോഴിക്കോട് ദേവഗിരി കോളേജില്‍ ബിരുദ പഠനം കഴിഞ്ഞുനില്‍ക്കുകയായിരുന്നു. പ്രഭാകരന് ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി അടിയന്തരാവസ്ഥക്കാലത്തും അതിനുശേഷം പ്രചാരകനായി മത്സ്യപ്രവര്‍ത്തക സംഘത്തിലും ഭാരതീയ മസ്ദൂര്‍ സംഘത്തിലും പ്രവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം അദ്ദേഹം അന്തരിച്ച വാര്‍ത്ത ജന്മഭൂമിയിലൂടെ അറിഞ്ഞപ്പോള്‍, അരനൂറ്റാണ്ടോളം നീണ്ട ആത്മബന്ധം പൊടുന്നനെ മുറിഞ്ഞുപോയതുപോലെയായി. മാസത്തില്‍ ഒരു തവണയെങ്കിലും ഫോണില്‍ വിളിച്ച് നാട്ടുവര്‍ത്തമാനങ്ങളും വീട്ടുവിശേഷങ്ങളും കൈമാറാറുണ്ടായിരുന്നു. ഒക്ടോബറില്‍ ആ പതിവു വിളിവന്നില്ല. മക്കളോടൊപ്പം കഴിയാന്‍ ആള് യുഎസിലാവും എന്നേ കരുതിയുള്ളൂ. അവിടെയാണെങ്കിലും വിളിക്കാറുണ്ടായിരുന്നു. അതിനാല്‍ ഒക്ടോബറിലെ മൗനത്തെപ്പറ്റി ശങ്കയോടെ കഴിയുമ്പോഴാണ് വാര്‍ത്ത വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല.
അടിയന്തരാവസ്ഥയ്ക്കുമുമ്പ് രണ്ടുവര്‍ഷക്കാലം എറണാകുളം ജില്ലയുടെ ജനസംഘ ചുമതല അദ്ദേഹത്തിനായിരുന്നു. എംജി റോഡിലെ ജനസംഘകാര്യാലയത്തില്‍ ഒരുമിച്ചു താമസിച്ച കാലം അത്യന്തം ആഹ്ലാദകരമായി. മനോഹരമായി പാടാന്‍ കഴിയുമായിരുന്ന പ്രഭാകരനും ലക്ഷ്മീനാരായണന്‍ മാസ്റ്റര്‍, തമ്മനം രാമചന്ദ്രന് തുടങ്ങിയ ഒരു സംഘം പേര് രാഷ്ട്രീയ പാരടി ഗാനങ്ങള്‍ സൃഷ്ടിച്ച് പൊതുയോഗങ്ങളിലും മറ്റും മേളിക്കുമായിരുന്നു. അക്കാലത്തെ ജനപ്രിയ സിനിമാഗാനങ്ങള്‍ക്കൊക്കെ അവര്‍ പാരഡികളുണ്ടാക്കി. ‘തങ്കഭസ്മക്കുറിയിട്ട’ എന്ന യേശുദാസ് ഗാനത്തിന് ‘ദില്ലിക്കോട്ട ഭരിക്കുന്ന തമ്പുരാട്ടി നിന്റെ തല്ലിപ്പൊളിക്കമ്പനിയെ തകര്‍ക്കും നാം’ എന്ന് കുമാര്‍ നാറാത്തിന്റെ പാരഡിയാണ് ഒന്ന്.
”ഇന്ദിരാഗാന്ധിയോടച്യുതമേനവന്‍
ഓണത്തിനരക്കിലോ അരി ചോദിച്ചു
ശ്രീമതിയതുകേട്ട് കോപിച്ചു കോപിച്ചു
കാല്‍മടക്കിയൊരു പിടപിടച്ചു”
എന്നു വേറൊന്ന്.
ഈ പാട്ടുകള്‍ സ്ഥാനീയ സമിതികള്‍ക്കു പോകുമ്പോള്‍ ഗൃഹസദസ്സുകളിലും അലയടിച്ചിരുന്നു.
ജനസംഘ രാഷ്ട്രീയത്തിന് ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഔപചാരികതകളെക്കാള്‍ ആത്മീയതയ്ക്കും കൂട്ടായ്മ സ്വഭാവത്തിനുമായിരുന്നു ഊന്നല്‍. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ പിടിയില്‍പ്പെടാതിരിക്കാന്‍ പ്രഭാകരനു കഴിഞ്ഞു. തളിപ്പറമ്പിലെ കണ്ണേട്ടന് ആരോഗ്യപ്രശ്നങ്ങള്‍ മൂലം പ്രവര്‍ത്തിക്കാന്‍ പ്രയാസമായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രഭാകരന് പോകേണ്ടിവന്നു. ഞങ്ങളിരുവരുമൊരുമിച്ച് പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, പരിയാരം, പാണപ്പുഴ, തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്തു. പത്തും പന്ത്രണ്ടും കിലോമീറ്റര്‍ പദയാത്ര ദിവസവും വേണ്ടിവന്നിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം മാധവ്ജിയുടെ താല്‍പ്പര്യ പ്രകാരമാണദ്ദേഹം ജനതാപാര്‍ട്ടിയിലും ബിജെപിയിലും നിന്ന് മാറി മസ്ദൂര്‍ സംഘത്തിലും മത്സ്യപ്രവര്‍ത്തക സംഘത്തിലും പ്രവര്‍ത്തിച്ചത്. കുറേക്കഴിഞ്ഞ്, ബിരുദാനന്തര പഠനത്തിന് (ഇന്തോറിലാണെന്ന് തോന്നുന്നു)പോയി. ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ കഴിഞ്ഞു നീലേശ്വരത്തെ നെഹ്റു കോളേജില്‍ അധ്യാപകനായി. ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് ദേവഗിരി കോളേജിലെ അനുഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നും പറയാത്തതാണ് നല്ലത് എന്ന് പ്രഭാകരന് മാസ്റ്റര്‍ പറയുമായിരുന്നു.
പണ്ടേ പുസ്തകപാരായണ പ്രേമിയായതിനാല്‍ ഞങ്ങള്‍ക്കിടയ്ക്കു അവ കൈമാറലും നടന്നിരുന്നു. പരേതനായ, തലശ്ശേരിയിലെ അഡ്വ.എ.ഡി.നായര്‍ അക്കാര്യത്തില്‍ ഞങ്ങളുടെ കൂട്ടാളിയായി. സോള്‍ഷെനിറ്റ്സിന്റെ പ്രസിദ്ധമായ ബൃഹത് നോവലുകള്‍ ആ കൂട്ടായ്മയിലൂടെയാണ് വായിച്ചത്. സാധാരണ വായനയില്‍, വിരസവും അതിദീര്‍ഘവുമായ വിവരണങ്ങള്‍, ആ പുസ്തകങ്ങളുടെ പ്രത്യേകതകളാണ്. പക്ഷേ അവയിലാണ് പുസ്തകത്തിന്റെ ജീവല്‍ സ്പന്ദനങ്ങള്‍. 1914 എന്ന നോവലിലെ യുദ്ധതന്ത്രങ്ങള്‍ ഉദാഹരണമാണ്. ഐവാന്‍ ഡെനിസോവിച്ചിന്റെ ഒരു ദിവസമെന്ന ലഘു നോവലാകട്ടെ നമ്മെ കിടിലംകൊള്ളിക്കുന്ന സൈബീരിയന്‍ അനുഭവങ്ങള്‍ നല്കുന്നു.
ലെനിന് ഇന്‍ സൂറിച്ച് എന്ന പുസ്തകം പ്രഭാകരന് എവിടെനിന്നോ തേടിപ്പിടിച്ചു കൊണ്ടുവന്നു. റഷ്യയില്‍ വിപ്ലവം നടന്നതും സര്ചക്രവര്ത്തിയെ സ്ഥാനഭ്രഷ്ടനാക്കിയതും ലെനിന് അറിഞ്ഞതുതന്നെ സൂറിച്ചില്‍ ഒളിവില്‍ കഴിയവേ ആയിരുന്നുവെന്നും അദ്ദേഹം അമേരിക്കയിലേക്കു രക്ഷപ്പെടാന്‍ പഴുതുനോക്കിയിരിക്കുമ്പോള് കൂട്ടുകാരന് കൊണ്ടുവന്ന സായാഹ്ന പത്രത്തില്‍ നിന്നാണ് വിപ്ലവ വിവരങ്ങള്‍ അറിഞ്ഞതെന്നും പുസ്തകത്തില്‍ ഉണ്ട്. ആ ഭാഗമാണ് പ്രഭാകരന് എന്നെ ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഫസ്റ്റ് സര്‍ക്കിളും കാന്‍സര്‍ വാര്‍ഡും സ്റ്റാലിന് യുഗത്തിന്റെ അവസാനഘട്ടം അതിവിദഗ്ദ്ധമായി വിവരിക്കുന്നു.
ഈ വിജ്ഞാനദാഹവും സീമാതീതമായ നര്‍മബോധവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഞാന്‍ ജന്മഭൂമിവിട്ടശേഷം നാട്ടില്‍ തന്നെ കഴിച്ചുകൂട്ടുകയാണ്. പ്രഭാകരനാകട്ടെ സംഘകാര്യത്തില്‍ താല്‍പ്പര്യമെടുത്തുവന്നു. നാദാപുരം താലൂക്കിന്റെ സംഘചാലക ചുമതല ഏറ്റെടുത്ത ഉടന്‍ വിളിച്ചിരുന്നു. പിന്നീട് ജില്ലാ സംഘചാലകനുമായി എന്നാണെന്റെ ധാരണ. അവിടെ നടക്കുന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ സ്വരൂപം അദ്ദേഹം അറിയിക്കുമായിരുന്നു.
മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തത് മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇരുവരും അമേരിക്കയിലായതിനാല്‍ അദ്ദേഹവും കുടുംബവും അവരോടൊപ്പം കഴിയാന്‍ പോകുമായിരുന്നു.
നീണ്ടകാലത്തെ ആത്മീയബന്ധമാണ് അവസാനിച്ചത്. ഇനി ആ ഫോണ്‍ വിളിയും സ്നേഹം നിറഞ്ഞ, നര്മോക്തികളിലൂടെയുള്ള സംഭാഷണങ്ങളും ഉണ്ടാവില്ലല്ലോ എന്ന വിഷാദവും ബാക്കിയാകുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു നമോവാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: