എസ്.ജെ. ഭൃഗുരാമന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടതു വലത് മുന്നണികളുടെ കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോള്‍ പല വാര്‍ഡുകളിലും ബിജെപിക്ക് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്ഥാനാര്‍ത്ഥികളും മുന്നണികളും തങ്ങള്‍ക്ക് എത്ര വോട്ട് ലഭിക്കുമെന്ന കൂട്ടികിഴിക്കല്‍ കഴിഞ്ഞപ്പോള്‍ പലരുടെയും മുഖത്ത് ഗൗരവം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പോളിങ്ങ് കഴിഞ്ഞാല്‍ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ തങ്ങള്‍ക്ക് എത്ര വോട്ട് ലഭിക്കുമെന്നും എതിര് സ്ഥാനാര്‍ത്ഥിക്ക് എത്ര ലഭിക്കുമെന്നും പ്രവചിക്കുന്നത് പതിവാണ്. പലപ്പോഴും പ്രവചനം ഫലപ്രഖ്യാപനത്തോട് അടുത്തു നില്‍ക്കുകയും ചെയ്യും. പോളിങ് കഴിഞ്ഞാല്‍ ആദ്യ സൂചന കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നായിരിക്കും പുറത്തു വരുക. ഒന്നു രണ്ട് ദിവസം വൈകിയാലും കുറച്ചും കൂടി കൃത്യമായ കണക്കുകളാകും ഇടതുപക്ഷം പുറത്ത് വിടാറ്. ഈ തദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസോ, ഇടതുപക്ഷമോ തങ്ങള്‍ കൂട്ടികിഴിച്ച കണക്കുകള്‍ പുറത്തു പറയാന്‍ മടിക്കുകയാണ്. പല വാര്‍ഡുകളിലും ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് മുന്നണികളുടെ കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നും തങ്ങളുടെ വോട്ടില്‍ കുറവു വരുമെന്നും ഇടതു വലതു മുന്നണികള്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ ബിജെപി പ്രതീക്ഷിക്കാത്ത പല വാര്‍ഡുകളിലും നേരീയ ഭൂരിപക്ഷത്തോടെയെങ്കിലും ജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ബൂത്തടിസ്ഥാനത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നഗരസഭകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിജെപിക്ക് ലഭിച്ച സീറ്റുകള്‍ ഇരട്ടിയില്‍ അധികമാക്കുമെന്നാണ് ഇടതുപക്ഷത്തിന് താഴെതട്ടില്‍ നിന്നും ലഭിച്ച കണക്കുകള്‍ പറയുന്നത്.
2010 ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1299 വാര്‍ഡുകളില്‍ 510 വാര്‍ഡുകളില്‍ മാത്രമെ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിരുന്നുള്ളു. ഇതില്‍ 67 വാര്‍ഡുകള്‍ ബിജെപി വിജയിച്ചു. ഈ കണക്കുകളെ കവച്ചുവയ്ക്കും തരത്തിലായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം. ജില്ലയിലെ നഗരസഭകളില്‍നിന്നും നാലും കോര്‍പ്പറേഷനില്‍ ആറും സീറ്റാണ് ബിജെപിക്ക് നിലവിലൂള്ളത്. ഇത്തവണ കോര്‍പ്പറേഷനിലെ ഭൂരിഭാഗം വാര്‍ഡുകളിലും ത്രികോണ മത്സരമാണ് നടന്നത് അതു കൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ജനങ്ങളും ഫലപ്രഖ്യാപനത്തെ ജിജ്ഞാസയോടെ നോക്കികാണുന്നത്.
ഫലപ്രഖ്യാപനത്തിന് ഇനി ഒരുനാള്‍ മാത്രം ശേഷിക്കവെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിജയം ആഘോഷിക്കാനുള്ള ഒരുക്കള്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോട്ടകളില്‍ വിള്ളല്‍ ഉണ്ടാക്കും വിധത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് മുന്നണികളെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ മത്സരിച്ച വാര്‍ഡുകളില്‍ പോലൂം ജയം അവകാശപ്പെടാന്‍ മുന്നണികള്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. വിമത ശല്യം നേരിട്ടത് പല വാര്‍ഡുകളും മുന്നണികള്‍ക്ക് ചുണ്ടിനും കപ്പിനും ഇടയില്‍ കൈവിട്ടുപോകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സമുദായ നേതാക്കള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, ജനസമ്മതിയുള്ള അദ്ധ്യാപകര്‍ എന്നിങ്ങനെയുള്ളവരാണ് ബിജെപി ടിക്കറ്റ് നല്കി മത്സരിച്ചത്. അതേ സമയം അര്‍ഹതയുള്ളവരെ തഴഞ്ഞായിരുന്നു ഇടതു വലതു മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇത് ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ബിജെപിയുടെ മുന്നേറ്റം ഗ്രാമങ്ങളില്‍ ഇടതിനും നഗരപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനും ക്ഷീണം ഉണ്ടാക്കുമെന്നാണ് മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. കമ്മ്യൂണിസ്റ്റിനും കോണ്‍ഗ്രസിനും മാത്രം പരിചയമുള്ള അടിത്തട്ടിലെ പ്രവര്‍ത്തനത്തിലേക്ക് ഇക്കുറി ബിജെപിയും കടന്ന് ചെന്നുയെന്നത് ശ്രദ്ധേയമാണ്. വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് പാര്‍ട്ടികളുടെ ഭൂരിഭാഗം ബുത്തുകളും ഒഴിഞ്ഞുകിടന്നപ്പോള്‍ രാത്രി ഏറെ വൈകിയും കൂട്ടലും കിഴിക്കലുമായി ബിജെപി ബൂത്തുകള്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ അണികള്‍ പഠിച്ചു എന്നതിനുള്ള തെളിവായാണ് രാഷ്ട്രീയ കേന്ദ്രം വിലയിരുത്തുന്നത്. ഫലപ്രഖ്യാപനം ആശങ്കയോടെ ഇടതുവലതു മുന്നണികള്‍ നോക്കികാണുമ്പോള്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ ഫലപ്രഖ്യാപനം ആഘോഷമാക്കാന്‍ ബിജെപി ക്യാമ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: